1924-ലാണെന്നു തോന്നുന്നു ഞാനും സി.വി. പരമുവും കൂടി രാത്രി സമയം ഓച്ചന്തുരുത്തില്‍ നിന്നും വരികയായിരുന്നു. ഞങ്ങള്‍ തെക്കന്‍ മാലിപ്പുറത്തു അച്ചാലു മുത്തപ്പന്റെ വീടിനു സമീപത്തെത്തി. അച്ചാലു മുത്തപ്പന് സഹോദര പ്രസ്ഥാനക്കാരായ ഞങ്ങളോട് വലിയ വിരോധമായിരുന്നു. അയാളുടെ അമ്പലത്തില്‍ നടത്താറുള്ള ജന്തു ഹിംസയെയും, നാല്പത്തൊന്നു തുള്ളല്‍ മുതലായവയെയും ഞങ്ങള്‍ കഠിനമായി അധിക്ഷേപിച്ചിരുന്നു. അയാളുടെ വീട്ടു മുറ്റത്തു സ്ഥാപിച്ചിരുന്ന അനേകം കല്ല് ദൈവങ്ങളില്‍ രണ്ടെണ്ണം ഞങ്ങള്‍ ഇരുവരും കയ്യിലെടുത്തു നടന്നു ഞങ്ങള്‍ പുഴക്കരയില്‍ എത്തി. "വളരെക്കാലം വെയിലിലിരുന്നു കഷ്ടപ്പെട്ട ദേവന്‍ ഇനി കുറേക്കാലം വിശ്രമിക്കട്ടെ സ്വാഹ" എന്നു പറഞ്ഞുകൊണ്ട് എന്റെ കൈയ്യിലിരുന്ന ചങ്ങാതിയെ ഞാന്‍ പുഴയിലേക്കെറിഞ്ഞു. "ആട്ടെ താനും ഇവിടെ കിടക്കു" എന്നു പറഞ്ഞു പരമു മറ്റെയാളെയും വെള്ളത്തിലെക്കെറിഞ്ഞു. ശേഷം 'ഞാനേതുമറിഞ്ഞില്ല രാമനാരായണ' എന്ന ഭാവത്തില്‍ ഞങ്ങള്‍ വീട്ടിലേക്കു നടന്നു.
പിറ്റേ ദിവസം ബിംബങ്ങള്‍ രണ്ടെണ്ണം കാണായ്കയാല്‍ മുത്തപ്പന്‍ അന്വേഷണം തുടങ്ങി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ എന്തോ ചില ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തി നിരപരാധികളായ നാലാളുടെ പേരില്‍ അച്ചാലു മുത്തപ്പന്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് ഹര്‍ജി അയച്ചു. പക്ഷെ അതിനു യാതൊരു തെളിവും ഇല്ലാതെ കിടന്നു.
ഒരു ദിവസം ഞങ്ങളുടെ ഉറ്റ സ്നേഹിതന്‍ എന്നു വിചാരിച്ചു വന്നിരുന്ന ചന്തപറമ്പില്‍ ബേറിഡിനോട് ഈ സംഗതിയെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവ എടുത്തു കളഞ്ഞവരെ പറ്റി അറിയാമോ എന്ന് എന്നോടും കാട്ടുപാടം പത്മനാഭനോടും ചോദിച്ചു. സ്നേഹിതനെന്ന നിലയില്‍ പത്മനാഭന്‍ അയാളോട് വാസ്തവം പറഞ്ഞു. പക്ഷെ പിന്നീട് ബേറിഡിന്റെ അറിവോടും സമ്മതത്തോടും കൂടി രണ്ടാമതൊരു ഹര്‍ജി എന്റെയും പരമുവിന്റെയും പ്രായം ചെന്നവരായ മറ്റു നാലാളുകളുടെയും പേരില്‍ അച്ചാലു മുത്തപ്പന്‍ അയച്ചു. ഞങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി അയാള്‍ പോലീസ് ഉദ്ധ്യോഗസ്ഥന്‍മാര്‍ക്ക് ധാരാളം കൈക്കൂലി കൊടുത്തു കൊണ്ടിരുന്നു. പോലീസുദ്ധ്യോഗസ്ഥന്‍മാര്‍ ഇതെപ്പറ്റി അന്വേഷിക്കുകയും രണ്ടുമൂന്നു തവണ ഞങ്ങളോട് ചോദിക്കുകയും ചെയ്തു. ഒടുവില്‍ ഞങ്ങള്‍ ആറുപേരില്‍ വച്ച് അധികം പ്രായമുണ്ടായിരുന്ന കൊച്ചുകൃഷ്ണന്‍ ബാലനെ വിളിച്ചു ഞങ്ങള്‍ നില്‍ക്കുമ്പോള്‍ ഉപദേശിക്കുകയാണ് ഇന്‍സ്പെക്ടര്‍ ചെയ്തത്. മുത്തപ്പനു താന്‍ വിചാരിച്ചതുപോലെ കാര്യം സാധിക്കാതായതില്‍ ഞങ്ങളോടുള്ള വൈര്യം കുറേക്കൂടി വര്‍ദ്ധിച്ചു. പോരെങ്കില്‍ അതുകഴിഞ്ഞ ഉടനെ മൂത്ത ജേഷ്ടന്‍ "മഠപതിയുടെ മനോഗതം" എന്ന ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തി. അതില്‍ മുത്തപ്പന്റെ ദൈവങ്ങളെയും മുത്തപ്പനെയും പരോക്ഷമായി ആക്ഷേപിച്ചിരുന്നു. അതു പ്രസിദ്ധപ്പെടുത്തിയ ശേഷം മുന്‍പത്തെതിലും കൂടുതല്‍ ശുണ്ഠിയെടുത്തെങ്കിലും യാതൊരു തെളിവുമില്ലാത്തതിനാല്‍ അയാള്‍ അടങ്ങിയൊതുങ്ങി ഇരുന്നു. അതിനു ശേഷം ഞാന്‍ മൂന്നാറിലേക്ക് പോരുകയും ചെയ്തു.