അന്നെനിക്ക് ഉദ്ദേശം നാലുവയസ്സ് പ്രായം. എന്റെ വന്ദ്യ പിതാവിന്‍റെ ഗുണഗണങ്ങളെ പറ്റി അറിയുവാനോ മുഖച്ഛായ ഓര്‍ക്കുവാനോ എനിക്ക് കഴിഞ്ഞിട്ടില്ല... കഴിയുന്നുമില്ല.
ഒരു ദിവസം പുലര്‍ച്ചയ്ക്ക് അച്ഛനും ഞാനും കൂടി ചില ഗൃഹകൃത്യങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ചില ചില്ലറ സാധനങ്ങള്‍ എന്തോ എടുത്തു വയ്ക്കുവാനായി ഞങ്ങള്‍ മുറ്റത്തേക്ക് ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ സാധനങ്ങള്‍ ഇടുവാനായി ഇറയത്തിരുന്ന ഒരു മരവി എടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഇത് പുറത്തെടുത്താല്‍ ആരെങ്കിലും കൊണ്ടുപോകും എന്ന് അച്ഛന്‍ പറഞ്ഞു. ആരും കൊണ്ടുപോവാതെ സൂക്ഷിച്ചു കൊള്ളാമെന്ന ഉദ്ദേശത്തോടുകൂടി അതെടുക്കുവാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. ഒട്ടും വിസമ്മതം കൂടാതെ എന്നെയും മരവിയും എടുത്തു അദ്ദേഹം മുറ്റത്തിറങ്ങി. ഞാന്‍ താഴെ ഇറങ്ങി നിലത്തു കിടന്നിരുന്ന സാധനങ്ങള്‍ (ഇരുമ്പാണി, പഴയ സാധനങ്ങള്‍ ) പെറുക്കി മരവിയില്‍ ഇടുവാന്‍ ഭാവിക്കുമ്പോഴേക്കും പടി കടന്നു ഒരു ഭിക്ഷു അവിടെ ആഗതനായി. അദ്ദേഹം ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു, അച്ഛനു നേരെ കൈ നീട്ടി. ആ മരവി എനിക്ക് തരണേ എന്ന് അഭ്യര്‍ത്ഥിച്ചു. തല്‍ക്ഷണം തന്നെ അച്ഛന്‍ ആ നല്ല മരവി അദ്ദേഹത്തിന്റെ അടുക്കലേക്കു നീട്ടി. മരവിയും വാങ്ങിച്ചു ഉപകാര സ്മരണയോടു കൂടി എന്തോ സംസാരിച്ചു കൊണ്ട് അദ്ദേഹം പോവുകയും ചെയ്തു. അച്ഛന്‍ പറഞ്ഞതുപോലെ സംഭവിച്ചതില്‍ അത്ഭുതവും, അത് കൊടുക്കേണ്ടാ എന്നുള്ള എന്‍റെ ശാഠ്യത്തെ നിരസിച്ചതില്‍ നീരസവും, വ്യസനവും എനിക്കപ്പോള്‍ തോന്നി.
ആ ഔദാര്യകൃത്യം കഴിഞ്ഞ് ഇപ്പോള്‍ രണ്ടു വ്യാഴവട്ടക്കാലത്തോളമായെങ്കിലും ഇപ്പോഴും എന്റെ സ്മൃതിപഥത്തില്‍ തെളിഞ്ഞു കിടക്കുന്നത് അതിന്‍റെ മാഹാത്മ്യം കൊണ്ടാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എനിക്ക് ഓര്‍മിക്കുവാന്‍ കഴിയുന്ന ആദ്യത്തെ സംഭവമാണത്.
ആ ഔദാര്യകൃത്യം കഴിഞ്ഞ് ഇപ്പോള്‍ രണ്ടു വ്യാഴവട്ടക്കാലത്തോളമായെങ്കിലും ഇപ്പോഴും എന്റെ സ്മൃതിപഥത്തില്‍ തെളിഞ്ഞു കിടക്കുന്നത് അതിന്‍റെ മാഹാത്മ്യം കൊണ്ടാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എനിക്ക് ഓര്‍മിക്കുവാന്‍ കഴിയുന്ന ആദ്യത്തെ സംഭവമാണത്.