ഗുരുകുലത്തില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവിടെ ഒരു മാസ്റ്ററും ഒരു വിദ്യാര്‍ഥിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. നടരാജന്‍ മാസ്റ്ററും മറ്റും ഹരികഥാകാലക്ഷേപവുമായി കിഴക്ക് ദേശങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു. ഒരു പുതിയ വിദ്യാര്‍ഥി കൂടി വന്നിട്ടുള്ള വിവരം അവിടെയുണ്ടായിരുന്ന മാസ്റ്റര്‍ നടരാജന്‍ മാസ്റ്റര്‍ക്ക് എഴുതി. അന്നുമുതല്‍ ഞാന്‍ അവിടെ താമസിക്കുവാന്‍ തുടങ്ങി. കഠിനമായ ശൈത്യമുള്ള മാസങ്ങള്‍ ആയിരുന്നു അത്. നേരം പുലര്‍ന്നു പുറത്തേക്കു നോക്കിയാല്‍ പച്ചപ്പട്ടിന്മേല്‍ പഞ്ചസാര തൂവിയിരിക്കുന്നതുപോലെ പുല്ലില്‍ മഞ്ഞു വീണു കിടക്കുന്നത് കാണാം. ഏകദേശം പത്തു പതിനൊന്നു മണിയോടു കൂടിയേ മഞ്ഞു നിശ്ശേഷം ഉരുകി തീരുകയുള്ളൂ. വെയിലിനു അക്കാലത്ത് ചൂട് വളരെ കുറവാണ്. ഊട്ടിയില്‍ മൂന്നാറിനെക്കാളും കുനൂരിനെക്കാളും വളരെ ശൈത്യം കൂടുതലാണെങ്കിലും
ഗുരുകുലത്തില്‍ അതിനാവശ്യമായ കമ്പിളി ചെരുപ്പ് മുതലായവ ലഭിച്ചിരുന്നു.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ കുട്ടികളും, മാസ്റ്റര്‍മാര്‍ ഓരോരുത്തരായും വന്നു തുടങ്ങി. ഏപ്രില്‍ മാസം മുതലാണ് സീസണ്‍ ആരംഭിക്കുന്നത്. അതുമുതല്‍ രണ്ടുമൂന്നു മാസക്കാലത്താണ് നീലഗിരി വാസം സുഖകരമായിട്ടുള്ളത്. മൈസൂര്‍, ഹൈദ്രാബാദ്, ബറോഡ, ജോഡ്പൂര്‍, ജയ്പ്പൂര്‍, വിജയനഗരം, തിരുവിതാംകൂര്‍, കൊച്ചി, കുഞ്ചുബീഹാര്‍ തുടങ്ങി ഇന്ത്യയിലെ മിക്ക രാജാക്കന്മാര്‍ക്കും ഊട്ടിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൊട്ടാരങ്ങളുണ്ട്. സെക്രട്ടറിയെറ്റ് (ഗവര്‍ണ്ണരുടെ ഓഫീസ്) ഈ മൂന്നു മാസങ്ങളിലും മദിരാശിയില്‍ നിന്നു മാറി ഊട്ടിയിലായിരിക്കും. ഈ കാലയളവില്‍ അവിടെ നടക്കുന്ന പല വിനോദങ്ങളില്‍ പ്രധാനമായവ കുതിര പന്തയവും പ്രദര്‍ശനവും ആണ്. ഗവണ്മെന്റ് വകയായി അതിമനോഹരമായ ഒരു തോട്ടമുണ്ട്. അവിടെ വച്ചാണ് പ്രദര്‍ശനം നടത്തുന്നത്. മഞ്ഞുകാലങ്ങളില്‍ അതിശൈത്യമുള്ള ദിവസം വെള്ളം ഉറച്ചു കട്ടിയാകുന്ന പോലെ ഈ അവസരങ്ങളില്‍ ഉണ്ടാവുകയില്ല. അങ്ങനെയുള്ള സീസണിന്റെ ആരംഭത്തില്‍ ആയിരുന്നു മാസ്റ്റര്‍മാരും മറ്റും വന്നത്. ആ സന്ദര്‍ഭത്തില്‍ ഇരുപതോളം കുട്ടികളും നാലഞ്ചു മാസ്റ്റര്‍മാരും ഉണ്ടായിരുന്നു. വലിയ മാസ്റ്ററെ കൂടാതെ ചെറായിക്കാരനായ ഒരു ആര്‍ട്ടിസ്റ്റും ഒരു കാര്‍പന്റ്ടര്‍, വര്‍ക്കലക്കാരനായ ഒരു സംസ്കൃത ശിരോമണി, സബര്‍മതി ആശ്രമത്തില്‍ നിന്നും ഒരു ഹിന്ദു പണ്ഡിതന്‍, തലശ്ശേരിക്കാരനായ ഒരു തുന്നല്‍ മാസ്റ്റര്‍ എന്നിവര്‍ അവിടെ താമസിച്ചു വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരുന്നു. ഇവയ്ക്കു പുറമേ സംഗീതവും പഠിപ്പിക്കുന്നുണ്ടായിരുന്നു.