മൂത്ത ജേഷ്ടന്റെയും മറ്റും വിവാഹം കഴിഞ്ഞതിനു ശേഷമാണ് എന്നെ എഴുത്തിനിരുത്തിയത്. അകത്തുട്ട് കൃഷ്ണന്‍ വൈദ്യന്‍ ആണ് എന്‍റെ ആദ്യ ഗുരുനാഥന്‍. അദ്ദേഹത്തിന്‍റെ വസതിയില്‍ - കളരിയില്‍ - ആണ് ഞങ്ങള്‍ പഠിക്കുവാന്‍ പോയിരുന്നത്. എന്റെയൊപ്പം എന്‍റെ നേരെ മൂത്ത രണ്ടു സഹോദരിമാരും പഠിക്കുവാന്‍ വന്നിരുന്നു. അവര്‍ മുകളിലത്തെ ക്ലാസ്സുകളില്‍ ആണ് പഠിച്ചിരുന്നത്.
ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ എല്ലാവരും സ്കൂളില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ മാസ്റ്ററും പിന്നീട് ഓരോരുത്തരായി കുട്ടികളും പുറത്തേക്കു പോകുവാന്‍ തുടങ്ങി. ഒടുവില്‍ ഞങ്ങള്‍ മൂന്നു നാലു കുട്ടികള്‍ മാത്രം ശേഷിച്ചു. അപ്പോഴാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സുഖമില്ലാതെ കിടപ്പിലായിരുന്ന എന്‍റെ പ്രിയ പിതാവ് മരിച്ചുപോയി എന്ന് ബാക്കിയുള്ളവര്‍ പറഞ്ഞത്. ഞാന്‍ നിലവിളിച്ചില്ല, എങ്കിലും എന്‍റെ മനസ്സില്‍ ചില വികാരങ്ങള്‍ ഉണ്ടായെന്നു ഞാനിപ്പോള്‍ ഓര്‍ക്കുന്നുണ്ട്. മരണം എന്താണെന്നോ മരിച്ച ആള്‍ക്ക് എന്തുസംഭവിക്കുമെന്നോ ഉള്ളതിനെപ്പറ്റി യാതൊരു വിവരവും ഇല്ലാതിരുന്ന ഞാന്‍ കരയാതിരുന്നതില്‍ അതിശയമില്ലല്ലോ... ഉടനെ ബാക്കിയുണ്ടായിരുന്ന കുട്ടികള്‍ എന്നെയും കൂട്ടി വീട്ടില്‍ വന്നു. ഞങ്ങള്‍ വീട്ടില്‍ എത്തി അധികം താമസിയാതെ കുറെ ആളുകള്‍ ഒരു കട്ടിലില്‍ അച്ഛന്‍റെ മൃത ശരീരവും താങ്ങിക്കൊണ്ട് പടികടന്നു അകത്തേക്കു വന്നു. ആ കാഴ്ച ഇപ്പോള്‍ ഓര്‍ക്കുന്ന മാത്രയില്‍ കണ്ണില്‍ ജലം നിറയുന്നു.. പിന്നീട് കുറെ മണിക്കൂറുകളോളം അവിടെ നടന്ന സംഭവങ്ങള്‍ ഇതില്‍ ചേര്‍ക്കുവാന്‍ വിചാരിക്കുന്നില്ല. അച്ഛന്‍റെ നിര്യാണത്തെപ്പറ്റി കറുപ്പന്‍ മാസ്റ്റര്‍ എഴുതിയ ചരമ പദ്യങ്ങളില്‍ ചിലത് എന്‍റെ ഓര്‍മയില്‍ ഉണ്ട്.