Thursday, December 15, 2011

പേജ് 8 (ദുശ്ശീലങ്ങള്‍ )

1917- ല്‍ മൂത്ത ജേഷ്ടന്റെയും സി.വി.കേശവന്‍ മുതല്‍ പേരുടെയും പരിശ്രമത്തില്‍ ശ്രീനാരായണ വിലാസം എന്ന ഒരു ഭജന ശാല സ്ഥാപിച്ചു. ഭജനശാല വകയായി ഒരു കെട്ടിടം ഇല്ലാതിരുന്നതിനാല്‍ കുറെനാള്‍ കഴിഞ്ഞപ്പോള്‍ മി.സി.വി.യുടെ വീടിന്റെ കിഴക്കുവശത്ത് (ഇപ്പോള്‍ ആ സ്ഥലത്ത് ജോര്‍ജ്ജു ബ്രണ്ടന്‍ വക വര്‍ക്ഷാപ്പാണ്) ഒരു ചെറിയ കെട്ടിടം പണി തീര്‍ത്തു. വൈപ്പുകാരുടെ പരിശ്രമം കണ്ടു തെക്കന്മാലിപ്പുറത്തുകാരും പിന്നീട് മുരിക്കും പാടത്തുകാരും ഓരോ ഭജന സംഘം സ്ഥാപിച്ചു. ഞങ്ങളുടെ ഭജന മഠത്തില്‍ ആഴ്ചതോറും വിദ്യാര്‍ത്ഥികളുടെ വകയായി ഓരോ ചെറിയ സാഹിത്യ സമാജം കൂടിയിരുന്നു. അതില്‍ ഞങ്ങളെല്ലാവരും ഉപന്യാസങ്ങള്‍ ഒക്കെ എഴുതി വായിക്കുമായിരുന്നു. അങ്ങനെ ഭജന മഠവും സാഹിത്യ സമാജവും ക്രമേണ അഭിവൃദ്ധിപ്പെട്ടു വന്നുവെങ്കിലും ഈഴവരുടെ ഇടയിലുണ്ടായിരുന്ന മത്സരം (ജാതിവഴക്ക്‌) നിമിത്തം അത് ക്ഷയിച്ചു ക്ഷയിച്ചു നാമാവശേഷമായി തീരുകയാണുണ്ടായത്‌. 

ഭജന മഠം ശരിയായി നടത്തിയിരുന്ന അവസരത്തില്‍ ഭജന കഴിഞ്ഞാല്‍ ഞങ്ങള്‍ കുറെ കുട്ടികള്‍ വീട്ടിലേക്കു മടങ്ങാതെ അവിടെത്തന്നെ കഴിച്ചുകൂട്ടും. ഇത് എന്നെ ദുര്‍ മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ തുടങ്ങി. വലിയ ആളുകളും എന്‍റെ തരക്കാരായ കുട്ടികളും ബീഡി വലിക്കുന്നതു കണ്ടിട്ട് എനിക്കും അതുപയോഗിക്കണമെന്നു ആശതോന്നി. ഒരിക്കല്‍ ഒരു ചങ്ങാതിയുടെ പ്രേരണയാല്‍ ഒന്ന് വലിക്കാന്‍ ഞാനും തീരുമാനിച്ചു. അതിന്റെ ഗന്ധവും ചുവയും എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ടില്ല. എന്നാല്‍ അത് വകവയ്ക്കാനില്ലെന്നും ക്രമേണ ശരിപ്പെടുമെന്നും കൂട്ടുകാര്‍ തട്ടിവിട്ടു. അങ്ങനെ ഞാന്‍ പുകവലിക്കാനും തുടങ്ങി. പുകവലിച്ചു വീട്ടില്‍ വന്നാല്‍ മറ്റുള്ളവര്‍ അറിഞ്ഞാലോ എന്ന് വിചാരിച്ചു വായും മുഖവും നല്ലവണ്ണം കഴുകിയതിനു ശേഷമേ വീട്ടില്‍ കയറുക പതിവുള്ളൂ. അതുപ്രകാരം എപ്പോഴെങ്കിലും പുകവലിക്കണമെന്ന് തോന്നിയാല്‍ പറമ്പിന്റെ വല്ല മൂലയിലോ മച്ചിന്‍പുറത്തോ പോയി വലിക്കുകയാണ്‌ പതിവുള്ളത്. ഈ ലൈനില്‍ സര്‍വീസു കിട്ടി വരും തോറും ആ വക നിബന്ധനകള്‍ സ്വല്പമായി കുറഞ്ഞു കുറഞ്ഞു ഒടുവില്‍ വീട്ടില്‍ എല്ലാവരും അറിയുകയും ചെയ്തു. ശാസനയും ശിക്ഷയും കുറെ കിട്ടിതുടങ്ങിയെങ്കിലും അത് എന്‍റെ ദുശീലത്തെ പറിച്ചെറിയാന്‍ പര്യാപ്തമായില്ല. ഒരു നേരത്തെ ഭക്ഷത്തെക്കാളും ഒരു ബീഡി എനിക്ക് പ്രിയതരമായിരുന്നു. അങ്ങനെ എനിക്ക് പതിനാറു വയസ്സ് കഴിഞ്ഞു. പുകവലി നിര്‍ത്തണമെന്ന വിചാരം എനിക്കുണ്ടായി. കുറെ ദിവസങ്ങള്‍ ഉപയോഗിക്കാതിരുന്നു എങ്കിലും പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ ഉപയോഗിക്കുകയാണ് ചെയ്തത്. ഒരു ദിവസം ഇത് തീരെ നിര്‍ത്തുവാന്‍ ഞാന്‍ തീരുമാനിച്ചു. കുറെ ദിവസം വലിയ വിഷമം തോന്നിയെങ്കിലും കുറച്ചു ദിവസം കൂടി അതേ വിധത്തില്‍ തന്നെ പിടിച്ചുനിന്നു. പിന്നീട് ആ വിഷമം അസഹ്യമായി തോന്നിയില്ല. ക്രമേണ ചുരുട്ടോ ബീഡിയോ വലിക്കുന്നതു എനിക്ക് തീരെ വെറുപ്പായി തോന്നി.

മറ്റൊരു ദുശീലം ചീട്ടുകളിയായിരുന്നു. അത് വളരെ ചെറുപ്പത്തില്‍ തന്നെ പഠിച്ചിരുന്നു. താഴ്ന്ന ക്ലാസ്സുകളില്‍ പഠിച്ചുകൊണ്ടിരുന്ന അവസരത്തില്‍ പള്ളിക്കൂടം വിട്ടു വന്നാല്‍ കൂട്ടുകാരെ തേടിപ്പിടിച്ചു ചീട്ടുകളിക്കുമായിരുന്നു. ക്രമേണ അതുവിട്ടു. സ്കൂളിലെ നിര്‍ബന്ധപ്രകാരം ഫുട്ബോള്‍, ബാഡ്മിന്ടന്‍ മുതലായ വ്യായാമകരമായ കളികള്‍ ശീലിച്ചതോടെ പിന്നീട് ചീട്ടുകളി ഇഷ്ടമല്ലാതെയായി.

ശൈശവത്തില്‍ മാത്രമല്ല ബാല്യത്തിലും കൌമാരത്തിലും കുട്ടികളുടെ ചര്യകളില്‍ രക്ഷിതാക്കളുടെ ശ്രദ്ധ പതിയേണ്ടതാണ്. എന്ത് കാരണവശാലും അവരെ മറ്റു വീടുകളില്‍ താമസിപ്പിക്കരുത്. ഇത് എന്‍റെ അനുഭവങ്ങളില്‍ നിന്നും ഞാന്‍ മനസിലാക്കിയതാണ്. കുട്ടികളെ ബോര്‍ഡിങ്ങുകളില്‍ ചേര്‍ക്കുന്ന പക്ഷം ആ ബോര്‍ഡിങ്ങിലെ നടത്തിപ്പിനെ കുറിച്ച് ശരിയായ അന്വേഷണം ചെയ്യേണ്ടതാണ്. ചില  ബോര്‍ഡിങ്ങുകളില്‍ കുട്ടികള്‍ ദുര്‍മാര്‍ഗികളായി  തീര്‍ന്നിട്ടുള്ളത് എനിക്ക് നേരിട്ട് അറിയുവാന്‍ ഇടവന്നിട്ടുണ്ട്.