വിദ്യാഭ്യാസം മതിയാക്കി വീട്ടില്‍ ഇരുന്ന ഞാന്‍ ഒരു ജോലി അന്വേഷിച്ചു അന്ജെട്ടു മാസം കഴിച്ചുകൂട്ടിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ആ അവസരത്തില്‍ എന്റെ ഒരു ഉറ്റ സ്നേഹിതനായ മി. സി. ജി. വാസു, അദ്ദേഹത്തിന്‍റെ അച്ഛന്‍ ഗോവിന്ദന്‍ ബാലന്‍, മി.സി.വി. കേശവന്‍ മുതലായവരോടൊപ്പം മൂന്നാറില്‍ ജോലിചെയ്തു താമസിക്കുകയായിരുന്നു. വാസുവിന്‍റെ അഭിപ്രായ പ്രകാരം ഞാനും മൂന്നാറില്‍ പോകാന്‍ തീര്‍ച്ചയാക്കി. വീട്ടില്‍ എല്ലാവരുടെയും അനുവാദപ്രകാരം 1925 ഏപ്രില്‍ മാസത്തില്‍ അയ്യപ്പന്‍ എന്ന വേറൊരാളും ഞാനും കൂടി മൂന്നാറിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് മുന്‍പായി ബസ്സു വഴി പെരുമ്പാവൂര്‍ എത്തി. ഞങ്ങള്‍ ഇരുവരും ഭക്ഷണം കഴിച്ചു സ്വല്പം വിശ്രമിച്ച ശേഷം കാളവണ്ടി പിടിച്ചു കോതമംഗലത്തേക്ക് പുറപ്പെട്ടു. സന്ധ്യക്ക് മുന്‍പായി ഞങ്ങള്‍ കോതമംഗലത്തെത്തി. അന്ന് രാത്രി അവിടെ താമസിച്ച ശേഷം പിറ്റേ ദിവസം കാല്‍നടയായി മൂന്നാറിലേക്ക് പുറപ്പെടുവാന്‍ യാത്ര തുടര്‍ന്നു. ആ അവസരത്തില്‍ ചങ്ങനാശ്ശേരിക്കാരായ രണ്ടു പേരും കൂടി ഞങ്ങളോടോരുമിച്ചു. അങ്ങനെ ഞങ്ങള്‍ നാല് പേരും കൂടി പുറപ്പെട്ടു.
പത്തുമണിയായപ്പോള്‍ തട്ടേക്കാട് എന്ന സ്ഥലത്തെത്തി. അവിടെ ഒരു ആറ് കടക്കേണ്ടതുണ്ടായിരുന്നു. ആറ്റിനക്കരെ എത്തിയപ്പോള്‍ മാത്രമാണ് ഞങ്ങളുടെ ശേഷമുള്ള യാത്ര വനങ്ങളിലും മലകളിലും കൂടിയാണെന്ന് മനസിലായത്. കാടും മലകളും ഞാന്‍ ആദ്യമായി കാണുന്നത് അന്നാണ്. അതുകൊണ്ട് ആദ്യമാദ്യം യാത്ര എനിക്ക് വളരെ കൌതുകകരമായി തോന്നി. എന്നാല്‍ രണ്ടു മൂന്നു മണിക്കൂര്‍ നടന്നപ്പോള്‍ വെയിലിന്റെ കാഠിന്യം കൊണ്ടും മല കയറാനുള്ള വിഷമം കൊണ്ടും ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടു. 1924 ലെ വെള്ളപ്പൊക്കം മൂലം അവിടുത്തെ റോഡുകള്‍ എല്ലാം പോയ്‌പ്പോയതിനാല്‍ ഞങ്ങളുടെ ബുദ്ധിമുട്ടു കുറെക്കൂടി വര്‍ദ്ധിച്ചു. ഏകദേശം ഒരുമണി കഴിഞ്ഞപ്പോള്‍ ഒന്ന് രണ്ടു ചെറിയ കടകള്‍ വഴിയരുകില്‍ കണ്ടു. അവിടെ കയറി ദാഹം ശമിപ്പിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ഏകദേശം ആറുമണിയോടുകൂടി 'പിണ്ടിമേട് ' എന്ന സ്ഥലത്തെത്തി. അവിടെ തീപ്പെട്ടി കമ്പനിയുടെ ഒരു ശാഖ ഉണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടുകാര്‍ക്ക് അവിടെ പരിചയക്കാരുണ്ടായിരുന്നതിനാല്‍ അന്ന് രാത്രി ഞങ്ങള്‍ അവരോടോന്നിച്ചു താമസിച്ചു. പിറ്റേന്ന് രാവിലെ എന്തോ ചില ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ ഇരുവരും മൂന്നാം ദിവസത്തെ യാത്ര തുടര്‍ന്നു. ഞങ്ങളുടെ തലേന്നാളത്തെ കൂട്ടുകാര്‍ തീപ്പട്ടി കമ്പനിയില്‍ വന്നവരാകയാല്‍ അവര്‍ അവിടെ തന്നെ തങ്ങി. ഞങ്ങള്‍ പിന്നെയും മൂന്നുമൈല്‍ നടന്നപ്പോള്‍ കഞ്ചിയാര്‍ എന്ന സ്ഥലത്ത് വച്ച് വഴി പരിചയമുള്ള ഒരു കൂട്ടുകാരനെ കിട്ടി. അന്ന് ഉച്ചയായപ്പോള്‍ പെരുബാംകുന്ന് എന്ന സ്ഥലത്തെത്തി. അവിടുന്ന് കാപ്പി കഴിച്ചു സ്വല്‍പ്പം വിശ്രമിച്ച ശേഷം യാത്ര തുടര്‍ന്നു. കുറെ ദൂരം പോയപ്പോള്‍ എനിക്ക് നടക്കാനുള്ള ബുദ്ധിമുട്ട് അധികരിച്ചു. തലേ ദിവസത്തെ നടപ്പുകൊണ്ടും വിശക്കുമ്പോള്‍ ആഹാരം കഴിക്കാന്‍ സാധിക്കാത്തതുകൊണ്ടും ഞാന്‍ വല്ലാതെ വലഞ്ഞു. പിന്നെയും കുറെ ദൂരം നടന്നു ഞങ്ങള്‍ നാലഞ്ചു മെയില്‍ ദൂരമെത്തി. കൈവശം പണമുണ്ടെങ്കിലും ആ കാട്ടില്‍ എവിടുന്നു ഭക്ഷണം കിട്ടാന്‍! വളരെ ദൂരം പോയാലേ വല്ല ഉണക്ക കടകളെങ്കിലും കാണുകയുള്ളൂ.. ദാഹത്തിനു ശുദ്ധജലം പോലും കിട്ടാതെയായി. ചില സ്ഥലത്ത് പാതയരികില്‍ കൂടി ജലം ഒഴുകുന്നുണ്ടെങ്കിലും അത് കുടിച്ചാല്‍ മലമ്പനി പിടിക്കുമെന്ന് അനുഭവസ്ഥര്‍ പലരും പറഞ്ഞിരുന്നതിനാല്‍ ആദ്യം കുടിച്ചില്ല. പക്ഷെ പിന്നീട് കുറെ ദൂരം ചെന്നപ്പോള്‍ ദാഹം അസഹ്യമായി. ഒരടി മുന്നോട്ടു വയ്ക്കാന്‍ വയ്യാത്ത നിലയിലായപ്പോള്‍ വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങള്‍ വയറു നിറയെ ആ ജലം കുടിച്ചു തൃപ്തിപ്പെട്ടു. വഴിയരുകിലുള്ള വൃക്ഷങ്ങളില്‍ കാട്ടു കുരങ്ങുകളും, കുറുക്കന്‍, കാട്ടാടുകള്‍ മുതലായ വന്യ മൃഗങ്ങളും സ്വച്ഛന്ദം വിഹരിക്കുന്നത് ഞങ്ങള്‍ കണ്ടു. സ്വല്പം അകലെയായി കാട്ടാനകള്‍ ഈറ്റക്കൂട്ടം ഓടിക്കുന്ന ശബ്ദം കേട്ടു പേടിച്ച് ഞങ്ങള്‍ വളരെ വേഗത്തില്‍ അവിടം വിട്ടു. ഓരോ ഫെര്‍ലോങ്ങ് കുറ്റിയും മൈല്‍ക്കുറ്റിയും എണ്ണിയെണ്ണി ഞങ്ങള്‍ ആറാം മൈലിലുള്ള ഒരു സത്രത്തില്‍ എത്തി. അപ്പൊ സമയം അന്ജുമണി ആയിരുന്നു. അവിടെനിന്നും മൂന്നാറിലേക്ക് ആറുമെയില്‍ മാത്രമേ ഉള്ളൂ. അന്നുതന്നെ നടന്നു മൂന്നാറിലെത്താമെന്നു മറ്റുള്ളവര്‍ പറഞ്ഞെങ്കിലും എന്റെ വൈഷമ്യം കൊണ്ട് അന്ന് രാത്രി അവിടെ താമസിക്കുവാന്‍ തീര്‍ച്ചയാക്കി.
ഞങ്ങള്‍ പെരുമ്പങ്കുത്തില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നിരുന്ന കുറെ അരി എന്‍റെ കൂട്ടുകാരന്‍ പാചകം ചെയ്തു. അതിനാവശ്യമായ ഒന്ന് രണ്ടു പാത്രങ്ങള്‍ സത്രത്തില്‍ ഉണ്ടായിരുന്നവര്‍ തന്നു. അന്ന് ആ ചെറിയ സത്രത്തില്‍ പത്തിരുപതു യാത്രക്കാര്‍ ഉണ്ടായിരുന്നു. സത്രത്തിനടുത്തുള്ള ഒരു ചെറിയ വൈക്കോല്‍ ഷെഡില്‍ ആയിരുന്നു ഞങ്ങളുടെ പാചകമുറിയും ശയന മുറിയും. കുറെ പുളിയും ഉപ്പും മുളകും ചേര്‍ത്ത് അരച്ച ചട്ണി ആയിരുന്നു ചോറിനു കറി. അത് കൂട്ടി ഞങ്ങള്‍ അത്താഴം സുഖമായി കഴിച്ചു. ഒരു പഴയ പായയായിരുന്നു ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി കിട്ടിയത്, പക്ഷെ ആ അനന്തശയനം ഞങ്ങള്‍ക്ക് വളരെ സുഖകരമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ അന്ന് രാത്രി കഴിച്ചതുപോലെ രുചികരമായ ഭക്ഷണവും ആ രാത്രിയിലെ പോലെ സുഖനിദ്രയും എന്‍റെ ജീവിതത്തില്‍ ഇതേ വരെ എനിക്ക് ലഭിച്ചിട്ടില്ല. "സുഖം" ഏതെങ്കിലും ഒരു പദാര്‍ത്ഥത്തില്‍ നിന്നല്ല കിട്ടുന്നത് അത് നാം തന്നെ ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന് എനിക്കനുഭവപ്പെട്ടു. അതുകൊണ്ട് ഒരാളുടെ സുഖത്തിനും ദുഃഖത്തിനും അയാള്‍ തന്നെയാണ് കാരണഭൂദന്‍.