അച്ഛന്‍റെ ഉദാരശീലത്തെപ്പറ്റി വളരെ പ്രശംസിച്ചു ഈ ദേശങ്ങളിലെ വിവിധ സമുദായക്കാരായ പലരും പറയുന്നത് കേട്ടിട്ടുണ്ട്.
1931-ല്‍ ഈ ദേശത്തുള്ള കൃസ്ത്യാനികള്‍ ഒരുവശത്തും ഈഴവരും വാലന്മാരും മറുവശത്തുമായി പ്രമാദമായ ഒരു വഴക്ക് നടന്നിരുന്നു. ഈഴവര്‍ക്കും മറ്റും എതിരായി കൃസ്തീയ പക്ഷത്തു നിന്നവരിലോരാലായ മി. സി. ടി. ജോസഫ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അഞ്ചാറാളുകള്‍ കൂടിയിരുന്ന ഒരു ചെറു സംഘത്തില്‍ വച്ച് സന്ദര്‍ഭവശാല്‍ ഇങ്ങനെ സംസാരിക്കുവാന്‍ തുടങ്ങി _ "ഞാന്‍ വിവാഹം കഴിക്കുന്നതിനെല്ലാം മുന്‍പ് ഒരിക്കല്‍ പാപ്പുച്ചോന്‍റെ (അച്ഛന്‍റെ) മരുന്ന് പീടികയില്‍ പോയിരുന്നു. അപ്പന്‍റെ ഉറ്റ സ്നേഹിതനായിരുന്നു പാപ്പുച്ചോന്‍. പാപ്പുച്ചോന്‍ എന്നോട് "ആട്ടെ മനസിലായി കേട്ടോ" എന്ന് പറഞ്ഞു. യാതൊരു മുഖവുരയും കൂടാതെ ഇങ്ങനെ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാകാതെ ഞാന്‍ ആശ്രിതഭാവത്തില്‍ 'പറഞ്ഞത് എനിക്കു മനസിലായില്ല' എന്നദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ വീണ്ടും അദ്ദേഹം അതെ വാക്കുകള്‍ പറഞ്ഞതല്ലാതെ ഒന്നും വിശദീകരിച്ചില്ല. ആ ദിവസം മുതല്‍ എനിക്കു അതെ വിചാരം തന്നെയായി. ഞാന്‍ എന്തെങ്കിലും അകൃത്യം ചെയ്യുന്നുണ്ടോ എന്നുള്ള ശ്രദ്ധ എനിക്കു എപ്പോഴുമുണ്ടായി. അക്കാലങ്ങളില്‍ ഞാനൊരു വികൃതിക്കാരനും പതിവായി നാടകം കാണുവാന്‍ പോകുന്നവനും ആയിരുന്നു. അന്ന് മുതല്‍ ഞാന്‍ അതെല്ലാം അപ്പാടെ നിറുത്തിയെന്നു തന്നെ പറയാം. എന്‍റെ ഭയം മുഴുവന്‍ ഇതിനെപറ്റി പാപ്പുച്ചോന്‍ അപ്പനോട് പറഞ്ഞു കൊടുത്തെങ്കിലോ എന്നതായിരുന്നു. അങ്ങനെ വരുന്ന പക്ഷം അപ്പനെന്നെ നിര്‍ദ്ദയമായി ശിക്ഷിക്കുമെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. പിന്നീട് പാപ്പുച്ചോനെ കാണുമ്പോള്‍ ഈ പ്രശ്നം എന്താണെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനുത്തരം പറയാതെ വേറെ വിഷയങ്ങളില്‍ പ്രവേശിച്ചുകൊണ്ടിരുന്നു. അങ്ങനെ രണ്ടുമാസം കഴിഞ്ഞു. ആ കാലഘട്ടങ്ങളില്‍ അപ്പന്‍റെ ശിക്ഷയെ ഭയന്ന് യാതൊരു കുറ്റകൃത്യവും ചെയ്യാതെ ഞാന്‍ കഴിച്ചു കൂട്ടി. പിന്നീടൊരിക്കല്‍ പാപ്പുച്ചോന്‍ എന്‍റെ ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു. "പറഞ്ഞതിനെക്കുറിച്ച് വിചാരമുണ്ടാകുമോ എന്നറിവാനാണ്" പാപ്പുച്ചോന്‍റെ സൂത്രം ആയിരുന്നു അതെന്നു അപ്പോഴാണ് മനസിലായതെന്നും പറഞ്ഞു മി. സി. ടി. അദ്ദേഹത്തിന്‍റെ സംസാരം അവസാനിപ്പിച്ചു. വെറും രണ്ടുമൂന്നു വാക്കുകള്‍ കൊണ്ട് മി. സി.ടി. യുടെ സ്വഭാവം സംസ്കരിക്കുവാന്‍ അച്ഛനു കഴിഞ്ഞു!