Thursday, November 24, 2011

പേജ് 3 (സാമുദായിക പരിഷ്കരണം)

താലികെട്ടുകല്യാണം, തിരണ്ടു കല്യാണം, കൊഴിവെട്ടു തുടങ്ങി അക്കാലത്ത് വളരെ പ്രാബല്യത്തിലിരുന്ന അനേകം ആചാരങ്ങളെ ധ്വംസനം ചെയ്യുവാന്‍ അച്ഛന്‍ തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരുന്നു. എന്റെ മൂത്ത സഹോദരിയെ   കെട്ടുകല്യാണം   കഴിക്കാതെ പ്രജാപത്യവിധി പ്രകാരമാണ് വിവാഹം നടത്തിയത്. ആ വിവാഹത്തെപ്പറ്റിയുള്ള ചെറിയ ഓര്‍മ വിവരിക്കാം.

വധൂ ഗൃഹത്തില്‍ പോകുവാന്‍ തയ്യാറായി നിന്നിരുന്ന ജേഷ്ടന്‍ ഒരു കൊട്ടും ഷര്‍ട്ടും ധരിച്ചിരുന്നു. അത് പഴയ സമ്പ്രദായത്തിലുള്ളവയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ശിഖ ബന്ധിച്ചിട്ടിരുന്നു. ശിരസ്സില്‍ ഒരു തൊപ്പിയും അരയില്‍ ഒരു ബല്‍റ്റും ധരിച്ചിരുന്നു. ഒരു പാവുമുണ്ടാണെന്നു തോന്നുന്നു ഉടുത്തിരുന്നത്. ഇങ്ങനെ ഇവരുടെ വിവാഹവും മറ്റും കഴിച്ചതില്‍ നാട്ടിലെ ഈഴവര്‍ മുഴുവന്‍ ക്ഷോഭിക്കുകയും തല്‍ഫലമായി അച്ഛന് വളരെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. ഇതേപ്പറ്റി എറണാകുളത്തെ സാധുയാഗാനന്ദ ഒരവസരത്തില്‍ ഞാനുള്ളപ്പോള്‍ ഒരു മാന്യനോട് ഇപ്രകാരം പറഞ്ഞു. "മി. ധര്‍മ്മരാജന്‍റെ അച്ഛന്‍ എത്ര നല്ല ഒരു സാമുദായിക പരിഷ്കാരിയായിരുന്നെന്നറിയാമോ? ആ പറങ്കിയുടെ കാലത്ത് ഇതിനായി അദ്ദേഹം വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ട്."  

അച്ഛന്റെ പ്രധാന സ്നേഹിതന്മാര്‍ അകത്തുട്ട് വേലു വൈദ്യന്‍, കൃഷ്ണന്‍ വൈദ്യന്‍, കവി തിലകന്‍, കെ പി കറുപ്പന്‍, എ കുട്ടമ്പു മുന്‍ഷി (പവിത്രന്‍ വക്കീലിന്റെ പിതാവ്), സി. വി. ഗോവിന്ദന്‍ ബാലന്‍ എന്നിവരായിരുന്നു. ഒടുവിലത്തെ രണ്ടുപേരും സാമുദായിക കാര്യങ്ങളില്‍ അച്ഛനെ   സഹായിക്കുകയും സഹകരിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് നടപ്പിലിരുന്ന ചുരുക്കം ചില മാസികകളും പത്രങ്ങളും ഇവര്‍ വരുത്തി വായിക്കുകയും പത്രവായനയില്‍ ജനങ്ങളില്‍ അഭിരുചി ഉളവാക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഗോവിന്ദന്‍ ബാലന് അച്ഛനോട് മറ്റുള്ളവരേക്കാള്‍ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു.