ഗുരുകുല സാഹിത്യ സമാജത്തിന്‍റെ സെക്രട്ടറിയായി ആ കൊല്ലം എന്നെ നിയമിച്ചു. അടുത്ത ഏപ്രില്‍ മാസത്തില്‍ സമാജത്തിന്‍റെ രണ്ടാമതു വാര്‍ഷികം കൊണ്ടാടി. അന്നേ ദിവസം ഒരു തേയില സല്‍ക്കാരവും അതിഥികള്‍ക്കു നല്‍കിയിരുന്നു. ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ ഒരു രംഗവും മൃച്ഛകടികത്തിലെ ഒരു രംഗവും അന്ന് ഞങ്ങള്‍ അഭിനയിക്കുകയുണ്ടായി. ജൂലിയസ് സീസറിലെ ബ്രൂട്ടസിന്‍റെ ഭാഗവും മൃച്ഛകടികത്തില്‍ ഒരു ദ്യുതാകരന്റെ ഭാഗവുമായിരുന്നു ഞാന്‍ അഭിനയിച്ചത്.
ഗുരുദേവന്‍റെ പ്രധാന ശിഷ്യനായ ബോധാനന്ദസ്വാമികള്‍ ആയവസരത്തില്‍ ഗുരുകുലത്തിലുണ്ടായിരുന്നു. സ്വാമികളെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അന്നാണ്. സ്വാമികള്‍ക്ക് കുട്ടികളോടെല്ലാവരോടും വളരെ വാത്സല്യമായിരുന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സ്വാമികള്‍ കൊയമ്പത്തൂരിലേക്ക് പോവുകയും ചെയ്തു.
മെയ് മാസത്തില്‍ ഞങ്ങള്‍ ടിക്കറ്റ് വച്ച് ഊട്ടിയില്‍ ഒരു കലാപരിപാടി നടത്തുകയുണ്ടായി. 1 ഉറുപ്പിക മുതല്‍ 5 ഉറുപ്പിക വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഡാന്‍സ്, കേരളത്തിലെ കഥകളിയുടെ രീതി എന്നീ രണ്ടിനങ്ങളില്‍ ഞാനും ഉണ്ടായിരുന്നു. പ്രസിദ്ധ നടനും കവിയുമായ ശ്രീജിത്ത് ഹരിനാഥ ചാതോപാദ്ധ്യായനും, പത്മിനി കമലാദേവിയും ഞങ്ങളുടെ പരിപാടികളില്‍ ചിലതില്‍ സഹകരിച്ചിരുന്നു. അന്നത്തെ മാന്യന്മാര്‍ അറയ്ക്കല്‍ രാജാവും, തിരുവിതാംകൂര്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവും, അദ്ദേഹത്തിന്‍റെ അന്നത്തെ ഉപാദ്ധ്യായന്‍ മി.സോഡ്മെണ്‍ ഐ. സി. എസ്സും. പത്നിയും അതില്‍ സഹകരിച്ചിരുന്നു.
പിറ്റേ മാസം അതായത് 1929 ജൂണ്‍ 16ന് ഗുരുകുലത്തിന്റെ തൃതീയ വാര്‍ഷിക മഹാസമ്മേളനം തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അദ്ധ്യക്ഷതയില്‍ ഗുരുകുലത്തില്‍ വച്ച് നടത്തുകയുണ്ടായി. സര്‍ സി.വി. രാമസ്വാമി അയ്യര്‍, സര്‍ എ. പി. പത്രോ എന്നിവരും നടരാജന്‍ മാസ്റ്ററും അന്ന് പ്രസംഗിച്ചിരുന്നു. തിരുവിതാംകൂര്‍ ജൂനിയര്‍ മഹാറാണി, കോയിത്തമ്പുരാന്‍, ബോബിലിരാജ മുതലായവരും സന്നിഹിതരായിരുന്നു. ഗുരുകുലത്തിന്റെ ആവശ്യത്തിലേക്ക് പുതുതായി പണിയുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മവും അദ്ധ്യക്ഷന്‍ നിര്‍വഹിച്ചു. ചുരുക്കമായി ടൈപ്പു ചെയ്തു കൊണ്ടുവന്ന അദ്ധ്യക്ഷപ്രസംഗം മഹാരാജാവ് വായിച്ച ശേഷം മറ്റു ചടങ്ങുകളോടെ യോഗം പിരിഞ്ഞു.