പിറ്റേ ദിവസം കാലത്ത് ഒന്‍പതു മണിക്ക് മുന്‍പായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ദൂരം കുറഞ്ഞു കുറഞ്ഞു വരും തോറും ഞങ്ങളുടെ ക്ഷീണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ഉദ്ദേശം പതിനൊന്നു മണിയോടെ ഞങ്ങള്‍ മൂന്നാറിലെത്തി. ഞങ്ങള്‍ക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ ഒരു വലിയ പട്ടണമായിരുന്നില്ല മൂന്നാര്‍. ഇപ്പോള്‍ (പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു.) മൂന്നാര്‍ അന്നത്തെക്കാളും അഭിവൃദ്ധിപ്പെട്ടിരിക്കുന്നു.
"ഹല്ലോ മിസ്റ്റര്‍" എന്ന് സുപരിചിതമായ ഒരു ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മി. വാസു എന്‍റെ പിന്നില്‍ നില്‍ക്കുന്നതാണ് കണ്ടത്. അല്പം കഴിഞ്ഞപ്പോള്‍ മി. സി.വി.കേശവനെയുംകണ്ടു. ഞങ്ങളെല്ലാവരും അവരുടെ വസതിയില്‍ പോയി ഭക്ഷണവും മറ്റും കഴിഞ്ഞു വിശ്രമിച്ചു. തലേദിവസം മുതല്‍ ഞങ്ങള്‍ക്ക് തണുപ്പു തോന്നുവാന്‍ തുടങ്ങിയിരുന്നു. ക്രമേണ ആ സ്ഥലത്തെ ശീതോഷ്ണ സ്ഥിതി മറ്റുള്ളവര്‍ക്കെന്ന പോലെ ഞങ്ങള്‍ക്കും ഹിതകരമായി.
ഞാന്‍ മൂന്നാറില്‍ ജോലി അന്വേഷിച്ചു കൊണ്ട് കേശവന്‍ ജേഷ്ടന്റെയും വാസുവിന്‍റെയും വീടുകളില്‍ മാറി മാറി താമസിച്ചുകൊണ്ടിരുന്നു. മേയ് മാസം ഒന്നാം തിയ്യതി ഒരു കോണ്‍ട്രാക്ടറുടെക്ലാര്‍ക്കായി എന്നെ നിയമിച്ചു. കോണ്‍ട്രാക്ടര്‍ ഒരു നിരക്ഷരനും മദ്യപാനിയും എന്നാല്‍ ആദ്യമൊക്കെഔദാര്യമുള്ളവനും ദയയുള്ളവനുമായിരുന്നു. പിന്നീട് ധനം വദ്ധിക്കും തോറും അയാളുടെ ഗര്‍വവും വര്‍ദ്ധിച്ചു കൊണ്ടിരുന്നു. ഒപ്പം ഔദാര്യവും ദയയും ഒക്കെ താനേ കുറഞ്ഞും വന്നു. ഡിസംബര്‍ മാസം വരെ അയാളുടെ കൂടെ പ്രവൃത്തിയെടുത്തു. ഇതിനിടയില്‍ ചില അവസരങ്ങളില്‍ അയാള്‍ എന്നെ വളരെയധികം ആക്ഷേപിക്കുകയും ചീത്ത പറയുകയും മറ്റു ചില അവസരങ്ങളില്‍ നല്ല വാക്കുകള്‍ പറയുകയുംശമ്പളത്തിനു പുറമേ എന്തെങ്കിലും തരികയുംചെയ്തിരുന്നു. അയാളുടെ അടുക്കല്‍ ജോലിചെയ്യുന്നത് എനിക്കിഷ്ടമുണ്ടായിരുന്നില്ല എങ്കിലുംമറ്റൊന്നും ലഭ്യമാകാത്തതിനാല്‍ കുറച്ചു നാള്‍ അത് തന്നെ തുടരുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി.