തൃപ്പാദങ്ങള്‍ വന്ന ദിവസം രാത്രി അദ്ദേഹത്തിന്‍റെ മുറിയില്‍ കാര്‍ ഡ്രൈവറും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല ശൈത്യമുണ്ടായിരുന്നതിനാല്‍ തൃപ്പാദങ്ങളുടെ കട്ടിലിനു സമീപം ചിമ്മിനിയില്‍ ഞാന്‍ തീ കത്തിച്ചു കൊണ്ടിരുന്നു. ഗുരുദേവന്‍ എന്റെ സ്വദേശം എവിടെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ചോദിക്കുകയും ഒരിക്കല്‍ ഓച്ചന്തുരുത്തില്‍ വന്നിട്ടുള്ളതായി പറയുകയും ചെയ്തു. പിന്നീട് ഊട്ടിയെ സംബന്ദ്ധിച്ചുള്ള പലേ വിവരങ്ങളും എന്നോട് ചോദിക്കുകയുണ്ടായി. അതിനു ശേഷം മലയുടെ ഉയരം അറിയുവാനുള്ള ഒരു മാര്‍ഗം പറഞ്ഞു തന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിപ്പോള്‍ എനിക്ക് ശരിക്കും ഓര്‍മയില്ല.
നീലഗിരിയിലുള്ള മലയാളികളും തമിഴന്മാരായ സ്ത്രീ പുരുഷന്മാരും ദിവസേന തൃപ്പാദങ്ങളെ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. ഉദ്യോഗസ്ഥരായ ബ്രാഹ്മണരും, നായന്മാരും, തീയന്മാരും, പറയന്മാരും ഒരേ സമയത്ത് ഗുരുദേവ സന്നിധിയില്‍ സംഭാഷണം ചെയ്തു കൊണ്ടിരുന്ന അവസരത്തില്‍ അവരുടെ വേഷം കൊണ്ട് പരസ്പരം തിരിച്ചറിയാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ ജാതി വ്യത്യാസത്തിന്‍റെനിരര്‍ത്ഥതയെപ്പറ്റി തൃപ്പാദങ്ങള്‍ അവരോടു സംസാരിച്ചു. കേരളത്തിലെ പോലെ ജാതി വ്യത്യാസം കൂടുതലായി അന്യ ദേശങ്ങളില്‍ ഇല്ലാത്തതുകൊണ്ട് കേരളത്തിലെപട്ടന്മാരെക്കാളും നായന്മാരെക്കാളും നീലഗിരിയിലെ പട്ടരും നായരും ഉല്‍പ്പനിഷ്ണത്വമുള്ളവരായിരുന്നു. ഗുരുദേവന്‍റെ അഭിപ്രായത്തെ അനുകൂലിച്ചു കൊണ്ട് ഒരു പട്ടര്‍ ഇങ്ങനെ പറഞ്ഞു, "ഇന്ത്യാക്കാര്‍ ജാതിവ്യത്യാസം ഉപേക്ഷിക്കാതിരുന്നാല്‍ മഹാന്മാരായ ആളുകള്‍ ജാതിവ്യത്യാസമില്ലാത്ത മറ്റു നാടുകളിലെ ജനിക്കുകയുള്ളൂ, ഇന്ത്യയില്‍ ജനിക്കുകയില്ല."
"ഹിന്ദുമതം നല്ല മതമാണ്, പക്ഷെ അതില്‍ കല്ലും മുള്ളും കിടപ്പുണ്ട്. അവ വാരിക്കളഞ്ഞാല്‍ വളരെ നല്ല മതമാണ് ഹിന്ദുമതം" എന്ന് ആ അവസരത്തില്‍ ഗുരുദേവന്‍ പറയുമ്പോള്‍ ഹിന്ദു മതത്തില്‍ പ്രതിപത്തിയുള്ള ആളുകളായിരുന്നു അവിടെ ഉണ്ടായിരുന്നവരെല്ലാം എന്നത് എടുത്തുപറയേണ്ട ഒന്നാണ്.