Saturday, October 27, 2012

പേജ് 25 (ഗുരുദേവന്‍റെ നീലഗിരി സന്ദര്‍ശനം)

മൂന്നാറിലേക്ക് പോയതില്‍ പിന്നീട് വളരെക്കാലം ഗുരുദേവനെ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഒടുവില്‍ 1927 ഒക്ടോബറില്‍ ഞാന്‍ സംഗീത സ്വാമികളൊന്നിച്ചു ഊട്ടിയില്‍ താമസിക്കുമ്പോള്‍ തൃപ്പാദങ്ങള്‍ സപരിവാരം കോയമ്പത്തൂരില്‍ വരികയുണ്ടായി. ഈ വിവരം അറിഞ്ഞ ഉടനെ സംഗീത സ്വാമികള്‍ കോയമ്പത്തൂര്‍ക്കു പോയി. തൃപ്പാദങ്ങളെ നീലഗിരിക്കു കൊണ്ടുവരാമെന്നും അല്ലാത്തപക്ഷം എനിക്കും കോയമ്പത്തൂരില്‍ ചെന്ന് തൃപ്പാദങ്ങളെ സന്ദര്‍ശിക്കാമെന്നും പറഞ്ഞിട്ടാണ് സ്വാമികള്‍ പോയത്. പിന്നീട് നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൃപ്പാദങ്ങളും പരിവാരവും ഊട്ടിയില്‍ വന്നു.

 

കണ്ണൂര്‍ക്കാരനായ കച്ചവടക്കാരന്‍ മി. കുഞ്ഞിരാമന്റെ കെട്ടിടത്തിലായിരുന്നു തൃപ്പാദങ്ങള്‍ വിശ്രമിച്ചിരുന്നത്. പരിവാരങ്ങല്‍ക്കായി സമീപത്തു തന്നെ വേറൊരു കെട്ടിടവും ഏര്‍പ്പെടുത്തിയിരുന്നു. തൃപ്പാദങ്ങള്‍ വന്ന ഉടന്‍ തന്നെ ഞാന്‍ അങ്ങോട്ടു ചെന്നു. ഗുരുദേവന്‍ മുറിയില്‍ ഒരു കട്ടിലിന്മേല്‍ ഇരിക്കുകയായിരുന്നു. സംഗീതസ്വാമികള്‍ അടുത്തു തന്നെ നില്‍ക്കുന്നുണ്ട്. ഞാന്‍ മുറിയില്‍ കയറുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. തൃപ്പാദങ്ങളുടെ മുന്‍പില്‍ വീണു നമസ്കരിച്ചു എഴുന്നേറ്റു ഞാന്‍ ഒരു വശത്തേക്ക് മാറിനിന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഗുരുകുലത്തെ പറ്റിയും നടരാജന്‍ മാസ്റ്ററെ പറ്റിയും ഒക്കെ സംഗീത സ്വാമികളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ സംസാരം നിര്‍ത്തി വാത്സല്യപൂര്‍വ്വം എന്നെ നോക്കി. അപ്പോള്‍ സംഗീത സ്വാമികള്‍ ഞാന്‍ സ്വാമികളോടു കൂടി നില്‍ക്കുന്ന പയ്യനാണെന്നും, മുന്‍പ് ഗുരുകുലത്തില്‍ പഠിച്ചുകൊണ്ടിരുന്നെന്നും ഗുരുദേവനോടായി പറഞ്ഞു. സ്വാമികളുടെ കൈയ്യില്‍ നിന്നും ഒരു മധുര നാരങ്ങ വാങ്ങിച്ചു ഗുരുദേവന്‍ എനിക്ക് തന്നു. അതും പിടിച്ചു കുറെ നേരം കൂടി അവിടെ നിന്ന ശേഷം ഞാന്‍ വെളിയിലേക്ക് പോന്നു. പിന്നീട് പതിനൊന്നു ദിവസം മുഴുവന്‍ ഞാന്‍ തൃപ്പാദങ്ങളുടെയും പരിവാരങ്ങളുടെയും അടുക്കലായി  കഴിച്ചു കൂട്ടി.