Friday, December 16, 2011

പേജ് 9 (കോപ്പിയടി)

ഞാന്‍ രണ്ടാം ഫോറത്തില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ വിവരിക്കാമെന്നു കരുതുന്നു... ഒരു പരീക്ഷക്കാലം, മിക്ക പരീക്ഷകളും തീര്‍ന്നു. അവയെല്ലാം ഞാന്‍ ഒരു വിധം നന്നായി എഴുതിയിട്ടുണ്ടായിരുന്നു. ഭൂമിശാസ്ത്രത്തിന്റെ ദിവസമായിരുന്നു അന്ന്. ഞാന്‍ ഭൂമിശാസ്ത്രം നന്നായി പഠിച്ചിട്ടുണ്ടായിരുന്നില്ല, ഞാന്‍ പഠിക്കാത്തതും, പരീക്ഷയ്ക്ക് ഉണ്ടായേക്കാവുന്നതുമായ ഒരു ചെറിയ ഭാഗം സ്കൂളില്‍ പോകുന്ന വഴിക്ക് പഠിക്കാമെന്ന ഉദ്ദേശത്തോടുകൂടി ഒരു കഷ്ണം കടലാസില്‍ എഴുതി എടുത്തു. കടത്തു വഞ്ചിയില്‍ വച്ച് മൂന്നുനാലാവര്‍ത്തി വായിച്ചുവെങ്കിലും മനപാഠമായില്ല. സ്കൂളില്‍ എത്തി അധികം താമസിയാതെ മണിയും അടിച്ചു. ആ കടലാസുകഷ്ണം കളയാമെന്നു ആദ്യം കരുതി എങ്കിലും ആ ചോദ്യം വന്നാല്‍ നോക്കി എഴുതാമെന്ന ഉദ്ദേശത്തില്‍ ഞാന്‍ അത് മടക്കി കീശയിലിട്ടുകൊണ്ട് പരീക്ഷ സ്ഥലത്തു പോയി ഇരുന്നു. പരീക്ഷയ്ക്ക് കോപ്പി ചെയ്യുന്നതു  തെറ്റാണെന്നും അന്ജോ ആറോ മാര്‍ക്കിനു വേണ്ടി ചെയ്യുന്ന ആ കളവു കണ്ടുപിടിച്ചു പോയെങ്കില്‍ ആശിച്ചിരുന്ന മാര്‍ക്കുകള്‍ മാത്രമല്ല ആ വിഷയത്തില്‍ കിട്ടിയിരുന്ന മാര്‍ക്കുമുഴുവന്‍ നഷ്ടപ്പെട്ടു പോകുമെന്നും ചിലപ്പോള്‍ ആ വിഷയത്തില്‍ മാത്രമല്ല മറ്റുവിഷയങ്ങളിലും പരീക്ഷയെഴുതാന്‍ അനുവധിക്കാതിരിക്കുമെന്നും അങ്ങനെ ആ ക്ലാസ്സില്‍ തോറ്റുപോകാന്‍ ഇടയുണ്ടെന്നും അതുകൊണ്ട് ആരും കൊപ്പിയടിക്കരുതെന്നും മിക്ക ക്ലാസ്സുകളിലും അദ്ധ്യാപകര്‍ ഞങ്ങളോട് പറയാറുണ്ട്‌. അതെല്ലാം ശരിയെന്നു ഞാനും സമ്മതിക്കുന്നു.

ചോദ്യകടലാസു കിട്ടിയപ്പോള്‍ പ്രതീക്ഷിച്ച പോലെ ആ ചോദ്യവും ഉണ്ടായിരുന്നു.എനിക്കറിയാവുന്ന ഒന്നുരണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയശേഷം ചില കള്ളന്മാര്‍ മോഷണം ചെയ്യുന്നതിന് ആരംഭിക്കുന്ന അവസരത്തില്‍ നാലുപാടും നോക്കുന്നതു  പോലെ ഞാനും ചുറ്റുമൊന്നു നോക്കി. കീശയില്‍ നിന്നും ആ കടലാസെടുത്തു പതുക്കെ തുറന്നു കൈയ്യില്‍ പിടിച്ചുകൊണ്ട് എഴുതി തുടങ്ങി. അത് എഴുതി തീര്‍ന്ന ശേഷം അടുത്ത ചോദ്യത്തിനുത്തരം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മാസ്റ്റര്‍ വന്നു എന്റെ കൈവശമുണ്ടായിരുന്ന കടലാസുവാങ്ങി ഞാന്‍ എഴുതിയിരുന്ന ഉത്തര കടലാസുമായി ഒത്തുനോക്കിയ ശേഷം എന്നെയും വിളിച്ചു ഹെഡ്മാസ്റ്ററുടെ അടുക്കല്‍ കൊണ്ടുപോയി. ആയവസരത്തില്‍ എനിക്കുണ്ടായ ഭീതിയും പരിഭ്രമവും എത്രയെന്നു പറഞ്ഞറിയിക്കുവാന്‍ പ്രയാസം. എന്നെ ഇനി പരീക്ഷയ്ക്ക് ഇരുതുകയില്ലെന്നും ക്ലാസ്സില്‍ എന്നെ തോല്‍പ്പിച്ചു കളയുമെന്നും കഠിനമായ ശിക്ഷ ഞാന്‍ ഏല്‍ക്കേണ്ടി വരുമെന്നും വിചാരിച്ചു ഞാന്‍ വ്യസനിച്ചു.  ഹെഡ്മാസ്റ്റര്‍  എന്‍റെ ഉത്തരകടലാസ് വാങ്ങിയ ശേഷം എന്നോട് വീട്ടിലേക്കു പൊയ്ക്കോളാന്‍ പറഞ്ഞു. വളരെ ലജ്ജയോടും വ്യസനത്തോടും കൂടി മറ്റു വിദ്യാര്‍ത്ഥികള്‍ കാണെ ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങി. വിവരം അറിഞ്ഞ ഇളയ ജേഷ്ടന്‍ ആദ്യം കുറെ ശകാരിച്ച ശേഷം ഉച്ചതിരിച്ചു പതിവുപോലെ പരീക്ഷയ്ക്ക് ചെന്നിരിക്കുവാന്‍ പറഞ്ഞു. ഞാന്‍ അപ്രകാരം ചെയ്തു. എന്നെ ആരും പുറത്തയച്ചില്ല. പരീക്ഷ കഴിഞ്ഞു പതിനഞ്ചു ദിവസത്തേക്ക് സ്കൂള്‍ പൂട്ടി. സ്കൂള്‍ തുറന്നാല്‍ മാസ്റ്റര്‍ അതെപ്പറ്റി എന്നോട് ചോദിച്ചാലോ എന്ന വിചാരം എനിക്കുണ്ടായി, പക്ഷെ സ്കൂള്‍ തുറന്നിട്ട്‌ ആരും അതേപ്പറ്റി സംസാരിച്ചു കേട്ടില്ല. പിന്നീട് പരീക്ഷയ്ക്ക് ചിലര്‍ ബുക്കുനോക്കി എഴുതുന്നതും ആരും കണ്ടുപിടിക്കാതിരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഏതായാലും ആ സംഭവത്തിനു ശേഷം ഒരിക്കലും അപ്രകാരം സംഭവിക്കുവാന്‍ ഞാന്‍ ഇടയാക്കിയിട്ടില്ല. ഭൂമിശാസ്ത്രത്തില്‍ അന്നുഞാന്‍ തോറ്റു എന്ന് പറയേണ്ടതില്ലല്ലോ.. എങ്കിലും മറ്റു വിഷയങ്ങളിലെല്ലാം നല്ല മാര്‍ക്കുണ്ടായിരുന്നതിനാല്‍ ഞാന്‍ ആ ക്ലാസ്സില്‍ പാസ്സായി.