Saturday, October 27, 2012

പേജ് 26 (ഗുരുദേവനോടൊപ്പം കഴിഞ്ഞ ദിനങ്ങള്‍)

തൃപ്പാദങ്ങള്‍ വന്ന ദിവസം രാത്രി അദ്ദേഹത്തിന്‍റെ മുറിയില്‍ കാര്‍ ഡ്രൈവറും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല ശൈത്യമുണ്ടായിരുന്നതിനാല്‍ തൃപ്പാദങ്ങളുടെ കട്ടിലിനു സമീപം ചിമ്മിനിയില്‍ ഞാന്‍ തീ കത്തിച്ചു കൊണ്ടിരുന്നു. ഗുരുദേവന്‍ എന്റെ സ്വദേശം എവിടെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ചോദിക്കുകയും ഒരിക്കല്‍ ഓച്ചന്തുരുത്തില്‍ വന്നിട്ടുള്ളതായി പറയുകയും ചെയ്തു. പിന്നീട് ഊട്ടിയെ സംബന്ദ്ധിച്ചുള്ള പലേ വിവരങ്ങളും എന്നോട് ചോദിക്കുകയുണ്ടായി. അതിനു ശേഷം മലയുടെ ഉയരം അറിയുവാനുള്ള ഒരു മാര്‍ഗം പറഞ്ഞു തന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിപ്പോള്‍ എനിക്ക് ശരിക്കും ഓര്‍മയില്ല. 


 നീലഗിരിയിലുള്ള മലയാളികളും തമിഴന്മാരായ സ്ത്രീ പുരുഷന്മാരും ദിവസേന തൃപ്പാദങ്ങളെ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. ഉദ്യോഗസ്ഥരായ ബ്രാഹ്മണരും, നായന്മാരും, തീയന്മാരും, പറയന്മാരും ഒരേ സമയത്ത് ഗുരുദേവ സന്നിധിയില്‍ സംഭാഷണം ചെയ്തു കൊണ്ടിരുന്ന അവസരത്തില്‍ അവരുടെ വേഷം കൊണ്ട് പരസ്പരം തിരിച്ചറിയാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ ജാതി വ്യത്യാസത്തിന്‍റെനിരര്‍ത്ഥതയെപ്പറ്റി തൃപ്പാദങ്ങള്‍ അവരോടു സംസാരിച്ചു. കേരളത്തിലെ പോലെ ജാതി വ്യത്യാസം കൂടുതലായി അന്യ ദേശങ്ങളില്‍ ഇല്ലാത്തതുകൊണ്ട് കേരളത്തിലെപട്ടന്മാരെക്കാളും നായന്മാരെക്കാളും നീലഗിരിയിലെ പട്ടരും നായരും ഉല്‍പ്പനിഷ്ണത്വമുള്ളവരായിരുന്നു. ഗുരുദേവന്‍റെ അഭിപ്രായത്തെ അനുകൂലിച്ചു കൊണ്ട് ഒരു പട്ടര്‍ ഇങ്ങനെ പറഞ്ഞു, "ഇന്ത്യാക്കാര്‍ ജാതിവ്യത്യാസം ഉപേക്ഷിക്കാതിരുന്നാല്‍ മഹാന്മാരായ ആളുകള്‍ ജാതിവ്യത്യാസമില്ലാത്ത മറ്റു നാടുകളിലെ ജനിക്കുകയുള്ളൂ, ഇന്ത്യയില്‍ ജനിക്കുകയില്ല."


"ഹിന്ദുമതം നല്ല മതമാണ്‌, പക്ഷെ അതില്‍ കല്ലും മുള്ളും കിടപ്പുണ്ട്. അവ വാരിക്കളഞ്ഞാല്‍ വളരെ നല്ല മതമാണ്‌ ഹിന്ദുമതം" എന്ന് ആ അവസരത്തില്‍ ഗുരുദേവന്‍ പറയുമ്പോള്‍ ഹിന്ദു മതത്തില്‍ പ്രതിപത്തിയുള്ള ആളുകളായിരുന്നു അവിടെ ഉണ്ടായിരുന്നവരെല്ലാം എന്നത് എടുത്തുപറയേണ്ട ഒന്നാണ്.


പേജ് 25 (ഗുരുദേവന്‍റെ നീലഗിരി സന്ദര്‍ശനം)

മൂന്നാറിലേക്ക് പോയതില്‍ പിന്നീട് വളരെക്കാലം ഗുരുദേവനെ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഒടുവില്‍ 1927 ഒക്ടോബറില്‍ ഞാന്‍ സംഗീത സ്വാമികളൊന്നിച്ചു ഊട്ടിയില്‍ താമസിക്കുമ്പോള്‍ തൃപ്പാദങ്ങള്‍ സപരിവാരം കോയമ്പത്തൂരില്‍ വരികയുണ്ടായി. ഈ വിവരം അറിഞ്ഞ ഉടനെ സംഗീത സ്വാമികള്‍ കോയമ്പത്തൂര്‍ക്കു പോയി. തൃപ്പാദങ്ങളെ നീലഗിരിക്കു കൊണ്ടുവരാമെന്നും അല്ലാത്തപക്ഷം എനിക്കും കോയമ്പത്തൂരില്‍ ചെന്ന് തൃപ്പാദങ്ങളെ സന്ദര്‍ശിക്കാമെന്നും പറഞ്ഞിട്ടാണ് സ്വാമികള്‍ പോയത്. പിന്നീട് നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൃപ്പാദങ്ങളും പരിവാരവും ഊട്ടിയില്‍ വന്നു.

 

കണ്ണൂര്‍ക്കാരനായ കച്ചവടക്കാരന്‍ മി. കുഞ്ഞിരാമന്റെ കെട്ടിടത്തിലായിരുന്നു തൃപ്പാദങ്ങള്‍ വിശ്രമിച്ചിരുന്നത്. പരിവാരങ്ങല്‍ക്കായി സമീപത്തു തന്നെ വേറൊരു കെട്ടിടവും ഏര്‍പ്പെടുത്തിയിരുന്നു. തൃപ്പാദങ്ങള്‍ വന്ന ഉടന്‍ തന്നെ ഞാന്‍ അങ്ങോട്ടു ചെന്നു. ഗുരുദേവന്‍ മുറിയില്‍ ഒരു കട്ടിലിന്മേല്‍ ഇരിക്കുകയായിരുന്നു. സംഗീതസ്വാമികള്‍ അടുത്തു തന്നെ നില്‍ക്കുന്നുണ്ട്. ഞാന്‍ മുറിയില്‍ കയറുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. തൃപ്പാദങ്ങളുടെ മുന്‍പില്‍ വീണു നമസ്കരിച്ചു എഴുന്നേറ്റു ഞാന്‍ ഒരു വശത്തേക്ക് മാറിനിന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഗുരുകുലത്തെ പറ്റിയും നടരാജന്‍ മാസ്റ്ററെ പറ്റിയും ഒക്കെ സംഗീത സ്വാമികളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ സംസാരം നിര്‍ത്തി വാത്സല്യപൂര്‍വ്വം എന്നെ നോക്കി. അപ്പോള്‍ സംഗീത സ്വാമികള്‍ ഞാന്‍ സ്വാമികളോടു കൂടി നില്‍ക്കുന്ന പയ്യനാണെന്നും, മുന്‍പ് ഗുരുകുലത്തില്‍ പഠിച്ചുകൊണ്ടിരുന്നെന്നും ഗുരുദേവനോടായി പറഞ്ഞു. സ്വാമികളുടെ കൈയ്യില്‍ നിന്നും ഒരു മധുര നാരങ്ങ വാങ്ങിച്ചു ഗുരുദേവന്‍ എനിക്ക് തന്നു. അതും പിടിച്ചു കുറെ നേരം കൂടി അവിടെ നിന്ന ശേഷം ഞാന്‍ വെളിയിലേക്ക് പോന്നു. പിന്നീട് പതിനൊന്നു ദിവസം മുഴുവന്‍ ഞാന്‍ തൃപ്പാദങ്ങളുടെയും പരിവാരങ്ങളുടെയും അടുക്കലായി  കഴിച്ചു കൂട്ടി. 



Thursday, October 18, 2012

പേജ് 24 (ആലുവയില്‍ നടന്ന സര്‍വ്വമത മഹാസമ്മേളനം)


ഗുരുദേവനെ വീണ്ടും സന്ദര്‍ശിക്കുവാനുള്ള എന്റെ ആഗ്രഹത്തിന് എന്‍റെ  വിദ്യാര്‍ഥി ജീവിതം ഒരു പ്രതിബന്ധമായിത്തീരാതിരുന്നില്ല. എങ്കിലും നാലഞ്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അതിനു തക്കതായ ഒരവസരം ലഭിച്ചു. 1099 കുംഭം ശിവരാത്രി സംബന്ധിച്ച് ആലുവയില്‍ തൃപ്പാദങ്ങളുടെ നിയോഗമനുസരിച്ചു ഒരു സര്‍വ്വമത മഹാസമ്മേളനം നടത്തുന്നുണ്ടായിരുന്നു. അപ്പോള്‍ സ്കൂള്‍ ഫൈനല്‍ ക്ലാസ്സ്‌ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ ഉപരി പഠനത്തിനായി ഒരു സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സ്വാമി തൃപ്പാദങ്ങളുടെ അടുക്കല്‍ ചെല്ലണമെന്ന് മൂത്ത ജേഷ്ഠന്‍ എന്നെ ഉപദേശിക്കുകയുണ്ടായി. തൃപ്പാദങ്ങളുടെ അടുക്കല്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ടു ചെല്ലുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ സ്വാമികളെ സന്ദര്‍ശിക്കുന്നതിനും സംസാരിക്കുന്നതിനും സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനും മറ്റും എനിക്ക് സാധിക്കുമല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു. എനിക്ക് സ്വാമികളോട് സംസാരിപ്പാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്ത് ജേഷ്ഠന്‍  ഒരു അപേക്ഷാ ഹര്‍ജി എഴുതി തന്നു. സമ്മേളന ദിവസം രാവിലെ ഞാന്‍ ആലുവയില്‍ എത്തി. കുളി മുതലായവ കഴിഞ്ഞു എട്ടു മണിയോട് കൂടി ഞാന്‍ ആശ്രമത്തില്‍ ചെന്നു. തേജോനിധിയായ ഗുരുദേവന്‍ അപ്പോള്‍ ആശ്രമത്തിന്‍റെ  വരാന്തയില്‍ ഇരുന്നുകൊണ്ട് ഒരു അഥിതിയോടു  സംഭാഷണം ചെയ്യുകയായിരുന്നു. കുറെ നേരം ഞാന്‍  തൃപ്പാദങ്ങളുടെ സംഭാഷണവും കേട്ടുകൊണ്ട് നിന്നു. എങ്ങിനെയാണ് സ്വാമികളുടെ അടുക്കല്‍ ചെല്ലുക എന്നുള്ള വിചാരമായിരുന്നു എനിക്ക്. കുറച്ചു കഴിഞ്ഞു ഞാന്‍ ധൈര്യം അവലംബിച്ച് മുന്നോട്ടു ചെന്നു. ഗുരുദേവനെ കുമ്പിട്ടു തൊഴുതുകൊണ്ട് എഴുത്ത് കൊടുത്തു. അത് വാങ്ങിച്ച ശേഷം അതെന്താണെന്ന് എന്നോട് ചോദിച്ചു. ഞാന്‍ വിവരം സംക്ഷിപ്തമായി പറഞ്ഞു. അപ്പോള്‍  തൃപ്പാദങ്ങള്‍ എഴുത്തിന്‍റെ ആവശ്യമൊന്നും  ഉണ്ടായിരുന്നില്ലെന്നും കാര്യം ഉള്ളത് നേരിട്ടു പറഞ്ഞാല്‍ മതിയായിരുന്നുവല്ലോ എന്നും അഭിപ്രായപ്പെട്ടു. എന്നിട്ടു എന്‍റെ അപേക്ഷയെപ്പറ്റി "ആട്ടെ നോക്കാം" എന്ന് കല്‍പ്പിച്ചു മറുപടി നല്‍കി.


അന്നും പിറ്റേദിവസവുമായി മൂന്നു മീറ്റിങ്ങുകള്‍ നടന്നു. അനവധി സന്ദര്‍ശകന്മാരും  ഉണ്ടായിരുന്നു. സമ്മേളനങ്ങള്‍ക്ക് അദ്ധ്യക്ഷം വഹിച്ചത് ജസ്റ്റിസ് സര്‍. ടി. സദാശിവയ്യര്‍ ആയിരുന്നു. ഓരോ പ്രാസംഗികന്മാരും ഓരോ പ്രത്യേക മതത്തെ അല്ലെങ്കില്‍ പ്രസ്ഥാനത്തെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. മഞ്ചേരി രാമയ്യര്‍ (ബുദ്ധമതം), ഋഷിറാം (ആര്യസമാജം), സാധു ശിവ (ബ്രഹ്മസമാജം), മൌലവി (ഇസ്ലാംമതം), കുരുവിള (ക്രിസ്തുമതം), എ. ബി. സേലം (യഹൂദമതം). എന്നീ പ്രാസംഗികന്മാരുടെ പേരുകള്‍ ഓര്‍മയിലുണ്ട്. സമ്മേളനത്തില്‍ തൃപ്പാദങ്ങളും ഇടയ്ക്കിടെ സന്നിഹിതനാകുന്നുണ്ടായിരുന്നു. 


സമ്മേളനങ്ങള്‍ കഴിഞ്ഞതിനു ശേഷം വീണ്ടും ഞാനും ആര്‍. കെ. ദാമോദരനും കൂടി ആശ്രമത്തിലേക്കു ചെന്നു. അവിടെ ഗുരുദേവന്‍ ഒരു ഗൃഹസ്ഥഭക്തനോടു സംഭാഷണം ചെയ്കയായിരുന്നു. ഞങ്ങള്‍ തൃപ്പാദങ്ങളുടെ സംഭാഷണം അതി ഭക്തിയോടും ശ്രദ്ധയോടും കൂടി കേട്ട് നിന്നു. ഒടുവില്‍ എന്നെ നോക്കി ഇപ്രകാരം പറഞ്ഞു, "വര്‍ക്കലയില്‍ ഒരു സ്കൂള്‍ തുറക്കുവാന്‍ പോകുന്നുണ്ട്, അപ്പൊ അവിടെ വരൂ, അവിടെ പഠിക്കാം കേട്ടോ." കുറച്ചു സമയം കൂടി കഴിഞ്ഞിട്ട് മറുപടി പറഞ്ഞിരുന്നുവെങ്കില്‍ അത്രയും സമയം കൂടി അവിടെ നില്‍ക്കാമായിരുന്നല്ലോ എന്ന് വിഷാദിച്ചു തൊഴുതുകൊണ്ട് ഞങ്ങള്‍ മടങ്ങി.  


Saturday, October 6, 2012

പേജ് 23 (ആദ്യ ഗുരുദേവ ദര്‍ശനം)

1923 ല്‍ കാളിക്കുളങ്ങര  എന്ന സ്ഥലത്തുവച്ചായിരുന്നു  ഞാന്‍ ഗുരുദേവനെ ആദ്യമായി ദര്‍ശിച്ചത്. അന്നേ ദിവസം അവിടെ വമ്പിച്ച ഒരു യോഗം കൂടുന്നുണ്ടായിരുന്നു. ഈ ദേശത്തുനിന്നും കുറെ ചെറുപ്പക്കാര്‍ പോകുന്നുണ്ടായിരുന്നു. അവരോടൊപ്പം ഞാനും ഇളയ ജേഷ്ഠനും പോയിരുന്നു. തൃപ്പാദങ്ങള്‍ ഒരു ചെറിയ കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാവരും അടുത്തുചെന്നു. സ്നേഹം മൂര്‍ത്തീകരിച്ച ഒരു യഥാര്‍ത്ഥ യോഗിയെ അവിടെ കണ്ടു. ഞങ്ങള്‍ എല്ലാവരും ഭക്തി പാരവശ്യത്താല്‍ കുറേനേരം നിന്നുപോയി. കുറെ മണിക്കൂറുകള്‍ കഴിഞ്ഞു മഹാ യോഗത്തിന് സമയമായപ്പോള്‍ ഗുരുദേവന്‍ പ്ലാറ്റ്ഫോമിലെ ഒരു കസാലയില്‍ വന്നിരുന്നു. ആ സന്ദര്‍ഭത്തില്‍ ആലുവ അദ്വൈദാശ്രമം വക സംസ്കൃത സ്കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളും അഞ്ചാറു പുലയ യുവാക്കളും ആ തൃപ്പാദ സന്നിധിയില്‍ താണു നമസ്കരിച്ചു. അക്കാലത്ത് ആ ഹാളിലെന്നല്ല ആ പ്രദേശത്തു പോലും ആ സാദുക്കള്‍ക്ക് സഞ്ചാര സ്വാതന്ത്യം ഉണ്ടായിരുന്നില്ല. അവര്‍ തൊഴുതു എഴുന്നേല്‍ക്കുമ്പോഴേക്കും ഗുരുദേവന്‍റെ നയനങ്ങളില്‍ അശ്രുരസം നിറഞ്ഞു. പന്തലില്‍ നിറഞ്ഞിരുന്ന അനേകായിരം ആളുകള്‍ നിശബ്ദരായി ഭക്തിയോടെ ഇരുന്നു. തേവന്‍ എന്ന് പേരായ ഒരു പുലയ യുവാവും മുന്‍ പറഞ്ഞ ചെറുസംഘത്തില്‍ ഉണ്ടായിരുന്നു. തേവനും വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞപ്പോള്‍ ഗുരുദേവന്‍ "തേവന്‍ അല്ല ദേവനാണ് അവര്‍ ദേവന്മാരാണ്, ബാക്കിയുള്ളവരെല്ലാം മനുഷ്യര്‍" എന്ന് കരുണ തുളുമ്പുന്ന സ്വരത്തില്‍ പറഞ്ഞു. ഒരു കാല്‍ മണിക്കൂറോളം അവിടെ ഇരുന്ന ശേഷം ഗുരുദേവന്‍ തിരികെ പോയി. പിന്നീടു  പ്ലാറ്റ് ഫോറത്തില്‍ അദ്ധ്യക്ഷനും മറ്റു പ്രാസംഗികന്മാരും ഉപവിഷ്ടരാവുകയും ക്രമപ്രകാരം യോഗം നടക്കുകയും ചെയ്തു.

സത്യവ്രത സ്വാമികളുടെ അന്നത്തെ പ്രസംഗം ഏതൊരു പാമര ഹൃദയത്തിലും സ്വാമി സന്ദേശം കടന്നുചെല്ലുവാന്‍ പര്യാപ്തമായ ഒന്നായിരുന്നു. മി. കെ അയ്യപ്പന്‍, ബി. എ. ബാഹുലേയന്‍ എന്നിവരും പ്രസംഗിച്ചു. പുലയ യുവാക്കളില്‍ രണ്ടുപേര്‍ പ്രസംഗിച്ചു. അതില്‍ തേവന്‍ എന്ന  യുവാവിന്‍റെ  പ്രസംഗം ഭാഷാശുദ്ധിയില്ലെങ്കിലും സാരസമ്പൂര്‍ണ്ണവും ഫലിത സംമ്മിശ്രവുമായിരുന്നു. 5 മണിക്ക് യോഗം അവസാനിച്ചു. ഞങ്ങള്‍ തൃപാദങ്ങള്‍ വിശ്രമിക്കുന്ന സ്ഥലത്തേക്ക് പോയി. സ്വാമികള്‍ മി. അയ്യപ്പനുമായി ചെറായി വിജ്ഞാനവര്‍ദ്ധിനി യോഗത്തെ   ക്കുറിച്ചു സംസാരിച്ചു കൊണ്ടു  പതുക്കെ നടക്കുകയായിരുന്നു. കുറെ ദൂരം ഞങ്ങളും പിന്നാലെ നടന്നു. സന്ധ്യയ്ക്കു മുന്‍പായി ഞങ്ങള്‍ അവിടെ നിന്നു സ്വഗൃഹങ്ങളിലേക്ക് തിരിച്ചു.  

Thursday, September 6, 2012

പേജ് 22 (നടരാജന്‍ മാസ്റ്റര്‍)

ഗുരുകുലത്തില്‍ വിദ്യാര്‍ത്ഥികളും ഉപാദ്ധ്യാപകന്മാരുമായി  ഇരുപത്തിനാലോളം ആളുകള്‍ ഉണ്ടായിരുന്നു. അവരില്‍ ക്രിസ്ത്യാനി, തിയ്യന്‍, ആദിദ്രാവിഡന്‍, പുലയര്‍, ശാസ്ത്രി, ബ്രാഹ്മണര്‍, നായര്‍ എന്നീ വിവിധ ജാതിമതസ്ഥര്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിമാസം 150ല്‍ ചില്വാനം ഉറുപ്പിക ചിലവുണ്ടായിരുന്ന ആ സ്ഥാപനത്തിന് അതിനടുത്ത വരുമാനം ഉണ്ടായിരുന്നില്ല. ഗവന്മേന്റിനോട് ആവശ്യപ്പെട്ടാല്‍ പ്രതിമാസം ഒരു തുക ഗ്രാന്‍ഡ്‌ കിട്ടുമായിരുന്നു. ആ ഒരു അഭിപ്രായത്തോട് നടരാജന്‍ മാസ്റ്റര്‍ തീരെ യോജിച്ചില്ല. ഗവന്മേന്റ്റ് സഹായം ലഭിച്ചു കൊണ്ടിരുന്നാല്‍ അവരുടെ നിബന്ദ്ധനകള്‍ക്ക് വഴിപ്പെടെണ്ടിവരുമെന്നതിനാലാണ് മാസ്റ്റര്‍ അതിനെ നിരാകരിച്ചത്. തന്മൂലം വളരെ ക്ലേശങ്ങള്‍ കുട്ടികളോടൊപ്പം മാസ്റ്ററും അനുഭവിക്കേണ്ടിവന്നു. ചില സന്ദര്‍ഭങ്ങളില്‍ കുട്ടികളെപ്രോത്സാഹിപ്പിക്കാനായി മാസ്റ്ററും വെള്ളം കോരുക, തീ കത്തിക്കുക തുടങ്ങിയവ ചെയ്യാറുണ്ട്. മടിയന്മാരായ കുട്ടികള്‍ ഇതുകണ്ട് ലജ്ജിച്ചു പശ്ചാത്തപിക്കുകയും ചെയ്യും. വലിയ മാസ്റ്ററെ കഴിഞ്ഞാല്‍ ഗുരുകുലത്തിനു വേണ്ടി അധികം ബുദ്ധിമുട്ടിയിട്ടുള്ള അദ്ധ്യാപകന്മാര്‍ കാര്‍പന്ററി ടീച്ചറും ആര്‍ട്ടിസ്റ്റും ആയിരുന്നു. ഇതില്‍ ആദ്യത്തെയാളും തയ്യല്‍ മാസ്റ്ററും ഈ സന്ദര്‍ഭത്തില്‍ ഗുരുകുലം വിട്ടിരുന്നു. ആഗസ്റ്റ്‌ മാസത്തില്‍ ഗുരുകുലത്തില്‍ നടരാജന്‍ മാസ്റ്ററും ഞാനും മറ്റു രണ്ടുപേരും ഒഴികെ ബാക്കി സകലര്‍ക്കും വസൂരി പിടിപെട്ടു. ഇവരില്‍ രണ്ടുപേര്‍ക്ക് അല്‍പ്പം കഠിനമുള്ളതായിരുന്നു. എല്ലാവരെയും ഹെല്‍ത്ത് ക്യാംപില്‍ കൊണ്ടുപോയി, രണ്ടുമൂന്നാഴ്ച കഴിഞ്ഞപ്പോള്‍ സുഖമായി മടങ്ങിയെത്തി. അധികം താമസിയാതെ രണ്ടു മാസ്റ്റര്‍മാരും എട്ടുപത്തു കുട്ടികളും തങ്ങളുടെ വസതിയിലേക്കു പോയി. അവരില്‍ മിക്കവരും പിന്നീടു  മടങ്ങി വന്നില്ല.

പിറ്റേ മാസത്തില്‍ ആര്‍ട്ടിസ്റ്റു മാസ്റ്റര്‍ ചെറായിക്കു പോയി. അദ്ദേഹവും നടരാജന്‍ മാസ്റ്ററോടു നല്ല രസമില്ലാതെയാണ് പോയത്. എല്ലാവരെയും രഞ്ജിപ്പിച്ചു കൊണ്ടുപോകുന്ന നയം മാസ്റ്റര്‍ക്കില്ലെന്നു പറയാറുണ്ട്‌. മാസ്റ്ററുടെ അഭിപ്രായം  ഓരോ അദ്ധ്യാപര്‍ക്കും വിദ്യാര്‍ത്ഥിക്കും   ഗുരുകുലം തങ്ങളുടെ സ്വന്തമാണെന്നുള്ള ബോധം വേണമെന്നും, അതനുസരിച്ചു നിഷ്ക്കാമമായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതായിരുന്നു. ആരെല്ലാം എത്ര തന്നെ എതിര്‍ത്ത് പറഞ്ഞാലും മാസ്റ്റര്‍ തനിക്കു ശരിയെന്നു തോന്നിയിട്ടുള്ള സംഗതികള്‍ തുറന്നു പറയുകയും അത് നടപ്പിലാക്കാന്‍ അവസാനം വരെ പ്രയത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇപ്പ്രകാരമുള്ള മനോദാര്‍ഡ്യം വളരെ ചുരുക്കം പേരിലെ കണ്ടിട്ടുള്ളൂ.

1926-സെപ്റ്റംബറില്‍ സ്വാമി തൃപാദങ്ങളുടെ എഴുപതാം തിരുനാള്‍, പൂജ അന്നദാനം, മഹായോഗം മുതലായ ചടങ്ങുകളാല്‍ ആഘോഷിക്കപ്പെട്ടു. അടുത്ത മാസാവസാനത്തോടുകൂടി മാസ്റ്റര്‍ തൃപാദങ്ങളുടെ  ആജ്‌ഞാനുസരണം കൊളമ്പില്‍ അദ്ദേഹത്തിന്‍റെ അടുക്കലേക്കു പോയി. ആയവസരത്തില്‍ ഗുരുകുലത്തില്‍ ഹിന്ദി മാസ്റ്ററും ഞാനും മറ്റു 5 കുട്ടികളും മാത്രം ശേഷിച്ചു. ശരിയായ നിയന്ത്രണവും ദിനചര്യയും ഇല്ലാതായിത്തുടങ്ങി. നടരാജന്‍ മാസ്റ്റര്‍ പോകുന്നതിനു മുന്പായി കുറെ ചെറിയ തമിഴ് കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു പ്രാഥമിക പാഠശാല ഗുരുകുലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിന്‍റെ അദ്ധ്യാപകനായി എന്നെയാണ് നിയമിച്ചത്. അത് സാധാരണ സ്കൂള്‍ നടത്തുന്ന രീതിയില്‍ തന്നെയായിരുന്നു നടത്തിവന്നത്.

Thursday, August 16, 2012

പേജ് 21 (ഗുരുകുല സാഹിത്യസമാജം)


ഗുരുകുല സാഹിത്യ സമാജത്തിന്‍റെ സെക്രട്ടറിയായി ആ കൊല്ലം എന്നെ നിയമിച്ചു. അടുത്ത ഏപ്രില്‍ മാസത്തില്‍ സമാജത്തിന്‍റെ രണ്ടാമതു വാര്‍ഷികം കൊണ്ടാടി. അന്നേ ദിവസം ഒരു തേയില സല്‍ക്കാരവും അതിഥികള്‍ക്കു നല്‍കിയിരുന്നു. ഷേക്സ്പിയറുടെ ജൂലിയസ്  സീസറിലെ ഒരു രംഗവും മൃച്ഛകടികത്തിലെ ഒരു രംഗവും അന്ന് ഞങ്ങള്‍ അഭിനയിക്കുകയുണ്ടായി.  ജൂലിയസ് സീസറിലെ ബ്രൂട്ടസിന്‍റെ ഭാഗവും മൃച്ഛകടികത്തില്‍ ഒരു ദ്യുതാകരന്റെ ഭാഗവുമായിരുന്നു ഞാന്‍ അഭിനയിച്ചത്.

ഗുരുദേവന്‍റെ പ്രധാന ശിഷ്യനായ ബോധാനന്ദസ്വാമികള്‍ ആയവസരത്തില്‍ ഗുരുകുലത്തിലുണ്ടായിരുന്നു. സ്വാമികളെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അന്നാണ്. സ്വാമികള്‍ക്ക് കുട്ടികളോടെല്ലാവരോടും വളരെ വാത്സല്യമായിരുന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സ്വാമികള്‍ കൊയമ്പത്തൂരിലേക്ക് പോവുകയും ചെയ്തു.

മെയ്‌ മാസത്തില്‍ ഞങ്ങള്‍ ടിക്കറ്റ് വച്ച് ഊട്ടിയില്‍ ഒരു കലാപരിപാടി നടത്തുകയുണ്ടായി. 1 ഉറുപ്പിക മുതല്‍ 5 ഉറുപ്പിക വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഡാന്‍സ്, കേരളത്തിലെ കഥകളിയുടെ രീതി എന്നീ രണ്ടിനങ്ങളില്‍ ഞാനും ഉണ്ടായിരുന്നു. പ്രസിദ്ധ നടനും കവിയുമായ ശ്രീജിത്ത് ഹരിനാഥ ചാതോപാദ്ധ്യായനും, പത്മിനി കമലാദേവിയും ഞങ്ങളുടെ പരിപാടികളില്‍ ചിലതില്‍ സഹകരിച്ചിരുന്നു. അന്നത്തെ മാന്യന്മാര്‍ അറയ്ക്കല്‍ രാജാവും, തിരുവിതാംകൂര്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവും, അദ്ദേഹത്തിന്‍റെ അന്നത്തെ ഉപാദ്ധ്യായന്‍ മി.സോഡ്മെണ്‍ ഐ. സി. എസ്സും. പത്നിയും അതില്‍ സഹകരിച്ചിരുന്നു.

പിറ്റേ മാസം അതായത് 1929 ജൂണ്‍ 16ന്  ഗുരുകുലത്തിന്റെ തൃതീയ വാര്‍ഷിക മഹാസമ്മേളനം തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ  അദ്ധ്യക്ഷതയില്‍ ഗുരുകുലത്തില്‍ വച്ച് നടത്തുകയുണ്ടായി. സര്‍ സി.വി. രാമസ്വാമി അയ്യര്‍, സര്‍ എ. പി. പത്രോ എന്നിവരും നടരാജന്‍ മാസ്റ്ററും അന്ന് പ്രസംഗിച്ചിരുന്നു. തിരുവിതാംകൂര്‍ ജൂനിയര്‍ മഹാറാണി, കോയിത്തമ്പുരാന്‍, ബോബിലിരാജ മുതലായവരും സന്നിഹിതരായിരുന്നു. ഗുരുകുലത്തിന്റെ ആവശ്യത്തിലേക്ക് പുതുതായി പണിയുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മവും അദ്ധ്യക്ഷന്‍ നിര്‍വഹിച്ചു. ചുരുക്കമായി ടൈപ്പു ചെയ്തു കൊണ്ടുവന്ന അദ്ധ്യക്ഷപ്രസംഗം മഹാരാജാവ് വായിച്ച ശേഷം മറ്റു ചടങ്ങുകളോടെ യോഗം പിരിഞ്ഞു. 

Tuesday, August 7, 2012

പേജ് 20 (ഗുരുകുല വിദ്യാഭ്യാസം )

ഗുരുകുലത്തിലെ ഉപാദ്ധ്യായന്‍മാര്‍ക്കൊന്നും ശമ്പളം ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ ചുരുക്കം ചിലര്‍ ഹോസ്റ്റല്‍ ഫീസ്‌ അഞ്ചും പത്തും ഉറുപ്പിക കൊടുത്തിരുന്നു. ഊട്ടിയിലും കുന്നൂരിലും മറ്റുമുള്ള മാന്യന്മാരുടെ ധനസഹായത്തില്‍ ആയിരുന്നു ആ സ്ഥാപനം നടന്നുകൊണ്ടിരുന്നത്‌. കൂടാതെ വര്‍ഷത്തില്‍ ഒന്നു രണ്ടു പ്രാവശ്യം ഹരികഥാ കാലക്ഷേപം, ഡ്രാമ മുതലായവ കുട്ടികളെ കൊണ്ട് നടത്തിച്ചും ധന സമാഹരണം നടത്തുമായിരുന്നു. ഇതിനു പുറമേ സീസന്‍ കാലങ്ങളില്‍ ഊട്ടിയില്‍ സുഖവാസാര്‍ത്ഥം വന്നിരുന്ന പ്രഭുക്കന്മാരിലും രാജാക്കന്മാരിലും ചിലര്‍ നല്ല നല്ല സംഭാവനകളും ചെയ്തു വന്നിരുന്നു. 

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, ആഹിംസാപരമോധര്‍മ്മ" എന്നീ സന്ദേശങ്ങളാല്‍ അതീതങ്ങളായ പതാകകളാലും, ഗുരുദേവന്റെമനോഹരമായ ഒരു ഛായാപടത്താലുംഅലങ്കരിക്കപ്പെട്ടിരുന്ന ഒരു ഹാളില്‍ ആയിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്. സാധാരണ ഹൈസ്കൂളുകളിലും കോളേജുകളിലും നടന്നിരുന്ന രീതിയിലല്ല, പകരം പ്രാചീന കാലങ്ങളില്‍ ഗുരുകുല സമ്പ്രദായത്തില്‍ നല്‍കി വന്നിരുന്ന വിദ്യാഭ്യാസ രീതിയിലായിരുന്നു ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ഓരോ വിദ്യാര്‍ഥിയും അവനവന്‍റെ ബുദ്ധിക്കുംകഴിവിനും വാസനയ്ക്കും അനുയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത്, അവനവന്‍റെ കഴിവിനനുസരിച്ച് പാഠങ്ങള്‍ അതാതു ഗുരുക്കന്മാരില്‍ നിന്നും അഭ്യസിച്ചു വന്നു. പരീക്ഷയോ ക്ലാസ്സ് കയറ്റം എന്ന സമ്പ്രദായമോ ഒന്നും ഉണ്ടായിരുന്നില്ല. 

ശനിയാഴ്ച ദിവസങ്ങളില്‍ സന്ധ്യയായാല്‍ ഗുരുകുലത്തില്‍ ഭജന നടത്താറുണ്ട്‌. അന്നേ ദിവസം വൈകുന്നേരം ഊട്ടിയില്‍ നിന്നു ഗുരുകുലത്തോട്‌ അനുഭാവമുള്ള മാന്യന്മാരും ചില അവസരങ്ങളില്‍ മഹതികളും സന്നിഹിതരായിരിക്കും. ഒരു മണിക്കൂര്‍ സമയം കൊണ്ട് ഭജന അവസാനിക്കും. അതിനു ശേഷം സകലര്‍ക്കും ലഘുഭക്ഷണം കൊടുക്കും. പിന്നീട് വിദ്യാര്‍ഥികളുടെ വാദപ്രതിവാദങ്ങള്‍ ആയിരിക്കും നടക്കുന്നത്. ചിലയവസരങ്ങളില്‍ ഗുരുകുല ബന്ദ്ധുക്കളും ഞങ്ങളുടെ വാദങ്ങളില്‍ പങ്കു കൊള്ളാറുണ്ട്‌. വാദ വിഷയം അന്നു പകല്‍ തന്നെ നടരാജന്‍ മാസ്റ്റര്‍ ബോര്‍ഡില്‍ എഴുതും. വിദ്യാര്‍ഥികല്‍ രണ്ടു ഭാഗങ്ങള്‍ ആയി പിരിഞ്ഞ് ആ വിഷയത്തെ കുറിച്ച് ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വാദിക്കും. ആ വാദപ്രതിവാദം ചിലപ്പോള്‍ നാലു മണിക്കൂറോളം നീളും. ശനിയാഴ്ച ഉച്ചതിരിഞ്ഞ ശേഷവും ഞായറാഴ്ച മുഴുവനും അനദ്ധ്യായ ദിവസങ്ങള്‍ ആണ്. ഞായറാഴ്ച ഉച്ച തിരിഞ്ഞു ഏതെങ്കിലും വിഷയത്തെ കുറിച്ച് എല്ലാ വിദ്യാര്‍ഥികളുടെയും അദ്ധ്യാപകന്‍മാരുടെയും ശ്ലോകങ്ങള്‍ ഉണ്ടാകും. ചില അവസരങ്ങളില്‍ ഇതിനു പകരം അക്ഷര ശ്ലോകങ്ങള്‍ ആയിരിക്കും നടക്കുന്നത്.

ഗുരുകുലത്തില്‍ വേലക്കാരോ പരിചാരകരോ ഉണ്ടായിരുന്നില്ല. സകല പ്രവൃത്തികളും വിദ്യാര്‍ഥികള്‍ തന്നെയാണ് ചെയ്തു വന്നിരുന്നത്. എന്നുവച്ചാല്‍ ഭരണം മുതല്‍ തൂപ്പുപണി വരെ അവരവര്‍ തന്നെ നിര്‍വഹിച്ചിരുന്നു. ഊട്ടിയില്‍ പോയി അരിയും സാധനങ്ങളും വാങ്ങിച്ചു കൊണ്ടുവരിക, കാട്ടില്‍ പോയി വിറകു വെട്ടിക്കൊണ്ടുവരിക, കായ്കറികള്‍ കൃഷിചെയ്യുക, ഗുരുകുലവും പരിസരവും ശുചിയായി വയ്ക്കുക,  ഊട്ടിയിലും കുന്നൂരിലും അയല്‍ ദേശങ്ങളിലും പോയി പ്രതിമാസത്തുക പിരിക്കുക, മുതലായ കൃത്യങ്ങള്‍ എല്ലാം ഞങ്ങള്‍ തന്നെനിര്‍വഹിച്ചു വന്നിരുന്നു. ഇങ്ങനെ മറ്റുള്ള പ്രവൃത്തികളുടെ ആലസ്യം കൊണ്ട് കുട്ടികള്‍ക്ക് പഠിക്കുവാനും വിശ്രമിക്കുവാനും സൗകര്യംപോരാതെ വന്നു. ഈ കാര്യം ചില മാന്യന്മാര്‍ വലിയ മാസ്റ്ററെ അറിയിക്കുകയും മറ്റു പ്രവൃത്തികള്‍ക്കായി ഒരു ജോലിക്കാരനെ നിയമിക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഗുരുകുല വിദ്യാര്‍ഥികള്‍ നല്ല ത്യാഗികള്‍ ആവണം എന്ന വിചാരക്കാരനായിരുന്നു മാസ്റ്റര്‍. അതുകൊണ്ട് അവര്‍ ചെയ്യേണ്ടതായ പ്രവൃത്തി, തങ്ങള്‍ യജമാനന്മാരാണെന്നുള്ള ഭാവത്തില്‍ മറ്റൊരാളെക്കൊണ്ട് എടുപ്പിക്കുന്നത് ശരിയല്ല എന്നായിരുന്നു മാസ്റ്ററുടെ മറുപടി.

Tuesday, July 31, 2012

പേജ് 19 (ഗുരുകുല വാസം)

ഗുരുകുലത്തില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവിടെ ഒരു മാസ്റ്ററും ഒരു വിദ്യാര്‍ഥിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. നടരാജന്‍ മാസ്റ്ററും മറ്റും ഹരികഥാകാലക്ഷേപവുമായി കിഴക്ക് ദേശങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു. ഒരു പുതിയ വിദ്യാര്‍ഥി കൂടി വന്നിട്ടുള്ള വിവരം അവിടെയുണ്ടായിരുന്ന മാസ്റ്റര്‍ നടരാജന്‍ മാസ്റ്റര്‍ക്ക് എഴുതി. അന്നുമുതല്‍ ഞാന്‍ അവിടെ താമസിക്കുവാന്‍ തുടങ്ങി. കഠിനമായ ശൈത്യമുള്ള മാസങ്ങള്‍ ആയിരുന്നു അത്. നേരം പുലര്‍ന്നു പുറത്തേക്കു നോക്കിയാല്‍ പച്ചപ്പട്ടിന്മേല്‍ പഞ്ചസാര തൂവിയിരിക്കുന്നതുപോലെ പുല്ലില്‍ മഞ്ഞു വീണു  കിടക്കുന്നത് കാണാം. ഏകദേശം പത്തു പതിനൊന്നു മണിയോടു കൂടിയേ മഞ്ഞു നിശ്ശേഷം ഉരുകി തീരുകയുള്ളൂ. വെയിലിനു അക്കാലത്ത് ചൂട് വളരെ കുറവാണ്. ഊട്ടിയില്‍ മൂന്നാറിനെക്കാളും കുനൂരിനെക്കാളും വളരെ ശൈത്യം കൂടുതലാണെങ്കിലും
ഗുരുകുലത്തില്‍ അതിനാവശ്യമായ കമ്പിളി ചെരുപ്പ് മുതലായവ ലഭിച്ചിരുന്നു.

രണ്ടു മാസം കഴിഞ്ഞപ്പോള്‍ കുട്ടികളും, മാസ്റ്റര്‍മാര്‍ ഓരോരുത്തരായും വന്നു തുടങ്ങി. ഏപ്രില്‍ മാസം മുതലാണ്‌ സീസണ്‍ ആരംഭിക്കുന്നത്. അതുമുതല്‍ രണ്ടുമൂന്നു മാസക്കാലത്താണ് നീലഗിരി വാസം സുഖകരമായിട്ടുള്ളത്. മൈസൂര്‍, ഹൈദ്രാബാദ്, ബറോഡ, ജോഡ്പൂര്‍, ജയ്പ്പൂര്‍, വിജയനഗരം, തിരുവിതാംകൂര്‍, കൊച്ചി, കുഞ്ചുബീഹാര്‍ തുടങ്ങി ഇന്ത്യയിലെ മിക്ക രാജാക്കന്മാര്‍ക്കും ഊട്ടിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൊട്ടാരങ്ങളുണ്ട്. സെക്രട്ടറിയെറ്റ് (ഗവര്‍ണ്ണരുടെ ഓഫീസ്) ഈ മൂന്നു മാസങ്ങളിലും മദിരാശിയില്‍ നിന്നു മാറി ഊട്ടിയിലായിരിക്കും. ഈ കാലയളവില്‍ അവിടെ നടക്കുന്ന പല വിനോദങ്ങളില്‍ പ്രധാനമായവ കുതിര പന്തയവും പ്രദര്‍ശനവും ആണ്. ഗവണ്മെന്റ് വകയായി അതിമനോഹരമായ ഒരു തോട്ടമുണ്ട്. അവിടെ വച്ചാണ് പ്രദര്‍ശനം നടത്തുന്നത്. മഞ്ഞുകാലങ്ങളില്‍ അതിശൈത്യമുള്ള ദിവസം വെള്ളം ഉറച്ചു കട്ടിയാകുന്ന പോലെ ഈ അവസരങ്ങളില്‍ ഉണ്ടാവുകയില്ല. അങ്ങനെയുള്ള സീസണിന്റെ ആരംഭത്തില്‍ ആയിരുന്നു മാസ്റ്റര്‍മാരും മറ്റും വന്നത്. ആ സന്ദര്‍ഭത്തില്‍ ഇരുപതോളം കുട്ടികളും നാലഞ്ചു മാസ്റ്റര്‍മാരും ഉണ്ടായിരുന്നു. വലിയ മാസ്റ്ററെ കൂടാതെ ചെറായിക്കാരനായ ഒരു ആര്‍ട്ടിസ്റ്റും ഒരു കാര്‍പന്റ്ടര്‍, വര്‍ക്കലക്കാരനായ ഒരു സംസ്കൃത ശിരോമണി, സബര്‍മതി ആശ്രമത്തില്‍ നിന്നും ഒരു ഹിന്ദു പണ്ഡിതന്‍, തലശ്ശേരിക്കാരനായ ഒരു തുന്നല്‍ മാസ്റ്റര്‍ എന്നിവര്‍ അവിടെ താമസിച്ചു വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരുന്നു. ഇവയ്ക്കു പുറമേ സംഗീതവും പഠിപ്പിക്കുന്നുണ്ടായിരുന്നു.       

‍   

Tuesday, January 3, 2012

പേജ് 18 (അച്ചാലു മുത്തപ്പന്‍റെ കല്ലു ദൈവങ്ങള്‍)

1924-ലാണെന്നു തോന്നുന്നു ഞാനും സി.വി. പരമുവും കൂടി രാത്രി സമയം ഓച്ചന്തുരുത്തില്‍ നിന്നും വരികയായിരുന്നു. ഞങ്ങള്‍ തെക്കന്‍ മാലിപ്പുറത്തു അച്ചാലു മുത്തപ്പന്റെ വീടിനു സമീപത്തെത്തി. അച്ചാലു മുത്തപ്പന് സഹോദര പ്രസ്ഥാനക്കാരായ ഞങ്ങളോട് വലിയ വിരോധമായിരുന്നു. അയാളുടെ അമ്പലത്തില്‍ നടത്താറുള്ള ജന്തു ഹിംസയെയും, നാല്പത്തൊന്നു തുള്ളല്‍ മുതലായവയെയും ഞങ്ങള്‍ കഠിനമായി അധിക്ഷേപിച്ചിരുന്നു. അയാളുടെ വീട്ടു മുറ്റത്തു സ്ഥാപിച്ചിരുന്ന അനേകം കല്ല്‌ ദൈവങ്ങളില്‍ രണ്ടെണ്ണം ഞങ്ങള്‍ ഇരുവരും കയ്യിലെടുത്തു നടന്നു ഞങ്ങള്‍ പുഴക്കരയില്‍ എത്തി. "വളരെക്കാലം വെയിലിലിരുന്നു കഷ്ടപ്പെട്ട ദേവന്‍  ഇനി കുറേക്കാലം വിശ്രമിക്കട്ടെ സ്വാഹ" എന്നു പറഞ്ഞുകൊണ്ട് എന്റെ കൈയ്യിലിരുന്ന ചങ്ങാതിയെ ഞാന്‍ പുഴയിലേക്കെറിഞ്ഞു. "ആട്ടെ താനും ഇവിടെ കിടക്കു" എന്നു പറഞ്ഞു പരമു മറ്റെയാളെയും വെള്ളത്തിലെക്കെറിഞ്ഞു. ശേഷം 'ഞാനേതുമറിഞ്ഞില്ല രാമനാരായണ' എന്ന ഭാവത്തില്‍ ഞങ്ങള്‍ വീട്ടിലേക്കു നടന്നു.

പിറ്റേ ദിവസം ബിംബങ്ങള്‍ രണ്ടെണ്ണം കാണായ്കയാല്‍ മുത്തപ്പന്‍ അന്വേഷണം തുടങ്ങി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ എന്തോ ചില ഊഹാപോഹങ്ങളെ  അടിസ്ഥാനപ്പെടുത്തി നിരപരാധികളായ നാലാളുടെ പേരില്‍ അച്ചാലു മുത്തപ്പന്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് ഹര്‍ജി അയച്ചു. പക്ഷെ അതിനു യാതൊരു തെളിവും ഇല്ലാതെ കിടന്നു.  

ഒരു ദിവസം ഞങ്ങളുടെ ഉറ്റ സ്നേഹിതന്‍ എന്നു വിചാരിച്ചു വന്നിരുന്ന ചന്തപറമ്പില്‍ ബേറിഡിനോട് ഈ സംഗതിയെപ്പറ്റി   സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവ എടുത്തു കളഞ്ഞവരെ പറ്റി അറിയാമോ എന്ന് എന്നോടും കാട്ടുപാടം പത്മനാഭനോടും ചോദിച്ചു. സ്നേഹിതനെന്ന നിലയില്‍ പത്മനാഭന്‍ അയാളോട് വാസ്തവം പറഞ്ഞു. പക്ഷെ പിന്നീട് ബേറിഡിന്റെ   അറിവോടും സമ്മതത്തോടും കൂടി രണ്ടാമതൊരു ഹര്‍ജി   എന്റെയും പരമുവിന്റെയും പ്രായം ചെന്നവരായ മറ്റു നാലാളുകളുടെയും പേരില്‍ അച്ചാലു മുത്തപ്പന്‍ അയച്ചു. ഞങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി അയാള്‍ പോലീസ് ഉദ്ധ്യോഗസ്ഥന്‍മാര്‍ക്ക് ധാരാളം കൈക്കൂലി കൊടുത്തു കൊണ്ടിരുന്നു.  പോലീസുദ്ധ്യോഗസ്ഥന്‍മാര്‍ ഇതെപ്പറ്റി അന്വേഷിക്കുകയും രണ്ടുമൂന്നു തവണ ഞങ്ങളോട് ചോദിക്കുകയും ചെയ്തു. ഒടുവില്‍ ഞങ്ങള്‍ ആറുപേരില്‍ വച്ച് അധികം പ്രായമുണ്ടായിരുന്ന കൊച്ചുകൃഷ്ണന്‍ ബാലനെ വിളിച്ചു ഞങ്ങള്‍ നില്‍ക്കുമ്പോള്‍ ഉപദേശിക്കുകയാണ്  ഇന്‍സ്പെക്ടര്‍ ചെയ്തത്. മുത്തപ്പനു  താന്‍ വിചാരിച്ചതുപോലെ കാര്യം സാധിക്കാതായതില്‍ ഞങ്ങളോടുള്ള വൈര്യം കുറേക്കൂടി വര്‍ദ്ധിച്ചു. പോരെങ്കില്‍ അതുകഴിഞ്ഞ ഉടനെ മൂത്ത ജേഷ്ടന്‍ "മഠപതിയുടെ മനോഗതം" എന്ന ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തി. അതില്‍ മുത്തപ്പന്റെ ദൈവങ്ങളെയും മുത്തപ്പനെയും   പരോക്ഷമായി ആക്ഷേപിച്ചിരുന്നു. അതു പ്രസിദ്ധപ്പെടുത്തിയ ശേഷം മുന്‍പത്തെതിലും കൂടുതല്‍ ശുണ്ഠിയെടുത്തെങ്കിലും യാതൊരു തെളിവുമില്ലാത്തതിനാല്‍ അയാള്‍ അടങ്ങിയൊതുങ്ങി ഇരുന്നു. അതിനു ശേഷം ഞാന്‍ മൂന്നാറിലേക്ക് പോരുകയും ചെയ്തു.
  

Friday, December 23, 2011

പേജ് 17 (തീണ്ടലിന്‍റെ വികൃത മുഖങ്ങളും മിശ്രഭോജനവും)

എന്‍റെ ഗുരുകുല വാസത്തെപ്പറ്റി എഴുതുന്നതിനു മുന്‍പായി അതുവരെയുള്ള എന്‍റെ ജീവിതത്തിലെ വേറൊരു ഭാഗം ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്.

എനിക്ക് ഏകദേശം നാല് വയസ്സ് പ്രായം ഉണ്ടായിരുന്നപ്പോള്‍ ഒരു ദിവസം ഞാന്‍ എന്‍റെ അമ്മൂമ്മയോട് (അച്ഛന്‍റെ ഇളയമ്മ) കൂടി സന്ധ്യാ സമയത്ത് വീട്ടിലേക്കു വരികയായിരുന്നു. വഴിയില്‍ വച്ച് ഒരു കണക്കത്തി എന്റെ അരികില്‍ കൂടി കടന്നുപോയി. അവര്‍ അകന്നു പോകാതിരുന്നത് കൊണ്ട് അമ്മൂമ്മ അവരെ വളരെ ശകാരിക്കുകയും വീട്ടില്‍ വന്ന ഉടനെ എന്റെ കുപ്പായം അഴിച്ചു വെള്ളത്തിലിടുകയും ചെയ്തു. ഈ സംഗതി അച്ഛന്‍ അറിഞ്ഞപ്പോള്‍ അമ്മൂമ്മയെ ശകാരിക്കുകയാണ് ചെയ്തത്. അച്ഛന് തീണ്ടലും ജാതി വ്യത്യാസവും ഇല്ലായിരുന്നു. ആ കാലത്ത് പുലയന്മാര്‍ക്കും മറ്റും ഇവിടുത്തെ വെട്ടു വഴിയില്‍ കൂടി സഞ്ചരിച്ചു കൂടായിരുന്നു. കണക്കത്തി അടുത്തുകൂടി പോയിട്ട് എനിക്കൊന്നും ഉണ്ടായില്ലല്ലോ പിന്നെ എന്തിനാണ് എന്‍റെ ഉടുപ്പ് അമ്മൂമ്മ നനച്ചു കളഞ്ഞത് എന്ന് ഞാന്‍ ചോദിച്ചതിനു 'അവള് എന്റെ മോനെ തീണ്ടിയില്ലേ' എന്നായിരുന്നു വൃദ്ധയുടെ ഉത്തരം. അന്നായിരുന്നു തീണ്ടലിന്‍റെ വികൃത വേഷങ്ങളില്‍ ഒന്ന് ഞാന്‍ ആദ്യമായി കണ്ടത്.  

1917- ല്‍ ആണെന്ന് തോന്നുന്നു സഹോദര സംഘം ആരംഭിച്ചത്. അതിനു ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വിവാഹപ്പന്തലില്‍ വച്ച് മൂത്ത അമ്മാവനും കാട്ടുപാടത്തെ കൃഷ്ണന്‍ വൈദ്യനും കൂടി മിശ്ര ഭോജനത്തെയും മി. അയ്യപ്പന്‍. ബി. ഏ യേയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുകയായിരുന്നു. പുലയന്‍ ആശുദ്ധിയുള്ള മനുഷ്യനാകയാല്‍ അവനോടു കൂടിയുള്ള സഹഭോജനം  നിന്ദ്യമാണെന്നായിരുന്നു അമ്മാവന്റെ അഭിപ്രായം. പുലയന്‍ ശുചിയുള്ളവന്‍ ആയിരുന്നാല്‍ എന്തുകൊണ്ട് അവനോടു കൂടി സഹഭോജനം ചെയ്തുകൂടാ എന്നും ഈഴവന്‍ ആശുചിയുള്ളവന്‍ ആയിരുന്നാലും എന്തുകൊണ്ട് അവനോടു കൂടി സഹഭോജനം ചെയ്യുന്നുവെന്നും ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ഇപ്രകാരമുള്ള എന്‍റെ അഭിപ്രായം ബലപ്പെട്ടു വന്നു. 1923-ല്‍ ഓച്ചന്തുരുത്തില്‍ വച്ച് നടന്ന ഒരു മിശ്ര ഭോജനത്തില്‍ ഞാനും സഹകരിച്ചു. ഈ ദേശത്ത് അത് ആദ്യമായിട്ട് നടക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് അടുത്ത ആഴ്ചയും അവിടെ ഒരു മിശ്രഭോജനം നടത്തി. വൈപ്പിന്‍ നിന്നും മൂത്ത ജേഷ്ടനും, സി. വി. പരമുവും ഞാനും ഉണ്ടായിരുന്നു. ഭക്ഷണാനന്തരം  സ്വാമി തൃപ്പാദങ്ങളുടെ  ഏകജാതി സന്ദേശത്തെ കുറിച്ച് മി.എം.കെ.നാരായണനും   മറ്റും പ്രസംഗിക്കുകയുണ്ടായി. അങ്ങനെ ആ സമ്മേളനവും അവസാനിച്ചു. പിന്നീട് ഭ്രഷ്ട് കാരുടെ വേലയായിരുന്നു നടന്നത്. അവരെ ഭയപ്പെട്ടു ആദ്യമാദ്യം ഞങ്ങളെ ശകാരിച്ചിരുന്ന അമ്മാവന്‍ പിന്നീട് ഞങ്ങളുടെ അഭിപ്രായത്തോട് യോജിക്കുകയാണ് ചെയ്തത്. ഈ നാട്ടിലുള്ള ഈഴവ കുടുംബങ്ങള്‍ മിക്കതും ഞങ്ങളുടെ അടിയന്തിരങ്ങളില്‍ സഹകരിക്കാതെയും അവരുടെതിനു ഞങ്ങളെ ക്ഷണിക്കാതെയുമിരുന്നു. സഹോദര പ്രസ്ഥാനക്കാര്‍ കൊച്ചിയിലും വടക്കും ഭാഗത്ത്‌ കുറേശ്ശെയായിട്ടെങ്കിലും ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ അടിയന്തിരങ്ങള്‍ എല്ലാം ഭംഗിയായി തന്നെ നടന്നു. വിശുദ്ധ കക്ഷികള്‍ ആയിരുന്ന യഥാസ്ഥിതിക്കാര്‍ക്ക് ഞങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കുന്നതില്‍ വിരോധമില്ലെന്നുള്ള സ്ഥിതിയുണ്ടാകാന്‍ പിന്നീട് എട്ടുപത്ത് കൊല്ലങ്ങളോളം വേണ്ടിവന്നു.

ആ അവസരങ്ങളില്‍ ഗുരുദേവന്റെ മഹാ സന്ദേശവാഹകരായിരുന്ന പരേതനായ സത്യവ്രത സ്വാമികള്‍, അയ്യപ്പന്‍ മാസ്റ്റര്‍ മുതലായവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എത്ര ദൂര സ്ഥലങ്ങളിലും ഞാന്‍ പോയ്ക്കൊണ്ടേ ഇരുന്നു. മീറ്റിങ്ങുകള്‍ മിക്കവാറും സ്കൂള്‍ ഒഴിവു ദിവസങ്ങളില്‍ ആയിരുന്നു. അതിനാല്‍ ആ ഒരു സൗകര്യം കൂടിയുണ്ടായിരുന്നു. അവരുടെ പ്രസംഗങ്ങള്‍ ഞാന്‍ ആദ്യമായി കേട്ടത് കൊച്ചിയില്‍ സിനിമാ ഹാളില്‍ വച്ചായിരുന്നു. 1922- ല്‍ മഹാകവി കുമാരനാശാന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു ആ മഹായോഗം നടന്നത്. കുമാരനാശാനെ ആദ്യമായും അവസാനമായും ഞാന്‍ കണ്ടത് അന്നാണ്. (ആ സംഗമം കഴിഞ്ഞു ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് സ്വതന്ത്ര ചിന്തകനായ ആ മഹാ കവി നിര്യാതനായി.) ആ സദസില്‍ സുപ്രസിദ്ധ വാഗ്മികളായ സ്വാമി ശിവപ്രസാദ, സ്വാമി സത്യവ്രതന്‍, മി.ടി.കെ.മാധവന്‍ എന്നിവരും പ്രാസംഗികന്മാരായിരുന്നു. മി.കെ.അയ്യപ്പന്‍, കവി തിലകന്‍, കെ.പി.കറുപ്പന്‍, പാഴാടന്‍അച്ചു എന്നിവരും അന്നത്തെ പ്രാസംഗികരില്‍ ഉള്‍പ്പെട്ടിരുന്നു. കൊച്ചി തിരുമല ദേവസ്വം ഹൈസ്കൂളില്‍ അഹിന്ദു വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രവേശനം  ഉണ്ടായിരിക്കെ ഈഴവാദി സമുദായക്കാര്‍ക്ക് പ്രവേശനം  ഇല്ലാത്തതിനെപ്പറ്റി ആക്ഷേപിക്കുകയായിരുന്നു മീറ്റിംഗ് കൂടിയതിന്റെ ഉദ്ദേശങ്ങളില്‍ ഒന്ന്. അന്നത്തെ യോഗം മംഗളകരമായി പര്യവസാനിച്ചു. അവരുടെ പ്രസംഗങ്ങള്‍ പിന്നീട് പല അവസരങ്ങളിലും കേള്‍ക്കുവാന്‍ ഞാന്‍ പോയിരുന്നു.

Thursday, December 22, 2011

പേജ് 16 (വഴിത്തിരിവ്.)

നാലാം ദിവസം എനിക്കവലംബമായിരുന്ന മരക്കഷണം ജലാശയത്തില്‍ താണു പോകുകയാണ് ചെയ്തത്. കടയില്‍ കച്ചവടം കുറവായതുകൊണ്ട് ഒരാള്‍മാത്രം മതിയെന്ന് കടയുടെ ഉടമസ്ഥന്‍ പറഞ്ഞു. അത് ശരിയായിരുന്നുതാനും. അങ്ങനെ ഞാന്‍ അവിടുന്നു വിടേണ്ടി വന്നു.  എന്നില്‍ ശേഷിച്ച ധൈര്യവും അസ്തമിച്ചു. ഇതിനിടയില്‍ ഞാന്‍ ആദ്യം താമസിച്ചിരുന്ന ഹോട്ടലില്‍ ദിവസേന പോയി എനിക്ക് മണിയോര്‍ വന്നിട്ടുണ്ടോ എന്നന്വേഷിക്കുക പതിവായിരുന്നു. ആര് പണമയക്കുവാന്‍ ! ഒരു ദിവസം ഞാന്‍ അവിടെ ചെന്നപ്പോള്‍ എനിക്കൊരു കമ്പി വന്നിട്ടുണ്ടെന്ന് പറഞ്ഞു ഹോട്ടല്‍കാരന്‍ ഏറെ കൈവശം ഒരു കവര്‍ തന്നു. ഞാന്‍ കവര്‍ തുറന്നു ഇങ്ങനെ വായിച്ചു. "ഗോപാലപിള്ള നിങ്ങള്‍ക്ക് പണം തരുവാനില്ലെന്നു പറയുന്നു, എന്ന് മാട്ടുപ്പെട്ടി ടെലിഗ്രാഫ് മാസ്റ്റര്‍."  എന്തുകൊണ്ടോ എനിക്കതു വായിച്ചിട്ട് യാതൊരു വികാരവും തോന്നിയില്ല. 

മൌണ്ട് റോസിലില്‍ മി. കരുവാന്‍ എന്ന ഒരു മലയാളിയുടെ കട ഉള്ളതായി അറിഞ്ഞ ഞാന്‍ അങ്ങോട്ട്‌ തിരിച്ചു. ഊട്ടിയില്‍ ഗുരുകുലം എന്ന ഒരു സ്ഥാപനം ഉണ്ടെന്നും അവിടെ പോയാല്‍ രക്ഷപ്പെടുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ശ്രീനാരായണ ഗുരുകുലത്തെയും അതിന്റെ സ്ഥാപകനായ മി. നടരാജനെയും പറ്റി ഞാന്‍ അതിനും മുന്‍പേ കേട്ടറിഞ്ഞിരുന്നു. ഞാന്‍ ഗുരുകുലത്തില്‍ ചേരുവാനുള്ള ഹേതു മി. കരുവാന്റെ അഭിപ്രായമായിരുന്നു. മരക്കഷണം കൈയ്യില്‍ നിന്നും പോയി അധികം താമസിയാതെ അരികില്‍ കണ്ട വഞ്ചിയില്‍ കയറി രക്ഷപ്പെടുവാന്‍ എനിക്ക് സംഗതിയായി.

എന്റെ കൈവശം ഉണ്ടായിരുന്ന മൂന്നണയുമായി ഞാന്‍ തീവണ്ടി സ്റ്റേഷനിലേക്ക് നടന്നു. സമയം വൈകുന്നേരം 6 മണിയായി. ഊട്ടിക്കു പോകുന്ന ഒടുവിലത്തെ വണ്ടിയായിരുന്നു അത്. കുനൂരില്‍ നിന്നും ഊട്ടിയിലേക്ക് ഒന്‍പതു അണയും ചില്വാനും ആയിരുന്നു ചാര്‍ജ്. ഞാന്‍ വണ്ടിയിലെ ഗാര്‍ഡിനോട് വിവരം പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ജോലിക്കായി അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു, അങ്ങനെ അദ്ദേഹത്തിനും എന്നോട് ദയ തോന്നിയിരുന്നു. ആ അവസരത്തില്‍ ടിക്കറ്റ്‌ കൂടാതെ ഊട്ടിയില്‍ എത്തിച്ചു തരാമെന്നു അദ്ദേഹം പറഞ്ഞു. രാത്രി ഏഴു മണിയോടുകൂടി തണുത്തു വിറച്ചു കൊണ്ട് ഞാന്‍ ഊട്ടി റെയില്‍വേ പ്ലാറ്റ്ഫോ‍മില്‍ ഇറങ്ങി. ദയാശീലനായ ആ ഗാര്‍ഡ് എന്നെ സ്റ്റേഷന്റെ മറുഭാഗത്ത്‌ കൊണ്ട് വിട്ടു. ഞാന്‍ അവിടെ നിന്നും ഒരു മലയാളിയുടെ ഹോട്ടലിലേക്ക് നടന്നു. അവിടങ്ങളില്‍ ഹോട്ടലും ചായക്കടകളും  അധികവും മലയാളികളുടെതായിരുന്നു. ഊണ് കഴിക്കാന്‍ പണം ഇല്ലാതിരുന്നത് കൊണ്ട് അന്ന് കാപ്പി മാത്രം കുടിച്ചു കൊണ്ട് ഞാനാ ഹോട്ടലില്‍ കിടന്നു. പിറ്റേന്നു രാവിലെ തന്നെ ഞാന്‍ ഫേറണ്‍ ശില്പില്‍ ഉള്ള ഗുരുകുലത്തിലേക്ക് പുറപ്പെട്ടു. ആ സ്ഥലം ഊട്ടിയില്‍ നിന്നും ഒരു നാഴിക അകലെയാണ്. എന്റെ അതുവരെയുള്ള സകല ക്ലേശങ്ങളും അവസാനിപ്പിച്ചതായ ആ മഹത് സ്ഥാപനത്തില്‍ ഞാന്‍ 1926 ജനുവരി 16 നു കാലത്ത് 10 മണിക്ക് എത്തിച്ചേര്‍ന്നു.

പേജ് 15 (ദുഷ് ചിന്ത)

അവിടെയുള്ള ആറ്റിന്‍കരയില്‍ പോയി, ഒരു കല്ലിന്മേല്‍ ഇരുന്നുകൊണ്ട് ഞാന്‍ ഇപ്രകാരം ചിന്തിക്കുവാന്‍ തുടങ്ങി. 'മാട്ടുപ്പെട്ടിയിലേക്ക് കമ്പി അടിച്ചിട്ട് മറുപടിയോ പണമോ വന്നു ചേര്‍ന്നില്ല. കേശവന്‍ ജേഷ്ടന് പണത്തിനായി ഒരു എഴുത്തയച്ചാലോ, അല്ലെങ്കില്‍ വേണ്ട, അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ടാല്‍ തരുമെങ്കിലും ഇനിയും  ബുദ്ധിമുട്ടിക്കേണ്ട, ഞാന്‍ നീലഗിരിക്ക് വരുന്നു എന്ന് അദ്ദേഹത്തെ അറിയിച്ചില്ലല്ലോ. വെലുപിള്ളയ്ക്ക് കൊട്ടഗിരിയില്‍ എത്തുവാന്‍ പണമില്ലാത്തതിനാല്‍ എന്നെ കൂട്ട് പിടിച്ചതാകുമോ, അയാള്‍ എന്നെപ്പറ്റി  ഇപ്പോള്‍ അന്വേഷിക്കുന്നു കൂടിയില്ലല്ലോ.. അല്ലെങ്കില്‍ ഞാന്‍ എന്തിനു മറ്റുള്ളവരെ പഴിക്കണം, ശരിയായ പരിചയവും വിശ്വാസവും ഇല്ലാത്ത ആളുടെ കൂടെ പുറപ്പെട്ടതു തന്നെ ശരിയായില്ല. കൂടെ ഉന്നം നോക്കാതെ വെടി വയ്ക്കുന്ന ആളെ പോലെ യാതൊരു ഉദ്ദേശവും ഇല്ലാതെ ഒരന്യന്റെ വാക്കില്‍ വിശ്വസിച്ചു. അയാളെ കൂട്ടി പരിചയമില്ലാത്ത ദേശത്ത് വന്നിട്ട് ഇതില്‍ വലുതായ ഒരാപത്താണ് വന്നതെങ്കിലോ.. എന്റെ കഷ്ടകാലത്തിനാണ് ഞാന്‍ നീലഗിരിയില്‍ വന്നത്. ഞാന്‍ ഈ നിലയില്‍ ജീവിച്ചിട്ട് എന്താണൊരു കാര്യം? വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ, അന്യര്‍ക്കോ, എനിക്ക് തന്നെയോ യാതൊരു ഉപകാരവും ഞാന്‍ മൂലം ഇല്ലല്ലോ.. മാത്രമല്ല എന്നെക്കൊണ്ടു മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടും ഭാരവും ആയിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. കൈവശമുള്ള പണം തീര്‍ന്നിട്ട് മൂന്നുനാല് ദിവസമായി. ആ കാണുന്ന കുന്നിനു മുകളിലുള്ള മരങ്ങളില്‍ ഒന്നില്‍ ചെന്ന് എന്റെ സകല ദുഖങ്ങളും അവസാനിപ്പിച്ചാലെന്താ.. ആത്മഹത്യ പാപമാണെന്നു പറയുന്നവര്‍ ഇതുപോലെ കഷ്ടത അനുഭവിക്കാഞ്ഞിട്ടാണ്.' 

എന്റെ വിചാരം ഈ നിലയില്‍ എത്തിയപ്പോള്‍ തീവണ്ടിയുടെ ചൂളം വിളി എന്റെ ചിന്തയ്ക്ക് വിരാമമിട്ടു. തീവണ്ടികളുടെയും, മോട്ടോര്‍ വണ്ടികളുടെയും, ജനങ്ങളുടെയും ആരവം  മനോരാജ്യത്തിലായിരുന്നതിനാല്‍ കേള്‍ക്കാതിരുന്നത്‌ ഞാന്‍ മനസിലാക്കി. ഉടനെ എന്റെ മനസ് ഇപ്രകാരം എനിക്ക് സമാധാനം നല്‍കി. 

'ഇത്ര ബഹളമുള്ള ഈ പട്ടണത്തില്‍ കലക്ടര്‍ ഉദ്യോഗം മുതല്‍ തോട്ടിപണി വരെയുള്ള വിവിധ പ്രവര്‍ത്തികള്‍ ചെയ്തു ജനങ്ങള്‍ സുഖമായി ജീവിക്കുന്നു. എനിക്കൊരാള്‍ക്ക് മാത്രം ജോലിയെടുത്തു ജീവിക്കുവാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ക്ക് ധീര ധീരം പോരാടിയ വീര സന്താനങ്ങള്‍ ഈ പുണ്യ ഭൂമിയിലുണ്ട്. അവരുടെയെല്ലാം ജീവിതം എനിക്ക് ആശയും ആശ്വാസവും നല്‍കുന്നില്ലേ.. ഞാന്‍ മരിക്കണമെങ്കില്‍ എന്തുകൊണ്ട് ഒരു നല്ല കാര്യത്തിനു വേണ്ടി മരിച്ചുകൂടാ..' 

ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു പട്ടണത്തിലേക്ക് നടന്നു. മനസ് എനിക്ക് ധൈര്യം നല്‍കിയെങ്കിലും വയറു അത് നല്‍കിയില്ല. ഞാന്‍ ഒരു ചെറിയ ചായക്കടയില്‍ ചെന്നു. ആ അവസരങ്ങളില്‍ തമിഴ് സംസാരിക്കാന്‍ നല്ല വശമില്ലാതിരുന്നതിനാല്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആണ് സംസാരിച്ചിരുന്നത്. ആ ചായക്കടക്കാരന്‍ ഇംഗ്ലീഷ് അറിയാവുന്ന ഒരു യുവാവായിരുന്നു. അദ്ദേഹത്തിനു ഏതോ ഒരു കമ്പനിയില്‍ ക്ലാര്‍ക്ക് ജോലി ഉണ്ടായിരുന്നു. എന്റെ അപേക്ഷ പ്രകാരം അദ്ദേഹം എന്നെ ആ കടയില്‍ ഒരു വേലക്കാരനായി എടുത്തു. ഞങ്ങള്‍ രണ്ടു പേരെ അവിടെ ജോലിക്കാരായി ഉണ്ടായിരുന്നുള്ളൂ.. എന്റെ സ്ഥിതിഗതികള്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് സഹതപിക്കുകയും കൂടുതല്‍ മമത കാണിക്കുകയും ചെയ്തു. എനിക്കവിടെ ബുദ്ധിമുട്ടുള്ള യാതൊരു ജോലിയും ചെയ്യേണ്ടി വന്നില്ല. വേണ്ടിവന്നാല്‍ എന്ത് ജോലിയും ചെയ്യാന്‍ ഞാന്‍ സന്നദ്ധനായിരുന്നു. നീന്തലറിയാതെ ജലാശയത്തില്‍ അകപ്പെട്ടുപോയ ഒരാള്‍ക്ക്‌ മരക്കഷണം കിട്ടിയാലുണ്ടാകുന്നതു പോലെയുള്ള സന്തോഷത്തോടു കൂടി മൂന്നു ദിവസം ഞാന്‍ ആ കടയില്‍ താമസിച്ചു. 
                                                  

പേജ് 14 (ജോലി അന്വേഷണം തുടരുന്നു)

അതിരാവിലെ കുനൂരില്‍ നിന്നും പുറപ്പെട്ട തീവണ്ടിയുടെ ചൂളം വിളി കേട്ട് ഞാന്‍ ഉറക്കമുണര്‍ന്നു. കാപ്പി കുടി കഴിഞ്ഞശേഷം കമ്പിയാപ്പീസില്‍ പോയി വേലുപ്പിള്ള പറഞ്ഞ പ്രകാരം  മാട്ടുപെട്ട ഗോപാല പിള്ളയ്ക്ക് കമ്പി അയച്ച മണിയോഡറിനായി  കാത്തിരുന്നു. എന്റെ കൈവശം ഉണ്ടായിരുന്ന ബാക്കി ഒരു റുപ്പിക കൊണ്ട് ഞാന്‍ മൂന്നു ദിവസം കഴിച്ചു. ഈ ദിവസങ്ങളില്‍ പകല്‍ സമയം മുഴുവന്‍ ജോലിക്കായി അലഞ്ഞു നടന്നു. സന്ധ്യക്ക്‌ മാത്രം ഹോട്ടലില്‍ വന്നു ഊണ് കഴിക്കും. കീഴ് പ്രദേശങ്ങളിലെ പോലെ ശൈത്യ പ്രദേശങ്ങളില്‍ പച്ചവെള്ളത്തില്‍ കുളിക്കാന്‍ നിവര്‍ത്തിയില്ല. എനിക്ക് വെള്ളം ചൂടാക്കി കിട്ടാനും വഴിയില്ല. അതുകൊണ്ട് കുളിയും ബുദ്ധിമുട്ടിലായി. ഒരു ദിവസം നല്ല വെയിലുള്ളപ്പോള്‍ ഞാന്‍ ആറ്റില്‍ ചെന്ന് വസ്ത്രങ്ങള്‍ തിരുമി കുളിച്ചു. 

ഈ ദിവസത്തിനുള്ളില്‍ കുനൂരിലുള്ള ചില മലയാളികളെയും രണ്ടുമൂന്നു തമിഴന്മാരെയും എനിക്ക് പരിചയമായി. അവരെല്ലാം എന്റെ സ്ഥിതിയില്‍ അനുശോചിച്ചു. ഒരു മലയാളി സഹോദരന്‍ ഒരു പ്രാവശ്യം ആ ഹോട്ടലില്‍ നിന്നും കാപ്പി പലഹാരങ്ങള്‍ വാങ്ങി തന്ന ശേഷം എനിക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ അദ്ദേഹത്തിന്‍റെ കണക്കില്‍ തരുവാന്‍ ഹോട്ടല്‍ കാരനെ ഏല്‍പ്പിച്ചുവെങ്കിലും പിന്നീടൊരിക്കലും ആ അനുകമ്പശാലിയെ ബുദ്ധിമുട്ടിക്കാന്‍ എനിക്ക് മനസുവന്നില്ല. 

കൊച്ചിയില്‍ ഉള്ളതുപോലെ വലിയ കമ്പനിയൊന്നും ആ ദേശത്തില്ല. അവിടെ മിക്ക സ്ഥലങ്ങളിലും പ്രവര്‍ത്തി അന്വേഷിച്ചു കിട്ടാതായപ്പോള്‍ ഞാന്‍ ഒരു തയ്യല്‍ കടയില്‍ ചെന്ന് ഒരു ജോലി ആവശ്യപ്പെട്ടു. ഉടമസ്ഥന്‍  തയ്ക്കാനായി വെട്ടിയ ഒരു ഷര്‍ട്ട്‌ എനിക്ക് തന്നു. ഞാന്‍ വേഗം സിങ്കര്‍ മിഷീന്റെ അടുക്കല്‍  പോയിരുന്നു തയ്ക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ കൈയ്യില്‍ നോക്കി എനിക്ക് തയിക്കുവാന്‍ നല്ല പരിചയമില്ലെന്ന് അഭിപ്രായപ്പെട്ടു. പിന്നീട് രണ്ടണ എടുത്തു തന്നിട്ട് പോയ്ക്കോളുവാന്‍ പറഞ്ഞു. 

കുനൂര്‍ സ്പെന്‍സര്‍ ആന്‍ഡ്‌ കമ്പനിയിലേക്കും അരവന്‍കാട്  കോര്‍ഡൈറ്റ് ഫാക്റ്ററിയിലേക്കും പോകുന്ന ഓരോ മലയാളി ക്ലാര്‍ക്കുമ്മാരെ എനിക്ക് പരിചയമായിരുന്നു. അവര്‍ക്ക് എന്നില്‍ കൂടുതല്‍ സഹതാപം ഉണ്ടായിരുന്നു. എനിക്ക് ടൈപ്പ്റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്‍ഡ്, ബൂക്കീപ്പിംഗ് മുതലായ വിഷയങ്ങള്‍ അറിയാമോ എന്ന് ചോദിച്ചു. ഇതില്‍ യാതൊന്നും അറിയില്ല എന്ന വാസ്തവം ഞാന്‍ അവരെ അറിയിച്ചു. എന്നാല്‍ എനിക്ക് പ്രവര്‍ത്തി കിട്ടുവാന്‍ വളരെ വിഷമമുണ്ട് എന്നവര്‍ അഭിപ്രായപ്പെട്ടു.  

ഈ അഭിപ്രായം തെറ്റല്ലന്നു എനിക്കറിയാം. ആ വിഷയങ്ങള്‍ ഒരു ക്ലാര്‍ക്ക് അറിഞ്ഞിരിക്കേണ്ടതാണ്. അതറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നീലഗിരിക്ക്  വരുകയോ ഈ വിധം കഷ്ടപ്പെടുകയോ ചെയ്യേണ്ടി വരില്ലായിരുന്നു. കൊച്ചിയില്‍ തന്നെയോ അല്ലെങ്കില്‍ മൂന്നാറിലോ എനിക്ക് തീര്‍ച്ചയായും തക്കതായ ജോലി കിട്ടുമായിരുന്നു. (പിന്നീട് ഇവ ശീലമാക്കാന്‍ കുറെ കൊല്ലങ്ങള്‍ വേണ്ടിവന്നു. ഷോര്‍ട്ട് ഹാന്‍ഡില്‍ ഇതുവരെ നേരായ പരിശീലനം കിട്ടിയില്ലെന്ന് വേണം പറയാന്‍.)


പേജ് 13 (ജോലി തേടിയുള്ള അലച്ചില്‍)

വേലുപ്പിള്ളയുടെ സ്നേഹിതനെ ഞങ്ങള്‍ കണ്ടുമുട്ടി. അദ്ദേഹം അവിടുത്തെ ഒരു മോട്ടോര്‍ ബസ്സ് സര്‍വ്വീസ് കമ്പനിയിലെ ഫോര്‍മാന്‍ ആയിരുന്നു. മൂന്നാറില്‍ വച്ച് ഇദ്ദേഹത്തെ ഞാനും കണ്ടിട്ടുണ്ട്. അദ്ദേഹം ഞങ്ങള്‍ക്കിരുവര്‍ക്കും അന്ന് രാത്രിഉണ്ണാനും താമസിക്കുവാനും ഒരു മലയാളി ഹോട്ടല്‍ ഏര്‍പ്പാടു ചെയ്തു. വേലുപ്പിള്ള അദ്ദേഹത്തോട് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അവരുടെ മോട്ടോര്‍ കമ്പനിയില്‍ എന്തെങ്കിലും ജോലി തരണം എന്നപേക്ഷിച്ചു. അതിനു മറുപടിയായി വേലുപ്പിള്ളയ്ക്ക് ജോലി കൊടുക്കാമെന്നും എനിക്ക് തരുവാന്‍ ജോലിയൊന്നും ഇല്ലെന്നും പറഞ്ഞു. ഞങ്ങള്‍ വീണ്ടും താഴ്മയായി അപേക്ഷിച്ചു എങ്കിലും 'എന്ത് ചെയ്യാം ജോലിയില്ല' എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചത്. രണ്ടു ദിവസം ഞങ്ങള്‍ അവിടെ താമസിച്ചു. ഞങ്ങള്‍ക്കുള്ള ചെലവ് ഫോര്‍മാനാണ് വഹിച്ചത്. ഒരാള്‍ക്ക്‌ ഒരു  രൂപയോളം ഒരു ദിവസം ചെലവ് വരും. മൂന്നാം ദിവസം ഉച്ച തിരിഞ്ഞു ഞാന്‍ ആ പട്ടണം വിടാന്‍ നിര്‍ബന്ധിതനായി. എനിക്ക് പ്രവര്‍ത്തി കിട്ടാതിരുന്നാല്‍ എനിക്കെത്ര മനസ്ഥാപമുണ്ടാകുമോ അത്രതന്നെമനസ്ഥാപം വേലുപ്പിള്ളക്കും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

വേലുപ്പിള്ള ഏകദേശം 35 വയസ്സ് തോന്നിക്കുന്ന നല്ല കായന്ബലവും തന്റേടവും ഉള്ള ആളായിരുന്നു.  ഞാന്‍ കൊട്ടഗിരിയില്‍ നിന്നും കുനൂര്‍ക്ക് പോകാന്‍ തീര്‍ച്ചയാക്കി ഹോട്ടലില്‍ നിന്നും പുറപ്പെടുമ്പോള്‍  വേലുപ്പിള്ളയും എന്റെ പിന്നാലെ വന്നു. എന്നെധൈര്യപ്പെടുത്തുവാനായി  വളരെ സാന്ത്വനങ്ങള്‍ പറഞ്ഞു. എന്റെ കൈവശം അപ്പോള്‍ 1 ക. 12 അണ ഉണ്ടായിരുന്നു. അതില്‍ നിന്നും 2 അണ ചിലവാക്കി മാട്ടുപ്പെട്ടിയിലുള്ള ഒരു സ്നേഹിതനായ ഗോപാലപിള്ളയ്ക്ക് അഞ്ചു റുപ്പിക ഉടനെ അയച്ചു തരണമെന്ന് കാണിച്ചു ഒരു കമ്പി അടിക്കമെന്നും അദ്ദേഹം പണം അയച്ചു തരുമെന്നും വേലുപ്പിള്ള പറഞ്ഞു. ഒടുവില്‍  ഞങ്ങള്‍ പിരിയുന്ന അവസരത്തില്‍ വേലുപ്പിള്ള വ്യസന ഭാവത്തില്‍ ഇപ്രകാരം പറഞ്ഞു. "നിങ്ങളുടെ പ്രാപ്തിക്കുവും ചെറു പ്രായവും ആണ് എന്നെ കൂടുതല്‍ വ്യസനിപ്പിക്കുന്നത്. നിങ്ങള്‍ ഒരിക്കലും നിരാശപ്പെടരുത്. കുനൂരില്‍ എന്തെങ്കിലും   ജോലി കിട്ടുവാനായി പരിശ്രമിക്കണം എന്നാല്‍ കഴിയുന്ന വിധത്തില്‍ ഞാന്‍ അന്വേഷിക്കാം." അതിനു മറുപടിയായി ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തി അന്വേഷിച്ചു എടുക്കുമെന്നും അതെപറ്റി വ്യസനിക്കേണ്ടെന്നും ഒരു വിധത്തില്‍ ധൈര്യം അവലംബിച്ചു വേലുപ്പിള്ളയോടു പറഞ്ഞു കൊട്ടഗിരിയില്‍ നിന്നും ഏകാന്തനായി ഇറങ്ങി.

യാതൊരു പരിചയവും ഇല്ലാത്ത നാട്. അപരിചിതരായ ജനങ്ങള്‍, പ്രവര്‍ത്തി കിട്ടാനുള്ള വൈഷമ്യം, പണമില്ലാതിരിക്കുന്ന അവസ്ഥ, ഞാന്‍ ഏകനായി പോയല്ലോ എന്നുള്ള വിചാരം ഇവയെല്ലാം ഒരേ സമയത്ത് എന്റെ മനസിനെ ബാധിച്ചു. ഈ വിചാരങ്ങള്‍ എല്ലാം താങ്ങുവാന്‍ എന്റെ മനസ് ശക്തമായതിനാല്‍ അവ ബാഷ്പ രൂപത്തില്‍ ബഹിര്‍ഗ്ഗമിക്കുവാന്‍ തുടങ്ങി. ക്രമേണ സാന്ത്വനങ്ങളാകുന്ന രണ്ടുമൂന്നു ദീര്‍ഘ നിശ്വാസങ്ങള്‍ അവയ്ക്ക് പൂര്‍ണ്ണ വിരാമമിട്ടു. പിന്നെ ഞാന്‍ ധൈര്യപ്പെട്ടു ഒരു യുവാവിന്റെ ഉന്മേഷത്തോടു കൂടി കുനൂര്‍ പട്ടണത്തെ ലക്ഷ്യമാക്കിക്കൊണ്ട്‌ നടന്നു തുടങ്ങി. കുറെ ദൂരം നടന്നപ്പോള്‍ ഒരു പഥികനെ കണ്ടുമുട്ടി. അദ്ദേഹവും കുനൂരില്‍ പോകേണ്ട ആളായിരുന്നു. ചോദിച്ചതില്‍ അദ്ദേഹം ഒരു വക്കീലാണെന്നും ഒരു കേസുവിചാരണയ്ക്ക് വേണ്ടി കൊട്ടഗിരിയില്‍ വന്നതാണെന്നും എന്നോട് പറഞ്ഞു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം   എന്റെ തല്ക്കാലസ്ഥിതി അദ്ദേഹത്തെ ധരിപ്പിച്ചു. കുറെ ദിവസങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിനു ഒരു ഗുമസ്ഥനെ വേണ്ടിവരുമെന്നും അങ്ങനെ വരുന്ന പക്ഷം എന്നെ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ സംബന്ധിച്ച് പലതും സംസാരിച്ചു ഞങ്ങള്‍  കുനൂരിലെത്തി. ഞാന്‍ മുന്‍പ് താമസിച്ചിരുന്ന ഹോട്ടലിലേക്കും അദ്ദേഹം  വേറെ വഴിക്കും തിരിഞ്ഞു.


അപ്പോള്‍ സമയം ആറു മണിയാവണം. അന്ന് രാത്രി ഞാന്‍ അവിടെ കിടന്നു. ജനുവരി മാസമായതിനാല്‍ നല്ല തണുപ്പ് ഉണ്ടായിരുന്നു. എന്‍റെ കൈവശം ഖദറിന്റെ തടിച്ച സാലുവല്ലാതെ കമ്പിളിയോ രോമത്തിന്റെ കുപ്പായമോ ഉണ്ടായിരുന്നില്ല. എന്‍റെ സകല ഭാവിയും ദൈവത്തിങ്കല്‍ സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. യാത്രാക്ലേശം ധാരാളം ഉണ്ടായിരുന്നതിനാല്‍ വേഗത്തില്‍ നിദ്രാധീനനായി.

Wednesday, December 21, 2011

പേജ് 12 (കൊട്ടഗിരിയിലെക്കുള്ള യാത്ര.)

മൂന്നാറില്‍ ജോലി അന്വേഷിച്ചുകൊണ്ടു താമസിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. പ്രവൃത്തി ഇല്ലാതിരിക്കുന്ന അവസരത്തില്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് ഒരു ശല്യമായി തീരുമല്ലോ എന്നുള്ള വിചാരമാണ് പ്രധാനമായി എന്നെ അതില്‍ നിന്നും വിരമിപ്പിച്ചത്. തിരുവല്ലാക്കാരന്‍ വേലുപിള്ള എന്നൊരാള്‍ എനിക്ക് പരിചയക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിനു കൊട്ടഗിരിയില്‍ ഒരു പരിചയക്കാരന്‍ ഉണ്ടെന്നും അവിടെ ചെന്നാല്‍ എന്തെങ്കിലും ജോലി കിട്ടുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ ക്രിസ്തുമസ് കഴിഞ്ഞ ഉടനെ ഞങ്ങള്‍ മൂന്നാര്‍ വിട്ടു.

പുറപ്പെടുമ്പോള്‍ എന്റെ കൈവശം 20ക. ഉണ്ടായിരുന്നു. ഞങ്ങളിരുവരും കോതമംഗലം വഴി ആലുവായ്ക്കു തിരിച്ചു. പുറപ്പെട്ടതിന്റെ നാലാം നാള്‍ വൈകുന്നേരം ഞങ്ങള്‍ ആലുവയില്‍ എത്തി.  മൂന്നാറിലേക്ക് പോയ അനുഭവം മടക്കത്തിലും ഉണ്ടായി എന്നു തന്നെ പറയാം. ആലുവയില്‍ നിന്നും പിറ്റേന്ന് രാവിലെ വടക്കോട്ട്‌ പുറപ്പെട്ടു. തീവണ്ടിയില്‍ ഞാന്‍ ആദ്യമായി ദൂര യാത്ര ചെയ്യുന്നത് അന്നാണ്. (അതിനു മുന്‍പ് ഒന്ന് രണ്ടു തവണ എറണാകുളത്ത് നിന്നും ആലുവായ്ക്കു പോയിട്ടുണ്ട്. 1913- ലാണ് ആദ്യമായി തീവണ്ടി കാണുന്നതും കയറുന്നതും. അന്ന് തീവണ്ടി എത്ര കൌതുകകരമായാണ് എനിക്ക് തോന്നിയത്!) ഉദ്ദേശം രണ്ടു മണിക്ക് ഞങ്ങള്‍ കോയമ്പത്തൂരില്‍ എത്തി. അവിടെ നിന്നും അപ്പോള്‍ മെട്ടുപ്പാളയത്തേക്ക് വണ്ടിയില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ കോയമ്പത്തൂര്‍ പട്ടണം ഒന്ന് ചുറ്റി കണ്ടു. അഞ്ചു മണിയോട് കൂടി മേട്ടുപ്പാളയത്തേക്ക് വണ്ടി കിട്ടി. അവിടെ നിന്നും പിറ്റേ ദിവസം പ്രഭാതത്തില്‍ നീലഗിരിക്കു പുറപ്പെടുന്ന വണ്ടിയില്‍ കയറി. ഉച്ചയ്ക്ക് മുന്‍പായി ഞങ്ങള്‍ ഊട്ടിയില്‍ എത്തി.

നീലഗിരിയുടെ തലസ്ഥാന പട്ടണമായ ഊട്ടിയുടെ മനോഹാരിത കണ്ടു സന്തോഷിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഊട്ടിയില്‍ ചെന്നിട്ടാണ് ഞങ്ങള്‍ കൊട്ടഗിരിക്കുള്ള വഴി അന്വേഷിച്ചത്. ഊട്ടിയില്‍ നിന്നും കോട്ട ഗിരിക്ക് നേരെ വഴിയില്ലെന്നും കുന്നൂരിലേക്ക് മടങ്ങി ചെന്നിട്ടു വേണ്ടം കൊട്ടഗിരിക്കു പോകാനെന്നും ഞങ്ങള്‍ അപ്പോളെ അറിഞ്ഞുള്ളൂ.. ഞങ്ങളുടെ പണം മുക്കാല്‍ ഭാഗവും തീര്‍ന്നു. ഉച്ചയ്ക്ക് കുറച്ചു ലഘു ഭക്ഷണവും കഴിച്ചു ഞങ്ങള്‍ കുന്നൂര്‍ക്ക് മടങ്ങി. അന്ന് രാത്രി ഒരു ഹോട്ടലില്‍ താമസിച്ചു. അവിടെ ഒരാള്‍ക്ക്‌ ഊണ് കഴിക്കുന്നതിനു 6 അണയാണ് നിരക്ക്. പിറ്റേ ദിവസം കാലത്ത് കാപ്പി കുടി കഴിഞ്ഞു ഞങ്ങള്‍ കൊട്ടഗിരിക്കു പുറപ്പെട്ടു. ധനദൌര്‍ലഭ്യം മൂലം കാല്‍നടയായിട്ടായിരുന്നു പുറപ്പെട്ടത്‌. ഏകദേശം നാല് മണിയോടെ വിശന്നും ക്ഷീണിച്ചും ഞങ്ങള്‍ കൊട്ടഗിരിയില്‍ എത്തി. 

പേജ് 11 (ആദ്യ ജോലി)

പിറ്റേ ദിവസം കാലത്ത് ഒന്‍പതു മണിക്ക് മുന്‍പായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ദൂരം കുറഞ്ഞു കുറഞ്ഞു വരും തോറും ഞങ്ങളുടെ ക്ഷീണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ഉദ്ദേശം പതിനൊന്നു മണിയോടെ ഞങ്ങള്‍ മൂന്നാറിലെത്തി. ഞങ്ങള്‍ക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ ഒരു വലിയ പട്ടണമായിരുന്നില്ല മൂന്നാര്‍. ഇപ്പോള്‍ (പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു.) മൂന്നാര്‍ അന്നത്തെക്കാളും അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. 

"ഹല്ലോ മിസ്റ്റര്‍" എന്ന് സുപരിചിതമായ ഒരു ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മി. വാസു എന്‍റെ പിന്നില്‍ നില്‍ക്കുന്നതാണ് കണ്ടത്. അല്പം കഴിഞ്ഞപ്പോള്‍ മി. സി.വി.കേശവനെയുംകണ്ടു. ഞങ്ങളെല്ലാവരും അവരുടെ വസതിയില്‍ പോയി ഭക്ഷണവും മറ്റും കഴിഞ്ഞു വിശ്രമിച്ചു. തലേദിവസം മുതല്‍ ഞങ്ങള്‍ക്ക് തണുപ്പു തോന്നുവാന്‍ തുടങ്ങിയിരുന്നു. ക്രമേണ ആ സ്ഥലത്തെ ശീതോഷ്ണ സ്ഥിതി മറ്റുള്ളവര്‍ക്കെന്ന പോലെ ഞങ്ങള്‍ക്കും ഹിതകരമായി. 

ഞാന്‍ മൂന്നാറില്‍ ജോലി അന്വേഷിച്ചു കൊണ്ട് കേശവന്‍ ജേഷ്ടന്റെയും വാസുവിന്‍റെയും വീടുകളില്‍ മാറി മാറി താമസിച്ചുകൊണ്ടിരുന്നു. മേയ് മാസം ഒന്നാം തിയ്യതി ഒരു കോണ്‍ട്രാക്ടറുടെക്ലാര്‍ക്കായി എന്നെ നിയമിച്ചു.  കോണ്‍ട്രാക്ടര്‍ ഒരു നിരക്ഷരനും മദ്യപാനിയും എന്നാല്‍ ആദ്യമൊക്കെഔദാര്യമുള്ളവനും ദയയുള്ളവനുമായിരുന്നു. പിന്നീട് ധനം വദ്ധിക്കും  തോറും അയാളുടെ  ഗര്‍വവും  വര്‍ദ്ധിച്ചു കൊണ്ടിരുന്നു. ഒപ്പം ഔദാര്യവും ദയയും ഒക്കെ താനേ കുറഞ്ഞും വന്നു. ഡിസംബര്‍ മാസം വരെ അയാളുടെ കൂടെ പ്രവൃത്തിയെടുത്തു. ഇതിനിടയില്‍ ചില അവസരങ്ങളില്‍ അയാള്‍ എന്നെ വളരെയധികം ആക്ഷേപിക്കുകയും ചീത്ത പറയുകയും മറ്റു ചില അവസരങ്ങളില്‍ നല്ല വാക്കുകള്‍ പറയുകയുംശമ്പളത്തിനു പുറമേ എന്തെങ്കിലും തരികയുംചെയ്തിരുന്നു. അയാളുടെ അടുക്കല്‍ ജോലിചെയ്യുന്നത് എനിക്കിഷ്ടമുണ്ടായിരുന്നില്ല എങ്കിലുംമറ്റൊന്നും ലഭ്യമാകാത്തതിനാല്‍ കുറച്ചു നാള്‍ അത് തന്നെ തുടരുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

Sunday, December 18, 2011

പേജ് 10 (ആദ്യ ജീവിത പാഠം )

വിദ്യാഭ്യാസം മതിയാക്കി വീട്ടില്‍ ഇരുന്ന ഞാന്‍ ഒരു ജോലി അന്വേഷിച്ചു അന്ജെട്ടു മാസം കഴിച്ചുകൂട്ടിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ആ അവസരത്തില്‍ എന്റെ ഒരു ഉറ്റ സ്നേഹിതനായ മി. സി. ജി. വാസു, അദ്ദേഹത്തിന്‍റെ അച്ഛന്‍ ഗോവിന്ദന്‍ ബാലന്‍, മി.സി.വി. കേശവന്‍ മുതലായവരോടൊപ്പം മൂന്നാറില്‍ ജോലിചെയ്തു താമസിക്കുകയായിരുന്നു. വാസുവിന്‍റെ അഭിപ്രായ പ്രകാരം ഞാനും മൂന്നാറില്‍ പോകാന്‍ തീര്‍ച്ചയാക്കി. വീട്ടില്‍ എല്ലാവരുടെയും അനുവാദപ്രകാരം 1925  ഏപ്രില്‍ മാസത്തില്‍ അയ്യപ്പന്‍ എന്ന വേറൊരാളും ഞാനും കൂടി മൂന്നാറിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് മുന്‍പായി ബസ്സു വഴി പെരുമ്പാവൂര്‍ എത്തി. ഞങ്ങള്‍ ഇരുവരും ഭക്ഷണം കഴിച്ചു സ്വല്പം വിശ്രമിച്ച ശേഷം കാളവണ്ടി പിടിച്ചു കോതമംഗലത്തേക്ക് പുറപ്പെട്ടു. സന്ധ്യക്ക്‌ മുന്‍പായി ഞങ്ങള്‍   കോതമംഗലത്തെത്തി. അന്ന് രാത്രി അവിടെ താമസിച്ച ശേഷം പിറ്റേ ദിവസം കാല്‍നടയായി മൂന്നാറിലേക്ക് പുറപ്പെടുവാന്‍ യാത്ര തുടര്‍ന്നു. ആ അവസരത്തില്‍ ചങ്ങനാശ്ശേരിക്കാരായ രണ്ടു പേരും കൂടി ഞങ്ങളോടോരുമിച്ചു. അങ്ങനെ ഞങ്ങള്‍ നാല് പേരും കൂടി പുറപ്പെട്ടു.

പത്തുമണിയായപ്പോള്‍ തട്ടേക്കാട്‌ എന്ന സ്ഥലത്തെത്തി. അവിടെ ഒരു ആറ് കടക്കേണ്ടതുണ്ടായിരുന്നു. ആറ്റിനക്കരെ എത്തിയപ്പോള്‍ മാത്രമാണ് ഞങ്ങളുടെ ശേഷമുള്ള യാത്ര വനങ്ങളിലും മലകളിലും കൂടിയാണെന്ന് മനസിലായത്. കാടും മലകളും ഞാന്‍ ആദ്യമായി കാണുന്നത് അന്നാണ്. അതുകൊണ്ട് ആദ്യമാദ്യം യാത്ര എനിക്ക് വളരെ കൌതുകകരമായി തോന്നി. എന്നാല്‍ രണ്ടു മൂന്നു മണിക്കൂര്‍ നടന്നപ്പോള്‍ വെയിലിന്റെ കാഠിന്യം കൊണ്ടും മല കയറാനുള്ള വിഷമം കൊണ്ടും ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടു. 1924 ലെ വെള്ളപ്പൊക്കം മൂലം അവിടുത്തെ റോഡുകള്‍ എല്ലാം പോയ്‌പ്പോയതിനാല്‍ ഞങ്ങളുടെ ബുദ്ധിമുട്ടു കുറെക്കൂടി  വര്‍ദ്ധിച്ചു. ഏകദേശം ഒരുമണി കഴിഞ്ഞപ്പോള്‍ ഒന്ന് രണ്ടു ചെറിയ കടകള്‍ വഴിയരുകില്‍ കണ്ടു. അവിടെ കയറി ദാഹം ശമിപ്പിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ഏകദേശം ആറുമണിയോടുകൂടി 'പിണ്ടിമേട്‌ ' എന്ന സ്ഥലത്തെത്തി. അവിടെ തീപ്പെട്ടി കമ്പനിയുടെ ഒരു ശാഖ ഉണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടുകാര്‍ക്ക് അവിടെ പരിചയക്കാരുണ്ടായിരുന്നതിനാല്‍ അന്ന് രാത്രി ഞങ്ങള്‍ അവരോടോന്നിച്ചു താമസിച്ചു. പിറ്റേന്ന് രാവിലെ എന്തോ ചില ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ ഇരുവരും മൂന്നാം ദിവസത്തെ യാത്ര തുടര്‍ന്നു. ഞങ്ങളുടെ തലേന്നാളത്തെ കൂട്ടുകാര്‍ തീപ്പട്ടി കമ്പനിയില്‍ വന്നവരാകയാല്‍ അവര്‍ അവിടെ തന്നെ തങ്ങി. ഞങ്ങള്‍ പിന്നെയും മൂന്നുമൈല്‍ നടന്നപ്പോള്‍ കഞ്ചിയാര്‍ എന്ന സ്ഥലത്ത് വച്ച് വഴി പരിചയമുള്ള ഒരു കൂട്ടുകാരനെ കിട്ടി. അന്ന് ഉച്ചയായപ്പോള്‍ പെരുബാംകുന്ന് എന്ന സ്ഥലത്തെത്തി. അവിടുന്ന് കാപ്പി കഴിച്ചു സ്വല്‍പ്പം വിശ്രമിച്ച ശേഷം യാത്ര തുടര്‍ന്നു. കുറെ ദൂരം പോയപ്പോള്‍ എനിക്ക് നടക്കാനുള്ള ബുദ്ധിമുട്ട് അധികരിച്ചു. തലേ ദിവസത്തെ നടപ്പുകൊണ്ടും വിശക്കുമ്പോള്‍ ആഹാരം കഴിക്കാന്‍ സാധിക്കാത്തതുകൊണ്ടും ഞാന്‍ വല്ലാതെ വലഞ്ഞു. പിന്നെയും കുറെ ദൂരം നടന്നു ഞങ്ങള്‍ നാലഞ്ചു മെയില്‍ ദൂരമെത്തി. കൈവശം പണമുണ്ടെങ്കിലും ആ കാട്ടില്‍ എവിടുന്നു ഭക്ഷണം കിട്ടാന്‍! വളരെ ദൂരം പോയാലേ വല്ല ഉണക്ക കടകളെങ്കിലും കാണുകയുള്ളൂ.. ദാഹത്തിനു ശുദ്ധജലം പോലും കിട്ടാതെയായി. ചില സ്ഥലത്ത് പാതയരികില്‍ കൂടി ജലം ഒഴുകുന്നുണ്ടെങ്കിലും അത് കുടിച്ചാല്‍ മലമ്പനി പിടിക്കുമെന്ന് അനുഭവസ്ഥര്‍ പലരും പറഞ്ഞിരുന്നതിനാല്‍ ആദ്യം കുടിച്ചില്ല. പക്ഷെ പിന്നീട് കുറെ ദൂരം ചെന്നപ്പോള്‍ ദാഹം അസഹ്യമായി. ഒരടി മുന്നോട്ടു വയ്ക്കാന്‍ വയ്യാത്ത നിലയിലായപ്പോള്‍ വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങള്‍ വയറു നിറയെ ആ ജലം കുടിച്ചു തൃപ്തിപ്പെട്ടു. വഴിയരുകിലുള്ള വൃക്ഷങ്ങളില്‍ കാട്ടു  കുരങ്ങുകളും, കുറുക്കന്‍, കാട്ടാടുകള്‍ മുതലായ വന്യ മൃഗങ്ങളും  സ്വച്ഛന്ദം വിഹരിക്കുന്നത് ഞങ്ങള്‍ കണ്ടു. സ്വല്പം അകലെയായി കാട്ടാനകള്‍ ഈറ്റക്കൂട്ടം ഓടിക്കുന്ന ശബ്ദം കേട്ടു പേടിച്ച് ഞങ്ങള്‍ വളരെ വേഗത്തില്‍ അവിടം വിട്ടു.  ഓരോ ഫെര്‍ലോങ്ങ് കുറ്റിയും മൈല്‍ക്കുറ്റിയും  എണ്ണിയെണ്ണി ഞങ്ങള്‍ ആറാം മൈലിലുള്ള ഒരു സത്രത്തില്‍ എത്തി. അപ്പൊ സമയം അന്ജുമണി ആയിരുന്നു. അവിടെനിന്നും മൂന്നാറിലേക്ക് ആറുമെയില്‍ മാത്രമേ ഉള്ളൂ. അന്നുതന്നെ നടന്നു മൂന്നാറിലെത്താമെന്നു മറ്റുള്ളവര്‍ പറഞ്ഞെങ്കിലും എന്റെ വൈഷമ്യം കൊണ്ട് അന്ന് രാത്രി അവിടെ താമസിക്കുവാന്‍ തീര്‍ച്ചയാക്കി. 

ഞങ്ങള്‍ പെരുമ്പങ്കുത്തില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നിരുന്ന കുറെ അരി എന്‍റെ കൂട്ടുകാരന്‍ പാചകം ചെയ്തു. അതിനാവശ്യമായ ഒന്ന് രണ്ടു പാത്രങ്ങള്‍ സത്രത്തില്‍ ഉണ്ടായിരുന്നവര്‍ തന്നു. അന്ന് ആ ചെറിയ സത്രത്തില്‍ പത്തിരുപതു യാത്രക്കാര്‍ ഉണ്ടായിരുന്നു. സത്രത്തിനടുത്തുള്ള ഒരു ചെറിയ വൈക്കോല്‍ ഷെഡില്‍ ആയിരുന്നു ഞങ്ങളുടെ പാചകമുറിയും ശയന മുറിയും. കുറെ പുളിയും ഉപ്പും മുളകും ചേര്‍ത്ത് അരച്ച ചട്ണി ആയിരുന്നു ചോറിനു കറി. അത് കൂട്ടി ഞങ്ങള്‍ അത്താഴം സുഖമായി കഴിച്ചു. ഒരു പഴയ പായയായിരുന്നു ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി കിട്ടിയത്, പക്ഷെ ആ അനന്തശയനം ഞങ്ങള്‍ക്ക് വളരെ സുഖകരമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ അന്ന് രാത്രി കഴിച്ചതുപോലെ രുചികരമായ ഭക്ഷണവും ആ രാത്രിയിലെ പോലെ സുഖനിദ്രയും എന്‍റെ ജീവിതത്തില്‍ ഇതേ വരെ എനിക്ക് ലഭിച്ചിട്ടില്ല. "സുഖം" ഏതെങ്കിലും ഒരു പദാര്‍ത്ഥത്തില്‍ നിന്നല്ല കിട്ടുന്നത് അത് നാം തന്നെ ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന് എനിക്കനുഭവപ്പെട്ടു. അതുകൊണ്ട് ഒരാളുടെ സുഖത്തിനും ദുഃഖത്തിനും അയാള്‍ തന്നെയാണ് കാരണഭൂദന്‍.

Friday, December 16, 2011

പേജ് 9 (കോപ്പിയടി)

ഞാന്‍ രണ്ടാം ഫോറത്തില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ വിവരിക്കാമെന്നു കരുതുന്നു... ഒരു പരീക്ഷക്കാലം, മിക്ക പരീക്ഷകളും തീര്‍ന്നു. അവയെല്ലാം ഞാന്‍ ഒരു വിധം നന്നായി എഴുതിയിട്ടുണ്ടായിരുന്നു. ഭൂമിശാസ്ത്രത്തിന്റെ ദിവസമായിരുന്നു അന്ന്. ഞാന്‍ ഭൂമിശാസ്ത്രം നന്നായി പഠിച്ചിട്ടുണ്ടായിരുന്നില്ല, ഞാന്‍ പഠിക്കാത്തതും, പരീക്ഷയ്ക്ക് ഉണ്ടായേക്കാവുന്നതുമായ ഒരു ചെറിയ ഭാഗം സ്കൂളില്‍ പോകുന്ന വഴിക്ക് പഠിക്കാമെന്ന ഉദ്ദേശത്തോടുകൂടി ഒരു കഷ്ണം കടലാസില്‍ എഴുതി എടുത്തു. കടത്തു വഞ്ചിയില്‍ വച്ച് മൂന്നുനാലാവര്‍ത്തി വായിച്ചുവെങ്കിലും മനപാഠമായില്ല. സ്കൂളില്‍ എത്തി അധികം താമസിയാതെ മണിയും അടിച്ചു. ആ കടലാസുകഷ്ണം കളയാമെന്നു ആദ്യം കരുതി എങ്കിലും ആ ചോദ്യം വന്നാല്‍ നോക്കി എഴുതാമെന്ന ഉദ്ദേശത്തില്‍ ഞാന്‍ അത് മടക്കി കീശയിലിട്ടുകൊണ്ട് പരീക്ഷ സ്ഥലത്തു പോയി ഇരുന്നു. പരീക്ഷയ്ക്ക് കോപ്പി ചെയ്യുന്നതു  തെറ്റാണെന്നും അന്ജോ ആറോ മാര്‍ക്കിനു വേണ്ടി ചെയ്യുന്ന ആ കളവു കണ്ടുപിടിച്ചു പോയെങ്കില്‍ ആശിച്ചിരുന്ന മാര്‍ക്കുകള്‍ മാത്രമല്ല ആ വിഷയത്തില്‍ കിട്ടിയിരുന്ന മാര്‍ക്കുമുഴുവന്‍ നഷ്ടപ്പെട്ടു പോകുമെന്നും ചിലപ്പോള്‍ ആ വിഷയത്തില്‍ മാത്രമല്ല മറ്റുവിഷയങ്ങളിലും പരീക്ഷയെഴുതാന്‍ അനുവധിക്കാതിരിക്കുമെന്നും അങ്ങനെ ആ ക്ലാസ്സില്‍ തോറ്റുപോകാന്‍ ഇടയുണ്ടെന്നും അതുകൊണ്ട് ആരും കൊപ്പിയടിക്കരുതെന്നും മിക്ക ക്ലാസ്സുകളിലും അദ്ധ്യാപകര്‍ ഞങ്ങളോട് പറയാറുണ്ട്‌. അതെല്ലാം ശരിയെന്നു ഞാനും സമ്മതിക്കുന്നു.

ചോദ്യകടലാസു കിട്ടിയപ്പോള്‍ പ്രതീക്ഷിച്ച പോലെ ആ ചോദ്യവും ഉണ്ടായിരുന്നു.എനിക്കറിയാവുന്ന ഒന്നുരണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയശേഷം ചില കള്ളന്മാര്‍ മോഷണം ചെയ്യുന്നതിന് ആരംഭിക്കുന്ന അവസരത്തില്‍ നാലുപാടും നോക്കുന്നതു  പോലെ ഞാനും ചുറ്റുമൊന്നു നോക്കി. കീശയില്‍ നിന്നും ആ കടലാസെടുത്തു പതുക്കെ തുറന്നു കൈയ്യില്‍ പിടിച്ചുകൊണ്ട് എഴുതി തുടങ്ങി. അത് എഴുതി തീര്‍ന്ന ശേഷം അടുത്ത ചോദ്യത്തിനുത്തരം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മാസ്റ്റര്‍ വന്നു എന്റെ കൈവശമുണ്ടായിരുന്ന കടലാസുവാങ്ങി ഞാന്‍ എഴുതിയിരുന്ന ഉത്തര കടലാസുമായി ഒത്തുനോക്കിയ ശേഷം എന്നെയും വിളിച്ചു ഹെഡ്മാസ്റ്ററുടെ അടുക്കല്‍ കൊണ്ടുപോയി. ആയവസരത്തില്‍ എനിക്കുണ്ടായ ഭീതിയും പരിഭ്രമവും എത്രയെന്നു പറഞ്ഞറിയിക്കുവാന്‍ പ്രയാസം. എന്നെ ഇനി പരീക്ഷയ്ക്ക് ഇരുതുകയില്ലെന്നും ക്ലാസ്സില്‍ എന്നെ തോല്‍പ്പിച്ചു കളയുമെന്നും കഠിനമായ ശിക്ഷ ഞാന്‍ ഏല്‍ക്കേണ്ടി വരുമെന്നും വിചാരിച്ചു ഞാന്‍ വ്യസനിച്ചു.  ഹെഡ്മാസ്റ്റര്‍  എന്‍റെ ഉത്തരകടലാസ് വാങ്ങിയ ശേഷം എന്നോട് വീട്ടിലേക്കു പൊയ്ക്കോളാന്‍ പറഞ്ഞു. വളരെ ലജ്ജയോടും വ്യസനത്തോടും കൂടി മറ്റു വിദ്യാര്‍ത്ഥികള്‍ കാണെ ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങി. വിവരം അറിഞ്ഞ ഇളയ ജേഷ്ടന്‍ ആദ്യം കുറെ ശകാരിച്ച ശേഷം ഉച്ചതിരിച്ചു പതിവുപോലെ പരീക്ഷയ്ക്ക് ചെന്നിരിക്കുവാന്‍ പറഞ്ഞു. ഞാന്‍ അപ്രകാരം ചെയ്തു. എന്നെ ആരും പുറത്തയച്ചില്ല. പരീക്ഷ കഴിഞ്ഞു പതിനഞ്ചു ദിവസത്തേക്ക് സ്കൂള്‍ പൂട്ടി. സ്കൂള്‍ തുറന്നാല്‍ മാസ്റ്റര്‍ അതെപ്പറ്റി എന്നോട് ചോദിച്ചാലോ എന്ന വിചാരം എനിക്കുണ്ടായി, പക്ഷെ സ്കൂള്‍ തുറന്നിട്ട്‌ ആരും അതേപ്പറ്റി സംസാരിച്ചു കേട്ടില്ല. പിന്നീട് പരീക്ഷയ്ക്ക് ചിലര്‍ ബുക്കുനോക്കി എഴുതുന്നതും ആരും കണ്ടുപിടിക്കാതിരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഏതായാലും ആ സംഭവത്തിനു ശേഷം ഒരിക്കലും അപ്രകാരം സംഭവിക്കുവാന്‍ ഞാന്‍ ഇടയാക്കിയിട്ടില്ല. ഭൂമിശാസ്ത്രത്തില്‍ അന്നുഞാന്‍ തോറ്റു എന്ന് പറയേണ്ടതില്ലല്ലോ.. എങ്കിലും മറ്റു വിഷയങ്ങളിലെല്ലാം നല്ല മാര്‍ക്കുണ്ടായിരുന്നതിനാല്‍ ഞാന്‍ ആ ക്ലാസ്സില്‍ പാസ്സായി. 

Thursday, December 15, 2011

പേജ് 8 (ദുശ്ശീലങ്ങള്‍ )

1917- ല്‍ മൂത്ത ജേഷ്ടന്റെയും സി.വി.കേശവന്‍ മുതല്‍ പേരുടെയും പരിശ്രമത്തില്‍ ശ്രീനാരായണ വിലാസം എന്ന ഒരു ഭജന ശാല സ്ഥാപിച്ചു. ഭജനശാല വകയായി ഒരു കെട്ടിടം ഇല്ലാതിരുന്നതിനാല്‍ കുറെനാള്‍ കഴിഞ്ഞപ്പോള്‍ മി.സി.വി.യുടെ വീടിന്റെ കിഴക്കുവശത്ത് (ഇപ്പോള്‍ ആ സ്ഥലത്ത് ജോര്‍ജ്ജു ബ്രണ്ടന്‍ വക വര്‍ക്ഷാപ്പാണ്) ഒരു ചെറിയ കെട്ടിടം പണി തീര്‍ത്തു. വൈപ്പുകാരുടെ പരിശ്രമം കണ്ടു തെക്കന്മാലിപ്പുറത്തുകാരും പിന്നീട് മുരിക്കും പാടത്തുകാരും ഓരോ ഭജന സംഘം സ്ഥാപിച്ചു. ഞങ്ങളുടെ ഭജന മഠത്തില്‍ ആഴ്ചതോറും വിദ്യാര്‍ത്ഥികളുടെ വകയായി ഓരോ ചെറിയ സാഹിത്യ സമാജം കൂടിയിരുന്നു. അതില്‍ ഞങ്ങളെല്ലാവരും ഉപന്യാസങ്ങള്‍ ഒക്കെ എഴുതി വായിക്കുമായിരുന്നു. അങ്ങനെ ഭജന മഠവും സാഹിത്യ സമാജവും ക്രമേണ അഭിവൃദ്ധിപ്പെട്ടു വന്നുവെങ്കിലും ഈഴവരുടെ ഇടയിലുണ്ടായിരുന്ന മത്സരം (ജാതിവഴക്ക്‌) നിമിത്തം അത് ക്ഷയിച്ചു ക്ഷയിച്ചു നാമാവശേഷമായി തീരുകയാണുണ്ടായത്‌. 

ഭജന മഠം ശരിയായി നടത്തിയിരുന്ന അവസരത്തില്‍ ഭജന കഴിഞ്ഞാല്‍ ഞങ്ങള്‍ കുറെ കുട്ടികള്‍ വീട്ടിലേക്കു മടങ്ങാതെ അവിടെത്തന്നെ കഴിച്ചുകൂട്ടും. ഇത് എന്നെ ദുര്‍ മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ തുടങ്ങി. വലിയ ആളുകളും എന്‍റെ തരക്കാരായ കുട്ടികളും ബീഡി വലിക്കുന്നതു കണ്ടിട്ട് എനിക്കും അതുപയോഗിക്കണമെന്നു ആശതോന്നി. ഒരിക്കല്‍ ഒരു ചങ്ങാതിയുടെ പ്രേരണയാല്‍ ഒന്ന് വലിക്കാന്‍ ഞാനും തീരുമാനിച്ചു. അതിന്റെ ഗന്ധവും ചുവയും എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ടില്ല. എന്നാല്‍ അത് വകവയ്ക്കാനില്ലെന്നും ക്രമേണ ശരിപ്പെടുമെന്നും കൂട്ടുകാര്‍ തട്ടിവിട്ടു. അങ്ങനെ ഞാന്‍ പുകവലിക്കാനും തുടങ്ങി. പുകവലിച്ചു വീട്ടില്‍ വന്നാല്‍ മറ്റുള്ളവര്‍ അറിഞ്ഞാലോ എന്ന് വിചാരിച്ചു വായും മുഖവും നല്ലവണ്ണം കഴുകിയതിനു ശേഷമേ വീട്ടില്‍ കയറുക പതിവുള്ളൂ. അതുപ്രകാരം എപ്പോഴെങ്കിലും പുകവലിക്കണമെന്ന് തോന്നിയാല്‍ പറമ്പിന്റെ വല്ല മൂലയിലോ മച്ചിന്‍പുറത്തോ പോയി വലിക്കുകയാണ്‌ പതിവുള്ളത്. ഈ ലൈനില്‍ സര്‍വീസു കിട്ടി വരും തോറും ആ വക നിബന്ധനകള്‍ സ്വല്പമായി കുറഞ്ഞു കുറഞ്ഞു ഒടുവില്‍ വീട്ടില്‍ എല്ലാവരും അറിയുകയും ചെയ്തു. ശാസനയും ശിക്ഷയും കുറെ കിട്ടിതുടങ്ങിയെങ്കിലും അത് എന്‍റെ ദുശീലത്തെ പറിച്ചെറിയാന്‍ പര്യാപ്തമായില്ല. ഒരു നേരത്തെ ഭക്ഷത്തെക്കാളും ഒരു ബീഡി എനിക്ക് പ്രിയതരമായിരുന്നു. അങ്ങനെ എനിക്ക് പതിനാറു വയസ്സ് കഴിഞ്ഞു. പുകവലി നിര്‍ത്തണമെന്ന വിചാരം എനിക്കുണ്ടായി. കുറെ ദിവസങ്ങള്‍ ഉപയോഗിക്കാതിരുന്നു എങ്കിലും പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ ഉപയോഗിക്കുകയാണ് ചെയ്തത്. ഒരു ദിവസം ഇത് തീരെ നിര്‍ത്തുവാന്‍ ഞാന്‍ തീരുമാനിച്ചു. കുറെ ദിവസം വലിയ വിഷമം തോന്നിയെങ്കിലും കുറച്ചു ദിവസം കൂടി അതേ വിധത്തില്‍ തന്നെ പിടിച്ചുനിന്നു. പിന്നീട് ആ വിഷമം അസഹ്യമായി തോന്നിയില്ല. ക്രമേണ ചുരുട്ടോ ബീഡിയോ വലിക്കുന്നതു എനിക്ക് തീരെ വെറുപ്പായി തോന്നി.

മറ്റൊരു ദുശീലം ചീട്ടുകളിയായിരുന്നു. അത് വളരെ ചെറുപ്പത്തില്‍ തന്നെ പഠിച്ചിരുന്നു. താഴ്ന്ന ക്ലാസ്സുകളില്‍ പഠിച്ചുകൊണ്ടിരുന്ന അവസരത്തില്‍ പള്ളിക്കൂടം വിട്ടു വന്നാല്‍ കൂട്ടുകാരെ തേടിപ്പിടിച്ചു ചീട്ടുകളിക്കുമായിരുന്നു. ക്രമേണ അതുവിട്ടു. സ്കൂളിലെ നിര്‍ബന്ധപ്രകാരം ഫുട്ബോള്‍, ബാഡ്മിന്ടന്‍ മുതലായ വ്യായാമകരമായ കളികള്‍ ശീലിച്ചതോടെ പിന്നീട് ചീട്ടുകളി ഇഷ്ടമല്ലാതെയായി.

ശൈശവത്തില്‍ മാത്രമല്ല ബാല്യത്തിലും കൌമാരത്തിലും കുട്ടികളുടെ ചര്യകളില്‍ രക്ഷിതാക്കളുടെ ശ്രദ്ധ പതിയേണ്ടതാണ്. എന്ത് കാരണവശാലും അവരെ മറ്റു വീടുകളില്‍ താമസിപ്പിക്കരുത്. ഇത് എന്‍റെ അനുഭവങ്ങളില്‍ നിന്നും ഞാന്‍ മനസിലാക്കിയതാണ്. കുട്ടികളെ ബോര്‍ഡിങ്ങുകളില്‍ ചേര്‍ക്കുന്ന പക്ഷം ആ ബോര്‍ഡിങ്ങിലെ നടത്തിപ്പിനെ കുറിച്ച് ശരിയായ അന്വേഷണം ചെയ്യേണ്ടതാണ്. ചില  ബോര്‍ഡിങ്ങുകളില്‍ കുട്ടികള്‍ ദുര്‍മാര്‍ഗികളായി  തീര്‍ന്നിട്ടുള്ളത് എനിക്ക് നേരിട്ട് അറിയുവാന്‍ ഇടവന്നിട്ടുണ്ട്.

Wednesday, December 14, 2011

പേജ് 7 (സഹോദരങ്ങളുടെ കുടുംബം )

ഞാന്‍ സ്കൂള്‍ വിട്ടതിനു ശേഷമുള്ള വിവരങ്ങള്‍ എഴുതുന്നതിനു മുന്‍പായിസ്കൂള്‍ ജീവിത കാലത്തെ മറ്റു ചില സംഭവങ്ങള്‍ എഴുതാമെന്നു വിചാരിക്കുന്നു. 

1917-ല്‍ ചേര്‍ത്തലക്കാരനായ കൃഷ്ണം ഭാഗവതര്‍ വീട്ടില്‍ വന്നു ഇളയ സഹോദരി ശ്രീമതി മാധവിയെ സംഗീതം   പഠിപ്പിക്കുവാന്‍ തുടങ്ങി. എന്നെയും പഠിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പഠിക്കുവാന്‍ എനിക്ക് ആഗ്രഹമായിരുന്നെങ്കിലും  സംഗീതാഭ്യാസം എന്റെ സ്കൂള്‍ അദ്ധ്യയനത്തിനു വിഘ്നമായെക്കുമെന്നു ഭയന്ന ജേഷ്ടന്‍ അതിനു അനുവദിച്ചില്ല. 

1918-ല്‍   രണ്ടാമത്തെ സഹോദരിയായ ദേവകിയുടെ വിവാഹം നടന്നു. കൊച്ചിയിലുള്ള അവരുടെ ഭര്‍ത്തൃഗൃഹത്തില്‍ താമസിക്കുവാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ അവിടുത്തെ ജീവിതം മതിയാക്കി വീട്ടില്‍ വന്നു പാര്‍ത്തു.   1919-ല്‍ മൂത്ത ജേഷ്ടന്റെ ഭാര്യ മരിച്ചു.ജേഷ്ടത്തി ഞങ്ങളോട് സ്നേഹമുള്ള ഒരു സ്ത്രീ ആയിരുന്നു.   ഞങ്ങളുടെ ശൈശവത്തില്‍ വളരെ ശുശ്രൂഷകള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. 1921 ജനുവരിയില്‍ ആണ് ഇളയ ജേഷ്ടന്റെ വിവാഹവും സഹോദരി ദേവകിയുടെ
രണ്ടാമത്തെ വിവാഹവും നടന്നത്. 1921-ല്‍ മൂത്ത ജെഷ്ടനും രണ്ടാമത് വിവാഹം ചെയ്തു. 1922-ല്‍ ഞങ്ങളുടെ മാതാമഹന്‍ അദ്ദേഹത്തിന്‍റെ തൊണ്ണൂറ്റി എട്ടാമത്തെ വയസില്‍ നിര്യാതനായി. ആരോഗ്യദൃഡ ഗാത്രനും ധാനശീലനും ആയിരുന്ന അദ്ദേഹത്തിന് തന്‍റെ പുത്രപൌത്രാദികളോട് വളരെ സ്നേഹമായിരുന്നു. അദ്ദേഹത്തിന്‍റെ പേര് തന്നെയാണ് എനിക്കിട്ടത്.  സംഗീത വിദ്യാര്‍ത്ഥിനിയായ ഇളയ സഹോദരിയെ  1925-ല്‍ മെയ്‌ മാസത്തില്‍ അഴീക്കോട്ട് വിവാഹം ചെയ്തയച്ചു. അവര്‍ക്ക് ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. മൂത്ത സഹോദരിക്ക് നാലു പെണ്‍കുട്ടികളും മൂന്നു ആണ്‍കുട്ടികളും ഉണ്ട്. അവരിരുവരും ഭര്‍ത്തൃഗൃഹത്തില്‍ തന്നെ.



പേജ് 6 (വിദ്യാര്‍ത്ഥി ജീവിതം)

1921 ല്‍ ഞാന്‍ നാലാം ഫോറത്തില്‍ ചേര്‍ന്നു. അപ്പോള്‍ എനിക്കു പന്ത്രണ്ടു വയസ്സു കഴിഞ്ഞു. ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ കുട്ടികളെ അടിക്കുവാന്‍ പാടില്ലത്രേ! എന്നെ സംബദ്ധിച്ചിടത്തോളം ഈയൊരു തീര്‍പ്പു ദോഷകരമായാണ് പരിണമിച്ചത്‌. ഞാന്‍ ആ വര്‍ഷം ജയിച്ചുവെങ്കിലും മുന്‍ ക്ലാസ്സുകളെക്കാള്‍ മോശമായി.

അഞ്ചാം ഫോറത്തിലെത്തിയ ഞാന്‍ ഐശ്ചികവിഷയമായി കൊമേഴ്സ് എടുക്കുവാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ എന്നെ കോളേജ് വിദ്യാഭ്യാസത്തിനയക്കമെന്ന എന്റെ മൂത്ത ജേഷ്ടന്റെ താല്‍പ്പര്യമനുസരിച്ച് ഞാന്‍ ചരിത്രവും മലയാളവും എടുത്തു. വാസ്തവത്തില്‍ ഇതെന്റെ ജീവിതത്തില്‍ ഒരു ചെറിയ പരിവര്‍ത്തനം ഉണ്ടാക്കി. നാലാം ഫോത്തിലെ പോലെ അഞ്ചാം  ഫോത്തിലും കഷ്ടിവിഷ്ടിയായി ജയിച്ചു. അപ്പോള്‍ മുതല്‍ പണത്തിന്‍റെ ബുദ്ധിമുട്ട് ഞാന്‍  കുറേശ്ശെയായി അനുഭവിച്ചു തുടങ്ങി. ജേഷ്ടന്റെ ഉപദേശപ്രകാരം ഒരു ധനസഹായം അഭ്യര്‍തഥിച്ചുകൊണ്ട്‌ ഞാന്‍ പള്ളുരുത്തി കെ. എസ്.  അയ്യപ്പന്‍ അവര്‍കളുടെ അടുക്കല്‍ ചെന്നു. എനിക്കു ചില പ്രോത്സാഹന വാക്കുകള്‍ ലഭിച്ചതല്ലാതെ പണസംബന്ധമായി യാതൊരു സഹായവും ലഭിച്ചില്ല. എങ്ങിനെയെങ്കിലും ഞാന്‍ ആ ക്ലാസ്സിലും പഠിച്ചു. 1914 മുതല്‍ 1924 വരെ പത്തുവര്‍ഷക്കാലം എന്‍റെ വിദ്യാഭ്യാസത്തിനാവശ്യമായ ചിലവുകള്‍ മൂത്ത ജേഷ്ടനാണ് വഹിച്ചിരുന്നത് എന്ന് ഞാന്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു കൊള്ളുന്നു. ഈ കാലങ്ങളിലൊക്കെയും ഞങ്ങള്‍ക്കുവേണ്ടി പ്രിയമാതാവ് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇവിടെ വിവരിക്കുവാന്‍ അസാദ്ധ്യമാകയാല്‍ അത് വിട്ടുകളയുക തന്നെ ചെയ്യുന്നു. 

സ്കൂള്‍ ഫൈനല്‍ ക്ലാസില്‍ എത്തിയ എനിക്കു പഠിപ്പില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. പാഠപുസ്തകങ്ങള്‍ ഒഴികെ മറ്റു പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിച്ചിരുന്നില്ല. അതിനു കാരണം എന്‍റെ ഉദാസീനത മാത്രമായിരുന്നു. തന്‍നിമിത്തം ഭാഷകളിലും, പൊതുവിലും, എനിക്കു ലഭിച്ച അറിവു വളരെ തുച്ഛമായിരുന്നു. സ്കൂള്‍ വായന ശാലയിലെ പുസ്തകങ്ങള്‍ ധാരാളം വായിക്കണമെന്നു എല്ലാ ക്ലാസിലെ അദ്ധ്യാപകരും ഉപദേശിച്ചിരുന്നു. എന്നാല്‍ അപ്രകാരം വളരെ കുറച്ചു മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. പരീക്ഷ അടുക്കും തോറും എന്‍റെ വായനയും വര്‍ദ്ധിച്ചു വന്നു. എന്നാല്‍ അതുപോലെ ആദ്യം മുതല്‍ തന്നെ ഞാന്‍ പരിശ്രമിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നു പിന്നീട് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. പക്ഷെ അതുകൊണ്ടെന്തു ഫലം..

സെലക്ഷന്‍ കഴിഞ്ഞു പരീക്ഷയ്ക്ക് അയയ്ക്കാന്‍ ഉദ്ദേശിച്ച കുട്ടികളുടെ പട്ടികയില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. മൂന്നു കുട്ടികളെ മാത്രമേ അയക്കാതിരുന്നുള്ളൂ.. പരീക്ഷ ഫീസും സ്കൂള്‍ ഫീസും മറ്റും ചേര്‍ത്ത് 21 ക. അടച്ചാലേ പരീക്ഷക്ക് അയക്കുകയുള്ളൂവെന്നത് നിശ്ചയം. ഈ സംഖ്യ നിശ്ചിത ദിവസത്തിനുള്ളില്‍ കൊടുത്തു പരീക്ഷയ്ക്ക് ചേരുവാന്‍ സാധിക്കുമെന്നു ഞാന്‍ വിചാരിച്ചില്ല. ഒടുവില്‍ ഏതുതരത്തിലും പണവും അടച്ചു പരീക്ഷ ദിവസവും എത്തി. അന്ന് കാലത്ത് എനിക്കു അതിസാരം പിടിപെട്ടു. ശരിയായ നിദ്രയും ഭക്ഷണവും ഇല്ലാത്തതിനാലാണ് സുക്കേട്‌ പിടിപെട്ടതെന്നു ഞാന്‍ മനസിലാക്കി. സുഖമില്ലെങ്കിലും ഞാന്‍ പരീക്ഷക്ക്‌ പോയി. മൂന്നുദിവസം ഉണ്ടായിരുന്ന പരീക്ഷയില്‍ ആദ്യ ദിവസം ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും തൃപ്തികരമാം വണ്ണം എഴുതിയിട്ടുണ്ടെന്ന് എനിക്കു തോന്നി. പരീക്ഷ കഴിഞ്ഞു സ്കൂള്‍ പൂട്ടി. ഞങ്ങള്‍ എല്ലാവരും ഫലമറിയാന്‍ അക്ഷമരായി കാത്തിരിപ്പായി. രണ്ടര മാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പരീക്ഷാഫലം പുറത്തായി. 37 കുട്ടികളില്‍ 5 കുട്ടികള്‍ മാത്രമേ പസ്സായിട്ടുള്ളൂ എന്നും അതില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അറിവുകിട്ടി. സ്കൂളില്‍ പോയി അന്വേഷിച്ചതില്‍ ഞാന്‍ ഇംഗ്ലീഷില്‍ ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും ജയിച്ചിട്ടുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. ഏതായാലും ഒരു വര്‍ഷം കൂടി തോറ്റ വിഷയം മാത്രം എടുത്തു പഠിക്കുവാന്‍ ഞാന്‍ ഉറച്ചു. അതുപ്രകാരം രണ്ടാമതും ആ ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കുവാന്‍ തുടങ്ങി. ധനസംബന്ധമായ ബുദ്ധിമുട്ടുകള്‍ പൂര്‍വ്വാധികം എന്നെ അലട്ടി തുടങ്ങി.  1924   ല്‍ ജൂലായ്‌ മാസത്തിലുണ്ടായ വലിയ വെള്ളപ്പൊക്കം രാജ്യത്തെ സാധു ജനങ്ങളെ ആകമാനം ദാരിദ്രത്തിലാഴ്ത്തി. അതുകഴിഞ്ഞ ഉടനെ ഞാനും സ്കൂള്‍ വിടുവാന്‍ നിര്‍ബന്ധിതനായി. അങ്ങനെ എന്‍റെ വിദ്യാര്‍ഥി ജീവിതം തല്‍ക്കാലത്തേക്ക് വിരാമമിട്ടു ഞാന്‍ സ്വസ്ഥമായിരുന്നു.
  

പേജ് 5 (സാന്താക്രൂസ് സ്കൂള്‍ )

1913 ല്‍ എന്നെ അടുത്തുള്ള സ്കൂളില്‍ നിന്നും വൈപ്പിലെ പള്ളി വക സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. അവിടെ ഒന്നാം ക്ലാസ്സില്‍ ഇംഗ്ലീഷും പ്രഥമ പാഠാവലിയും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഈ ദേശങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വളരെ അഭിരുചി ഉണ്ടാകാന്‍ തുടങ്ങിയ കാലമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരുടെ ഇടയില്‍ ഇന്ന് കാണുന്ന തൊഴിലില്ലായ്മ അന്നുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരക്കാരെ അന്വേഷിച്ചു പിടിച്ചാണ് കമ്പനി മാനേജര്‍മാര്‍ ജോലി കൊടുത്തിരുന്നത്. ഓച്ചന്തുരുത്തു മുതല്‍ വൈപ്പുവരെയുള്ളവരില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയത് എന്‍റെ ഇളയ ജേഷ്ടനും മി. സി.വി. കേശവനും ആണ്. ആ അവസരത്തില്‍ അവരിരുവരും കൊച്ചി സാന്താക്രുസ് ഹൈസ്കൂളില്‍ ഒന്നാം ഫോറത്തിലായിരുന്നു പഠിച്ചിരുന്നത്. ഒന്നാം ക്ലാസ്സില്‍ നിന്നും ജയിച്ച  എന്നെ   അടുത്തകൊല്ലം (1914 ജൂണ്‍ മാസത്തില്‍) പള്ളി സ്കൂളിലെ രണ്ടാം ക്ലാസ്സില്‍ നിന്നും സാന്താക്രൂസില്‍ ഒന്നാം ക്ലാസ്സില്‍ കൊണ്ടുപോയി ചേര്‍ത്തു. പള്ളി സ്കൂളില്‍ എന്‍റെ മാസ്റ്റര്‍ ആയിരുന്ന രാമന്‍ മാസ്റ്റര്‍ അവര്‍കള്‍ക്ക് എന്നോട് അതിരറ്റ വാത്സല്യം ഉണ്ടായിരുന്നു, എങ്കിലും എന്നെ സാന്താക്രൂസില്‍ ചേര്‍ക്കുന്നതിനു അദ്ദേഹം എതിരായിരുന്നു. 


സാന്താക്രൂസില്‍ ഒന്നാം ക്ലാസ്സില്‍ ഒരു 'മിസ്സി'യുടെ ക്ലാസ്സിലാണ് എന്നെ ചേര്‍ത്തത്. അവിടെ നാലാം ക്ലാസ്സില്‍ ഒഴികെ മറ്റെല്ലാ ക്ലാസ്സുകളിലും മിസ്റ്റസ്സുമാരാണ് ഞങ്ങളെ പഠിപ്പിച്ചത്. എന്‍റെ അനുഭവത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ മാസ്റ്റര്‍മാരെക്കാള്‍ നല്ലത് മിസ്റ്റസ്സുമാരാണ്. അവര്‍ക്ക് പടിപ്പിക്കുവാനുള്ള നിഷ്കഷതയും കുട്ടികളോടുള്ള വാത്സല്യവും വളരെ കൂടുതലായിരിക്കും.   ഇവിടുത്തുകാരില്‍ എന്‍റെ സഹപാഠിയായിരുന്നത് മി. സി. വി. പരമു ആയിരുന്നു. അയാള്‍ എന്നെക്കാളും പ്രായം കൂടിയ ആളായിരുന്നതുകൊണ്ട് പലകാര്യങ്ങളിലും എന്നെ സഹായിച്ചു. ലോകമഹായുദ്ധത്തിന്റെ ആരംഭം ഈ അവസരത്തിലായിരുന്നു എങ്കിലും അതിന്റെ അനിഷ്ടഫലം അനുഭവിച്ചത് പിന്നീടുള്ള അന്ജെട്ടു വര്‍ഷങ്ങളിലായിരുന്നു. അഴീക്കല്‍ കടലാക്രമണം തടയുവാന്‍ കല്ലുവാട കെട്ടുവാന്‍ തുടങ്ങിയതും ഏതാണ്ട് ഈ അവസരത്തിലാണ്.


ഇതിനിടയില്‍ എന്‍റെ  സഹപാഠിയായിരുന്ന മി. പരമു മൂന്നാം ക്ലാസ്സില്‍ രണ്ടുവര്‍ഷം തോറ്റതിനാല്‍ പടിപ്പു നിര്‍ത്തി. സ്കൂളിലേക്ക് പോകുവാനായി പുസ്തകവും മറ്റും എടുത്തുകൊണ്ടു വീട്ടില്‍ നിന്നിറങ്ങിയാല്‍ സ്കൂളില്‍ പോകാതെ മിക്ക ദിവസവും വല്ല ചായക്കടയിലോ കടപ്പുറത്തോ കഴിച്ചുകൂട്ടുന്ന മടിയന്മാരുടെ കൂട്ടത്തില്‍ എന്‍റെ സ്നേഹിതനും ചേര്‍ന്നിരുന്നു. ഒന്നാം ക്ലാസ്സില്‍ വച്ച് അയാള്‍ നല്ലവണ്ണം പഠിക്കുന്ന ഒരു വിദ്ധ്യാര്‍ത്‍ഥിയായിരുന്നു. എന്‍റെ ജേഷ്ടന്റെ സ്ഥിതിയും ഏതാണ്ട് ഇതുപോലൊക്കെ തന്നെയായിരുന്നു. അദ്ദേഹം മൂന്നാം ഫോറത്തില്‍ വച്ച് പഠിത്തം നിര്‍ത്തുകയും ചെയ്തു. ആ അനുഭവം കണ്ടതിനാലാവാം എന്‍റെ പത്തുവര്‍ഷത്തെവിദ്യാഭ്യാസത്തിനിടെ ഒരിക്കല്‍പ്പോലും മേല്‍പറഞ്ഞ കുട്ടികളുടെ കൂടെചേര്‍ന്നു ഞാന്‍ ക്ലാസ്സില്‍ പോകാതിരുന്നിട്ടില്ല.

Wednesday, November 30, 2011

പേജ് 4 (വന്ദ്യ പിതാവിന്‍റെ മരണം)

മൂത്ത   ജേഷ്ടന്റെയും മറ്റും വിവാഹം കഴിഞ്ഞതിനു ശേഷമാണ് എന്നെ എഴുത്തിനിരുത്തിയത്. അകത്തുട്ട് കൃഷ്ണന്‍ വൈദ്യന്‍ ആണ് എന്‍റെ ആദ്യ ഗുരുനാഥന്‍. അദ്ദേഹത്തിന്‍റെ വസതിയില്‍ - കളരിയില്‍ - ആണ് ഞങ്ങള്‍ പഠിക്കുവാന്‍ പോയിരുന്നത്. എന്റെയൊപ്പം എന്‍റെ നേരെ മൂത്ത രണ്ടു സഹോദരിമാരും പഠിക്കുവാന്‍ വന്നിരുന്നു. അവര്‍ മുകളിലത്തെ ക്ലാസ്സുകളില്‍ ആണ് പഠിച്ചിരുന്നത്. 

ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ എല്ലാവരും സ്കൂളില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ മാസ്റ്ററും പിന്നീട് ഓരോരുത്തരായി കുട്ടികളും പുറത്തേക്കു പോകുവാന്‍ തുടങ്ങി. ഒടുവില്‍ ഞങ്ങള്‍ മൂന്നു നാലു കുട്ടികള്‍ മാത്രം ശേഷിച്ചു. അപ്പോഴാണ്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സുഖമില്ലാതെ കിടപ്പിലായിരുന്ന എന്‍റെ പ്രിയ പിതാവ് മരിച്ചുപോയി എന്ന് ബാക്കിയുള്ളവര്‍ പറഞ്ഞത്. ഞാന്‍ നിലവിളിച്ചില്ല, എങ്കിലും എന്‍റെ മനസ്സില്‍ ചില വികാരങ്ങള്‍ ഉണ്ടായെന്നു ഞാനിപ്പോള്‍ ഓര്‍ക്കുന്നുണ്ട്. മരണം എന്താണെന്നോ മരിച്ച ആള്‍ക്ക് എന്തുസംഭവിക്കുമെന്നോ ഉള്ളതിനെപ്പറ്റി യാതൊരു വിവരവും ഇല്ലാതിരുന്ന ഞാന്‍ കരയാതിരുന്നതില്‍ അതിശയമില്ലല്ലോ...  ഉടനെ ബാക്കിയുണ്ടായിരുന്ന കുട്ടികള്‍ എന്നെയും കൂട്ടി വീട്ടില്‍ വന്നു. ഞങ്ങള്‍ വീട്ടില്‍ എത്തി അധികം താമസിയാതെ കുറെ ആളുകള്‍ ഒരു കട്ടിലില്‍ അച്ഛന്‍റെ മൃത ശരീരവും താങ്ങിക്കൊണ്ട് പടികടന്നു അകത്തേക്കു വന്നു. ആ കാഴ്ച ഇപ്പോള്‍ ഓര്‍ക്കുന്ന മാത്രയില്‍ കണ്ണില്‍ ജലം നിറയുന്നു.. പിന്നീട് കുറെ മണിക്കൂറുകളോളം അവിടെ നടന്ന സംഭവങ്ങള്‍ ഇതില്‍ ചേര്‍ക്കുവാന്‍ വിചാരിക്കുന്നില്ല. അച്ഛന്‍റെ നിര്യാണത്തെപ്പറ്റി കറുപ്പന്‍ മാസ്റ്റര്‍ എഴുതിയ ചരമ പദ്യങ്ങളില്‍ ചിലത് എന്‍റെ ഓര്‍മയില്‍ ഉണ്ട്.


Thursday, November 24, 2011

പേജ് 3 (സാമുദായിക പരിഷ്കരണം)

താലികെട്ടുകല്യാണം, തിരണ്ടു കല്യാണം, കൊഴിവെട്ടു തുടങ്ങി അക്കാലത്ത് വളരെ പ്രാബല്യത്തിലിരുന്ന അനേകം ആചാരങ്ങളെ ധ്വംസനം ചെയ്യുവാന്‍ അച്ഛന്‍ തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരുന്നു. എന്റെ മൂത്ത സഹോദരിയെ   കെട്ടുകല്യാണം   കഴിക്കാതെ പ്രജാപത്യവിധി പ്രകാരമാണ് വിവാഹം നടത്തിയത്. ആ വിവാഹത്തെപ്പറ്റിയുള്ള ചെറിയ ഓര്‍മ വിവരിക്കാം.

വധൂ ഗൃഹത്തില്‍ പോകുവാന്‍ തയ്യാറായി നിന്നിരുന്ന ജേഷ്ടന്‍ ഒരു കൊട്ടും ഷര്‍ട്ടും ധരിച്ചിരുന്നു. അത് പഴയ സമ്പ്രദായത്തിലുള്ളവയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ശിഖ ബന്ധിച്ചിട്ടിരുന്നു. ശിരസ്സില്‍ ഒരു തൊപ്പിയും അരയില്‍ ഒരു ബല്‍റ്റും ധരിച്ചിരുന്നു. ഒരു പാവുമുണ്ടാണെന്നു തോന്നുന്നു ഉടുത്തിരുന്നത്. ഇങ്ങനെ ഇവരുടെ വിവാഹവും മറ്റും കഴിച്ചതില്‍ നാട്ടിലെ ഈഴവര്‍ മുഴുവന്‍ ക്ഷോഭിക്കുകയും തല്‍ഫലമായി അച്ഛന് വളരെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. ഇതേപ്പറ്റി എറണാകുളത്തെ സാധുയാഗാനന്ദ ഒരവസരത്തില്‍ ഞാനുള്ളപ്പോള്‍ ഒരു മാന്യനോട് ഇപ്രകാരം പറഞ്ഞു. "മി. ധര്‍മ്മരാജന്‍റെ അച്ഛന്‍ എത്ര നല്ല ഒരു സാമുദായിക പരിഷ്കാരിയായിരുന്നെന്നറിയാമോ? ആ പറങ്കിയുടെ കാലത്ത് ഇതിനായി അദ്ദേഹം വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ട്."  

അച്ഛന്റെ പ്രധാന സ്നേഹിതന്മാര്‍ അകത്തുട്ട് വേലു വൈദ്യന്‍, കൃഷ്ണന്‍ വൈദ്യന്‍, കവി തിലകന്‍, കെ പി കറുപ്പന്‍, എ കുട്ടമ്പു മുന്‍ഷി (പവിത്രന്‍ വക്കീലിന്റെ പിതാവ്), സി. വി. ഗോവിന്ദന്‍ ബാലന്‍ എന്നിവരായിരുന്നു. ഒടുവിലത്തെ രണ്ടുപേരും സാമുദായിക കാര്യങ്ങളില്‍ അച്ഛനെ   സഹായിക്കുകയും സഹകരിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് നടപ്പിലിരുന്ന ചുരുക്കം ചില മാസികകളും പത്രങ്ങളും ഇവര്‍ വരുത്തി വായിക്കുകയും പത്രവായനയില്‍ ജനങ്ങളില്‍ അഭിരുചി ഉളവാക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഗോവിന്ദന്‍ ബാലന് അച്ഛനോട് മറ്റുള്ളവരേക്കാള്‍ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. 


Tuesday, November 22, 2011

പേജ് 2 (മി. സി. ടി. ജോസഫിന്‍റെ വാക്കുകളിലൂടെ...)

 

അച്ഛന്‍റെ ഉദാരശീലത്തെപ്പറ്റി വളരെ പ്രശംസിച്ചു ഈ ദേശങ്ങളിലെ വിവിധ സമുദായക്കാരായ പലരും പറയുന്നത് കേട്ടിട്ടുണ്ട്. 


1931-ല്‍ ഈ ദേശത്തുള്ള കൃസ്ത്യാനികള്‍ ഒരുവശത്തും   ഈഴവരും  വാലന്മാരും  മറുവശത്തുമായി   പ്രമാദമായ ഒരു വഴക്ക് നടന്നിരുന്നു. ഈഴവര്‍ക്കും മറ്റും എതിരായി കൃസ്തീയ പക്ഷത്തു നിന്നവരിലോരാലായ മി. സി. ടി. ജോസഫ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അഞ്ചാറാളുകള്‍ കൂടിയിരുന്ന ഒരു ചെറു സംഘത്തില്‍ വച്ച് സന്ദര്‍ഭവശാല്‍ ഇങ്ങനെ സംസാരിക്കുവാന്‍ തുടങ്ങി _ "ഞാന്‍ വിവാഹം കഴിക്കുന്നതിനെല്ലാം മുന്‍പ് ഒരിക്കല്‍ പാപ്പുച്ചോന്‍റെ (അച്ഛന്‍റെ) മരുന്ന് പീടികയില്‍ പോയിരുന്നു. അപ്പന്‍റെ ഉറ്റ സ്നേഹിതനായിരുന്നു പാപ്പുച്ചോന്‍. പാപ്പുച്ചോന്‍ എന്നോട് "ആട്ടെ മനസിലായി കേട്ടോ" എന്ന് പറഞ്ഞു. യാതൊരു മുഖവുരയും   കൂടാതെ   ഇങ്ങനെ   പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാകാതെ ഞാന്‍  ആശ്രിതഭാവത്തില്‍ 'പറഞ്ഞത് എനിക്കു മനസിലായില്ല' എന്നദ്ദേഹത്തോട്‌ പറഞ്ഞു. എന്നാല്‍ വീണ്ടും അദ്ദേഹം അതെ വാക്കുകള്‍ പറഞ്ഞതല്ലാതെ ഒന്നും വിശദീകരിച്ചില്ല. ആ ദിവസം മുതല്‍ എനിക്കു അതെ വിചാരം തന്നെയായി. ഞാന്‍ എന്തെങ്കിലും അകൃത്യം ചെയ്യുന്നുണ്ടോ എന്നുള്ള ശ്രദ്ധ എനിക്കു എപ്പോഴുമുണ്ടായി. അക്കാലങ്ങളില്‍ ഞാനൊരു വികൃതിക്കാരനും പതിവായി നാടകം കാണുവാന്‍ പോകുന്നവനും ആയിരുന്നു. അന്ന് മുതല്‍ ഞാന്‍ അതെല്ലാം അപ്പാടെ നിറുത്തിയെന്നു തന്നെ പറയാം. എന്‍റെ ഭയം മുഴുവന്‍ ഇതിനെപറ്റി പാപ്പുച്ചോന്‍ അപ്പനോട് പറഞ്ഞു കൊടുത്തെങ്കിലോ എന്നതായിരുന്നു. അങ്ങനെ വരുന്ന പക്ഷം   അപ്പനെന്നെ നിര്‍ദ്ദയമായി ശിക്ഷിക്കുമെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. പിന്നീട് പാപ്പുച്ചോനെ കാണുമ്പോള്‍ ഈ പ്രശ്നം  എന്താണെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം   അതിനുത്തരം പറയാതെ വേറെ വിഷയങ്ങളില്‍ പ്രവേശിച്ചുകൊണ്ടിരുന്നു. അങ്ങനെ രണ്ടുമാസം കഴിഞ്ഞു. ആ കാലഘട്ടങ്ങളില്‍ അപ്പന്‍റെ ശിക്ഷയെ ഭയന്ന് യാതൊരു കുറ്റകൃത്യവും ചെയ്യാതെ ഞാന്‍ കഴിച്ചു കൂട്ടി. പിന്നീടൊരിക്കല്‍ പാപ്പുച്ചോന്‍ എന്‍റെ ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു. "പറഞ്ഞതിനെക്കുറിച്ച് വിചാരമുണ്ടാകുമോ എന്നറിവാനാണ്" പാപ്പുച്ചോന്‍റെ സൂത്രം ആയിരുന്നു അതെന്നു അപ്പോഴാണ്‌ മനസിലായതെന്നും പറഞ്ഞു മി. സി. ടി. അദ്ദേഹത്തിന്‍റെ സംസാരം അവസാനിപ്പിച്ചു. വെറും രണ്ടുമൂന്നു വാക്കുകള്‍ കൊണ്ട് മി. സി.ടി. യുടെ സ്വഭാവം സംസ്കരിക്കുവാന്‍ അച്ഛനു കഴിഞ്ഞു!