Tuesday, August 7, 2012

പേജ് 20 (ഗുരുകുല വിദ്യാഭ്യാസം )

ഗുരുകുലത്തിലെ ഉപാദ്ധ്യായന്‍മാര്‍ക്കൊന്നും ശമ്പളം ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ ചുരുക്കം ചിലര്‍ ഹോസ്റ്റല്‍ ഫീസ്‌ അഞ്ചും പത്തും ഉറുപ്പിക കൊടുത്തിരുന്നു. ഊട്ടിയിലും കുന്നൂരിലും മറ്റുമുള്ള മാന്യന്മാരുടെ ധനസഹായത്തില്‍ ആയിരുന്നു ആ സ്ഥാപനം നടന്നുകൊണ്ടിരുന്നത്‌. കൂടാതെ വര്‍ഷത്തില്‍ ഒന്നു രണ്ടു പ്രാവശ്യം ഹരികഥാ കാലക്ഷേപം, ഡ്രാമ മുതലായവ കുട്ടികളെ കൊണ്ട് നടത്തിച്ചും ധന സമാഹരണം നടത്തുമായിരുന്നു. ഇതിനു പുറമേ സീസന്‍ കാലങ്ങളില്‍ ഊട്ടിയില്‍ സുഖവാസാര്‍ത്ഥം വന്നിരുന്ന പ്രഭുക്കന്മാരിലും രാജാക്കന്മാരിലും ചിലര്‍ നല്ല നല്ല സംഭാവനകളും ചെയ്തു വന്നിരുന്നു. 

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, ആഹിംസാപരമോധര്‍മ്മ" എന്നീ സന്ദേശങ്ങളാല്‍ അതീതങ്ങളായ പതാകകളാലും, ഗുരുദേവന്റെമനോഹരമായ ഒരു ഛായാപടത്താലുംഅലങ്കരിക്കപ്പെട്ടിരുന്ന ഒരു ഹാളില്‍ ആയിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്. സാധാരണ ഹൈസ്കൂളുകളിലും കോളേജുകളിലും നടന്നിരുന്ന രീതിയിലല്ല, പകരം പ്രാചീന കാലങ്ങളില്‍ ഗുരുകുല സമ്പ്രദായത്തില്‍ നല്‍കി വന്നിരുന്ന വിദ്യാഭ്യാസ രീതിയിലായിരുന്നു ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ഓരോ വിദ്യാര്‍ഥിയും അവനവന്‍റെ ബുദ്ധിക്കുംകഴിവിനും വാസനയ്ക്കും അനുയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത്, അവനവന്‍റെ കഴിവിനനുസരിച്ച് പാഠങ്ങള്‍ അതാതു ഗുരുക്കന്മാരില്‍ നിന്നും അഭ്യസിച്ചു വന്നു. പരീക്ഷയോ ക്ലാസ്സ് കയറ്റം എന്ന സമ്പ്രദായമോ ഒന്നും ഉണ്ടായിരുന്നില്ല. 

ശനിയാഴ്ച ദിവസങ്ങളില്‍ സന്ധ്യയായാല്‍ ഗുരുകുലത്തില്‍ ഭജന നടത്താറുണ്ട്‌. അന്നേ ദിവസം വൈകുന്നേരം ഊട്ടിയില്‍ നിന്നു ഗുരുകുലത്തോട്‌ അനുഭാവമുള്ള മാന്യന്മാരും ചില അവസരങ്ങളില്‍ മഹതികളും സന്നിഹിതരായിരിക്കും. ഒരു മണിക്കൂര്‍ സമയം കൊണ്ട് ഭജന അവസാനിക്കും. അതിനു ശേഷം സകലര്‍ക്കും ലഘുഭക്ഷണം കൊടുക്കും. പിന്നീട് വിദ്യാര്‍ഥികളുടെ വാദപ്രതിവാദങ്ങള്‍ ആയിരിക്കും നടക്കുന്നത്. ചിലയവസരങ്ങളില്‍ ഗുരുകുല ബന്ദ്ധുക്കളും ഞങ്ങളുടെ വാദങ്ങളില്‍ പങ്കു കൊള്ളാറുണ്ട്‌. വാദ വിഷയം അന്നു പകല്‍ തന്നെ നടരാജന്‍ മാസ്റ്റര്‍ ബോര്‍ഡില്‍ എഴുതും. വിദ്യാര്‍ഥികല്‍ രണ്ടു ഭാഗങ്ങള്‍ ആയി പിരിഞ്ഞ് ആ വിഷയത്തെ കുറിച്ച് ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വാദിക്കും. ആ വാദപ്രതിവാദം ചിലപ്പോള്‍ നാലു മണിക്കൂറോളം നീളും. ശനിയാഴ്ച ഉച്ചതിരിഞ്ഞ ശേഷവും ഞായറാഴ്ച മുഴുവനും അനദ്ധ്യായ ദിവസങ്ങള്‍ ആണ്. ഞായറാഴ്ച ഉച്ച തിരിഞ്ഞു ഏതെങ്കിലും വിഷയത്തെ കുറിച്ച് എല്ലാ വിദ്യാര്‍ഥികളുടെയും അദ്ധ്യാപകന്‍മാരുടെയും ശ്ലോകങ്ങള്‍ ഉണ്ടാകും. ചില അവസരങ്ങളില്‍ ഇതിനു പകരം അക്ഷര ശ്ലോകങ്ങള്‍ ആയിരിക്കും നടക്കുന്നത്.

ഗുരുകുലത്തില്‍ വേലക്കാരോ പരിചാരകരോ ഉണ്ടായിരുന്നില്ല. സകല പ്രവൃത്തികളും വിദ്യാര്‍ഥികള്‍ തന്നെയാണ് ചെയ്തു വന്നിരുന്നത്. എന്നുവച്ചാല്‍ ഭരണം മുതല്‍ തൂപ്പുപണി വരെ അവരവര്‍ തന്നെ നിര്‍വഹിച്ചിരുന്നു. ഊട്ടിയില്‍ പോയി അരിയും സാധനങ്ങളും വാങ്ങിച്ചു കൊണ്ടുവരിക, കാട്ടില്‍ പോയി വിറകു വെട്ടിക്കൊണ്ടുവരിക, കായ്കറികള്‍ കൃഷിചെയ്യുക, ഗുരുകുലവും പരിസരവും ശുചിയായി വയ്ക്കുക,  ഊട്ടിയിലും കുന്നൂരിലും അയല്‍ ദേശങ്ങളിലും പോയി പ്രതിമാസത്തുക പിരിക്കുക, മുതലായ കൃത്യങ്ങള്‍ എല്ലാം ഞങ്ങള്‍ തന്നെനിര്‍വഹിച്ചു വന്നിരുന്നു. ഇങ്ങനെ മറ്റുള്ള പ്രവൃത്തികളുടെ ആലസ്യം കൊണ്ട് കുട്ടികള്‍ക്ക് പഠിക്കുവാനും വിശ്രമിക്കുവാനും സൗകര്യംപോരാതെ വന്നു. ഈ കാര്യം ചില മാന്യന്മാര്‍ വലിയ മാസ്റ്ററെ അറിയിക്കുകയും മറ്റു പ്രവൃത്തികള്‍ക്കായി ഒരു ജോലിക്കാരനെ നിയമിക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഗുരുകുല വിദ്യാര്‍ഥികള്‍ നല്ല ത്യാഗികള്‍ ആവണം എന്ന വിചാരക്കാരനായിരുന്നു മാസ്റ്റര്‍. അതുകൊണ്ട് അവര്‍ ചെയ്യേണ്ടതായ പ്രവൃത്തി, തങ്ങള്‍ യജമാനന്മാരാണെന്നുള്ള ഭാവത്തില്‍ മറ്റൊരാളെക്കൊണ്ട് എടുപ്പിക്കുന്നത് ശരിയല്ല എന്നായിരുന്നു മാസ്റ്ററുടെ മറുപടി.