എന്റെ ഗുരുകുല വാസത്തെപ്പറ്റി എഴുതുന്നതിനു മുന്‍പായി അതുവരെയുള്ള എന്‍റെ ജീവിതത്തിലെ വേറൊരു ഭാഗം ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്.
എനിക്ക് ഏകദേശം നാല് വയസ്സ് പ്രായം ഉണ്ടായിരുന്നപ്പോള്‍ ഒരു ദിവസം ഞാന്‍ എന്‍റെ അമ്മൂമ്മയോട് (അച്ഛന്‍റെ ഇളയമ്മ) കൂടി സന്ധ്യാ സമയത്ത് വീട്ടിലേക്കു വരികയായിരുന്നു. വഴിയില്‍ വച്ച് ഒരു കണക്കത്തി എന്റെ അരികില്‍ കൂടി കടന്നുപോയി. അവര്‍ അകന്നു പോകാതിരുന്നത് കൊണ്ട് അമ്മൂമ്മ അവരെ വളരെ ശകാരിക്കുകയും വീട്ടില്‍ വന്ന ഉടനെ എന്റെ കുപ്പായം അഴിച്ചു വെള്ളത്തിലിടുകയും ചെയ്തു. ഈ സംഗതി അച്ഛന്‍ അറിഞ്ഞപ്പോള്‍ അമ്മൂമ്മയെ ശകാരിക്കുകയാണ് ചെയ്തത്. അച്ഛന് തീണ്ടലും ജാതി വ്യത്യാസവും ഇല്ലായിരുന്നു. ആ കാലത്ത് പുലയന്മാര്‍ക്കും മറ്റും ഇവിടുത്തെ വെട്ടു വഴിയില്‍ കൂടി സഞ്ചരിച്ചു കൂടായിരുന്നു. കണക്കത്തി അടുത്തുകൂടി പോയിട്ട് എനിക്കൊന്നും ഉണ്ടായില്ലല്ലോ പിന്നെ എന്തിനാണ് എന്‍റെ ഉടുപ്പ് അമ്മൂമ്മ നനച്ചു കളഞ്ഞത് എന്ന് ഞാന്‍ ചോദിച്ചതിനു 'അവള് എന്റെ മോനെ തീണ്ടിയില്ലേ' എന്നായിരുന്നു വൃദ്ധയുടെ ഉത്തരം. അന്നായിരുന്നു തീണ്ടലിന്‍റെ വികൃത വേഷങ്ങളില്‍ ഒന്ന് ഞാന്‍ ആദ്യമായി കണ്ടത്.
1917- ല്‍ ആണെന്ന് തോന്നുന്നു സഹോദര സംഘം ആരംഭിച്ചത്. അതിനു ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വിവാഹപ്പന്തലില്‍ വച്ച് മൂത്ത അമ്മാവനും കാട്ടുപാടത്തെ കൃഷ്ണന്‍ വൈദ്യനും കൂടി മിശ്ര ഭോജനത്തെയും മി. അയ്യപ്പന്‍. ബി. ഏ യേയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുകയായിരുന്നു. പുലയന്‍ ആശുദ്ധിയുള്ള മനുഷ്യനാകയാല്‍ അവനോടു കൂടിയുള്ള സഹഭോജനം നിന്ദ്യമാണെന്നായിരുന്നു അമ്മാവന്റെ അഭിപ്രായം. പുലയന്‍ ശുചിയുള്ളവന്‍ ആയിരുന്നാല്‍ എന്തുകൊണ്ട് അവനോടു കൂടി സഹഭോജനം ചെയ്തുകൂടാ എന്നും ഈഴവന്‍ ആശുചിയുള്ളവന്‍ ആയിരുന്നാലും എന്തുകൊണ്ട് അവനോടു കൂടി സഹഭോജനം ചെയ്യുന്നുവെന്നും ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ഇപ്രകാരമുള്ള എന്‍റെ അഭിപ്രായം ബലപ്പെട്ടു വന്നു. 1923-ല്‍ ഓച്ചന്തുരുത്തില്‍ വച്ച് നടന്ന ഒരു മിശ്ര ഭോജനത്തില്‍ ഞാനും സഹകരിച്ചു. ഈ ദേശത്ത് അത് ആദ്യമായിട്ട് നടക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് അടുത്ത ആഴ്ചയും അവിടെ ഒരു മിശ്രഭോജനം നടത്തി. വൈപ്പിന്‍ നിന്നും മൂത്ത ജേഷ്ടനും, സി. വി. പരമുവും ഞാനും ഉണ്ടായിരുന്നു. ഭക്ഷണാനന്തരം സ്വാമി തൃപ്പാദങ്ങളുടെ ഏകജാതി സന്ദേശത്തെ കുറിച്ച് മി.എം.കെ.നാരായണനും മറ്റും പ്രസംഗിക്കുകയുണ്ടായി. അങ്ങനെ ആ സമ്മേളനവും അവസാനിച്ചു. പിന്നീട് ഭ്രഷ്ട് കാരുടെ വേലയായിരുന്നു നടന്നത്. അവരെ ഭയപ്പെട്ടു ആദ്യമാദ്യം ഞങ്ങളെ ശകാരിച്ചിരുന്ന അമ്മാവന്‍ പിന്നീട് ഞങ്ങളുടെ അഭിപ്രായത്തോട് യോജിക്കുകയാണ് ചെയ്തത്. ഈ നാട്ടിലുള്ള ഈഴവ കുടുംബങ്ങള്‍ മിക്കതും ഞങ്ങളുടെ അടിയന്തിരങ്ങളില്‍ സഹകരിക്കാതെയും അവരുടെതിനു ഞങ്ങളെ ക്ഷണിക്കാതെയുമിരുന്നു. സഹോദര പ്രസ്ഥാനക്കാര്‍ കൊച്ചിയിലും വടക്കും ഭാഗത്ത് കുറേശ്ശെയായിട്ടെങ്കിലും ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ അടിയന്തിരങ്ങള്‍ എല്ലാം ഭംഗിയായി തന്നെ നടന്നു. വിശുദ്ധ കക്ഷികള്‍ ആയിരുന്ന യഥാസ്ഥിതിക്കാര്‍ക്ക് ഞങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കുന്നതില്‍ വിരോധമില്ലെന്നുള്ള സ്ഥിതിയുണ്ടാകാന്‍ പിന്നീട് എട്ടുപത്ത് കൊല്ലങ്ങളോളം വേണ്ടിവന്നു.
ആ അവസരങ്ങളില്‍ ഗുരുദേവന്റെ മഹാ സന്ദേശവാഹകരായിരുന്ന പരേതനായ സത്യവ്രത സ്വാമികള്‍, അയ്യപ്പന്‍ മാസ്റ്റര്‍ മുതലായവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എത്ര ദൂര സ്ഥലങ്ങളിലും ഞാന്‍ പോയ്ക്കൊണ്ടേ ഇരുന്നു. മീറ്റിങ്ങുകള്‍ മിക്കവാറും സ്കൂള്‍ ഒഴിവു ദിവസങ്ങളില്‍ ആയിരുന്നു. അതിനാല്‍ ആ ഒരു സൗകര്യം കൂടിയുണ്ടായിരുന്നു. അവരുടെ പ്രസംഗങ്ങള്‍ ഞാന്‍ ആദ്യമായി കേട്ടത് കൊച്ചിയില്‍ സിനിമാ ഹാളില്‍ വച്ചായിരുന്നു. 1922- ല്‍ മഹാകവി കുമാരനാശാന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു ആ മഹായോഗം നടന്നത്. കുമാരനാശാനെ ആദ്യമായും അവസാനമായും ഞാന്‍ കണ്ടത് അന്നാണ്. (ആ സംഗമം കഴിഞ്ഞു ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് സ്വതന്ത്ര ചിന്തകനായ ആ മഹാ കവി നിര്യാതനായി.) ആ സദസില്‍ സുപ്രസിദ്ധ വാഗ്മികളായ സ്വാമി ശിവപ്രസാദ, സ്വാമി സത്യവ്രതന്‍, മി.ടി.കെ.മാധവന്‍ എന്നിവരും പ്രാസംഗികന്മാരായിരുന്നു. മി.കെ.അയ്യപ്പന്‍, കവി തിലകന്‍, കെ.പി.കറുപ്പന്‍, പാഴാടന്‍അച്ചു എന്നിവരും അന്നത്തെ പ്രാസംഗികരില്‍ ഉള്‍പ്പെട്ടിരുന്നു. കൊച്ചി തിരുമല ദേവസ്വം ഹൈസ്കൂളില്‍ അഹിന്ദു വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രവേശനം ഉണ്ടായിരിക്കെ ഈഴവാദി സമുദായക്കാര്‍ക്ക് പ്രവേശനം ഇല്ലാത്തതിനെപ്പറ്റി ആക്ഷേപിക്കുകയായിരുന്നു മീറ്റിംഗ് കൂടിയതിന്റെ ഉദ്ദേശങ്ങളില്‍ ഒന്ന്. അന്നത്തെ യോഗം മംഗളകരമായി പര്യവസാനിച്ചു. അവരുടെ പ്രസംഗങ്ങള്‍ പിന്നീട് പല അവസരങ്ങളിലും കേള്‍ക്കുവാന്‍ ഞാന്‍ പോയിരുന്നു.