Saturday, October 6, 2012

പേജ് 23 (ആദ്യ ഗുരുദേവ ദര്‍ശനം)

1923 ല്‍ കാളിക്കുളങ്ങര  എന്ന സ്ഥലത്തുവച്ചായിരുന്നു  ഞാന്‍ ഗുരുദേവനെ ആദ്യമായി ദര്‍ശിച്ചത്. അന്നേ ദിവസം അവിടെ വമ്പിച്ച ഒരു യോഗം കൂടുന്നുണ്ടായിരുന്നു. ഈ ദേശത്തുനിന്നും കുറെ ചെറുപ്പക്കാര്‍ പോകുന്നുണ്ടായിരുന്നു. അവരോടൊപ്പം ഞാനും ഇളയ ജേഷ്ഠനും പോയിരുന്നു. തൃപ്പാദങ്ങള്‍ ഒരു ചെറിയ കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാവരും അടുത്തുചെന്നു. സ്നേഹം മൂര്‍ത്തീകരിച്ച ഒരു യഥാര്‍ത്ഥ യോഗിയെ അവിടെ കണ്ടു. ഞങ്ങള്‍ എല്ലാവരും ഭക്തി പാരവശ്യത്താല്‍ കുറേനേരം നിന്നുപോയി. കുറെ മണിക്കൂറുകള്‍ കഴിഞ്ഞു മഹാ യോഗത്തിന് സമയമായപ്പോള്‍ ഗുരുദേവന്‍ പ്ലാറ്റ്ഫോമിലെ ഒരു കസാലയില്‍ വന്നിരുന്നു. ആ സന്ദര്‍ഭത്തില്‍ ആലുവ അദ്വൈദാശ്രമം വക സംസ്കൃത സ്കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളും അഞ്ചാറു പുലയ യുവാക്കളും ആ തൃപ്പാദ സന്നിധിയില്‍ താണു നമസ്കരിച്ചു. അക്കാലത്ത് ആ ഹാളിലെന്നല്ല ആ പ്രദേശത്തു പോലും ആ സാദുക്കള്‍ക്ക് സഞ്ചാര സ്വാതന്ത്യം ഉണ്ടായിരുന്നില്ല. അവര്‍ തൊഴുതു എഴുന്നേല്‍ക്കുമ്പോഴേക്കും ഗുരുദേവന്‍റെ നയനങ്ങളില്‍ അശ്രുരസം നിറഞ്ഞു. പന്തലില്‍ നിറഞ്ഞിരുന്ന അനേകായിരം ആളുകള്‍ നിശബ്ദരായി ഭക്തിയോടെ ഇരുന്നു. തേവന്‍ എന്ന് പേരായ ഒരു പുലയ യുവാവും മുന്‍ പറഞ്ഞ ചെറുസംഘത്തില്‍ ഉണ്ടായിരുന്നു. തേവനും വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞപ്പോള്‍ ഗുരുദേവന്‍ "തേവന്‍ അല്ല ദേവനാണ് അവര്‍ ദേവന്മാരാണ്, ബാക്കിയുള്ളവരെല്ലാം മനുഷ്യര്‍" എന്ന് കരുണ തുളുമ്പുന്ന സ്വരത്തില്‍ പറഞ്ഞു. ഒരു കാല്‍ മണിക്കൂറോളം അവിടെ ഇരുന്ന ശേഷം ഗുരുദേവന്‍ തിരികെ പോയി. പിന്നീടു  പ്ലാറ്റ് ഫോറത്തില്‍ അദ്ധ്യക്ഷനും മറ്റു പ്രാസംഗികന്മാരും ഉപവിഷ്ടരാവുകയും ക്രമപ്രകാരം യോഗം നടക്കുകയും ചെയ്തു.

സത്യവ്രത സ്വാമികളുടെ അന്നത്തെ പ്രസംഗം ഏതൊരു പാമര ഹൃദയത്തിലും സ്വാമി സന്ദേശം കടന്നുചെല്ലുവാന്‍ പര്യാപ്തമായ ഒന്നായിരുന്നു. മി. കെ അയ്യപ്പന്‍, ബി. എ. ബാഹുലേയന്‍ എന്നിവരും പ്രസംഗിച്ചു. പുലയ യുവാക്കളില്‍ രണ്ടുപേര്‍ പ്രസംഗിച്ചു. അതില്‍ തേവന്‍ എന്ന  യുവാവിന്‍റെ  പ്രസംഗം ഭാഷാശുദ്ധിയില്ലെങ്കിലും സാരസമ്പൂര്‍ണ്ണവും ഫലിത സംമ്മിശ്രവുമായിരുന്നു. 5 മണിക്ക് യോഗം അവസാനിച്ചു. ഞങ്ങള്‍ തൃപാദങ്ങള്‍ വിശ്രമിക്കുന്ന സ്ഥലത്തേക്ക് പോയി. സ്വാമികള്‍ മി. അയ്യപ്പനുമായി ചെറായി വിജ്ഞാനവര്‍ദ്ധിനി യോഗത്തെ   ക്കുറിച്ചു സംസാരിച്ചു കൊണ്ടു  പതുക്കെ നടക്കുകയായിരുന്നു. കുറെ ദൂരം ഞങ്ങളും പിന്നാലെ നടന്നു. സന്ധ്യയ്ക്കു മുന്‍പായി ഞങ്ങള്‍ അവിടെ നിന്നു സ്വഗൃഹങ്ങളിലേക്ക് തിരിച്ചു.