പേജ് 24 (ആലുവയില്‍ നടന്ന സര്‍വ്വമത മഹാസമ്മേളനം)
ഗുരുദേവനെ വീണ്ടും സന്ദര്‍ശിക്കുവാനുള്ള എന്റെ ആഗ്രഹത്തിന് എന്‍റെ വിദ്യാര്‍ഥി ജീവിതം ഒരു പ്രതിബന്ധമായിത്തീരാതിരുന്നില്ല. എങ്കിലും നാലഞ്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അതിനു തക്കതായ ഒരവസരം ലഭിച്ചു. 1099 കുംഭം ശിവരാത്രി സംബന്ധിച്ച് ആലുവയില്‍ തൃപ്പാദങ്ങളുടെ നിയോഗമനുസരിച്ചു ഒരു സര്‍വ്വമത മഹാസമ്മേളനം നടത്തുന്നുണ്ടായിരുന്നു. അപ്പോള്‍ സ്കൂള്‍ ഫൈനല്‍ ക്ലാസ്സ് വിദ്യാര്‍ഥിയായിരുന്ന ഞാന്‍ ഉപരി പഠനത്തിനായി ഒരു സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സ്വാമി തൃപ്പാദങ്ങളുടെ അടുക്കല്‍ ചെല്ലണമെന്ന് മൂത്ത ജേഷ്ഠന്‍ എന്നെ ഉപദേശിക്കുകയുണ്ടായി. തൃപ്പാദങ്ങളുടെ അടുക്കല്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ടു ചെല്ലുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ സ്വാമികളെ സന്ദര്‍ശിക്കുന്നതിനും സംസാരിക്കുന്നതിനും സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനും മറ്റും എനിക്ക് സാധിക്കുമല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു. എനിക്ക് സ്വാമികളോട് സംസാരിപ്പാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്ത് ജേഷ്ഠന്‍ ഒരു അപേക്ഷാ ഹര്‍ജി എഴുതി തന്നു. സമ്മേളന ദിവസം രാവിലെ ഞാന്‍ ആലുവയില്‍ എത്തി. കുളി മുതലായവ കഴിഞ്ഞു എട്ടു മണിയോട് കൂടി ഞാന്‍ ആശ്രമത്തില്‍ ചെന്നു. തേജോനിധിയായ ഗുരുദേവന്‍ അപ്പോള്‍ ആശ്രമത്തിന്‍റെ വരാന്തയില്‍ ഇരുന്നുകൊണ്ട് ഒരു അഥിതിയോടു സംഭാഷണം ചെയ്യുകയായിരുന്നു. കുറെ നേരം ഞാന്‍ തൃപ്പാദങ്ങളുടെ
സംഭാഷണവും കേട്ടുകൊണ്ട് നിന്നു. എങ്ങിനെയാണ് സ്വാമികളുടെ അടുക്കല്‍ ചെല്ലുക എന്നുള്ള വിചാരമായിരുന്നു എനിക്ക്. കുറച്ചു കഴിഞ്ഞു ഞാന്‍ ധൈര്യം അവലംബിച്ച് മുന്നോട്ടു ചെന്നു. ഗുരുദേവനെ കുമ്പിട്ടു തൊഴുതുകൊണ്ട് എഴുത്ത് കൊടുത്തു. അത് വാങ്ങിച്ച ശേഷം അതെന്താണെന്ന് എന്നോട് ചോദിച്ചു. ഞാന്‍ വിവരം സംക്ഷിപ്തമായി പറഞ്ഞു. അപ്പോള്‍ തൃപ്പാദങ്ങള്‍ എഴുത്തിന്‍റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും കാര്യം ഉള്ളത് നേരിട്ടു പറഞ്ഞാല്‍ മതിയായിരുന്നുവല്ലോ എന്നും അഭിപ്രായപ്പെട്ടു. എന്നിട്ടു എന്‍റെ അപേക്ഷയെപ്പറ്റി "ആട്ടെ നോക്കാം" എന്ന് കല്‍പ്പിച്ചു മറുപടി നല്‍കി.
അന്നും പിറ്റേദിവസവുമായി മൂന്നു മീറ്റിങ്ങുകള്‍ നടന്നു. അനവധി സന്ദര്‍ശകന്മാരും ഉണ്ടായിരുന്നു. സമ്മേളനങ്ങള്‍ക്ക് അദ്ധ്യക്ഷം വഹിച്ചത് ജസ്റ്റിസ് സര്‍. ടി. സദാശിവയ്യര്‍ ആയിരുന്നു. ഓരോ പ്രാസംഗികന്മാരും ഓരോ പ്രത്യേക മതത്തെ അല്ലെങ്കില്‍ പ്രസ്ഥാനത്തെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. മഞ്ചേരി രാമയ്യര്‍ (ബുദ്ധമതം), ഋഷിറാം (ആര്യസമാജം), സാധു ശിവ (ബ്രഹ്മസമാജം), മൌലവി (ഇസ്ലാംമതം), കുരുവിള (ക്രിസ്തുമതം), എ. ബി. സേലം (യഹൂദമതം). എന്നീ പ്രാസംഗികന്മാരുടെ പേരുകള്‍ ഓര്‍മയിലുണ്ട്. സമ്മേളനത്തില്‍ തൃപ്പാദങ്ങളും ഇടയ്ക്കിടെ സന്നിഹിതനാകുന്നുണ്ടായിരുന്നു.
സമ്മേളനങ്ങള്‍ കഴിഞ്ഞതിനു ശേഷം വീണ്ടും ഞാനും ആര്‍. കെ. ദാമോദരനും കൂടി ആശ്രമത്തിലേക്കു ചെന്നു. അവിടെ ഗുരുദേവന്‍ ഒരു ഗൃഹസ്ഥഭക്തനോടു സംഭാഷണം ചെയ്കയായിരുന്നു. ഞങ്ങള്‍ തൃപ്പാദങ്ങളുടെ സംഭാഷണം അതി ഭക്തിയോടും ശ്രദ്ധയോടും കൂടി കേട്ട് നിന്നു. ഒടുവില്‍ എന്നെ നോക്കി ഇപ്രകാരം പറഞ്ഞു, "വര്‍ക്കലയില്‍ ഒരു സ്കൂള്‍ തുറക്കുവാന്‍ പോകുന്നുണ്ട്, അപ്പൊ അവിടെ വരൂ, അവിടെ പഠിക്കാം കേട്ടോ." കുറച്ചു സമയം കൂടി കഴിഞ്ഞിട്ട് മറുപടി പറഞ്ഞിരുന്നുവെങ്കില്‍ അത്രയും സമയം കൂടി അവിടെ നില്‍ക്കാമായിരുന്നല്ലോ എന്ന് വിഷാദിച്ചു തൊഴുതുകൊണ്ട് ഞങ്ങള്‍ മടങ്ങി.