Wednesday, December 21, 2011

പേജ് 12 (കൊട്ടഗിരിയിലെക്കുള്ള യാത്ര.)

മൂന്നാറില്‍ ജോലി അന്വേഷിച്ചുകൊണ്ടു താമസിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. പ്രവൃത്തി ഇല്ലാതിരിക്കുന്ന അവസരത്തില്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് ഒരു ശല്യമായി തീരുമല്ലോ എന്നുള്ള വിചാരമാണ് പ്രധാനമായി എന്നെ അതില്‍ നിന്നും വിരമിപ്പിച്ചത്. തിരുവല്ലാക്കാരന്‍ വേലുപിള്ള എന്നൊരാള്‍ എനിക്ക് പരിചയക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിനു കൊട്ടഗിരിയില്‍ ഒരു പരിചയക്കാരന്‍ ഉണ്ടെന്നും അവിടെ ചെന്നാല്‍ എന്തെങ്കിലും ജോലി കിട്ടുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ ക്രിസ്തുമസ് കഴിഞ്ഞ ഉടനെ ഞങ്ങള്‍ മൂന്നാര്‍ വിട്ടു.

പുറപ്പെടുമ്പോള്‍ എന്റെ കൈവശം 20ക. ഉണ്ടായിരുന്നു. ഞങ്ങളിരുവരും കോതമംഗലം വഴി ആലുവായ്ക്കു തിരിച്ചു. പുറപ്പെട്ടതിന്റെ നാലാം നാള്‍ വൈകുന്നേരം ഞങ്ങള്‍ ആലുവയില്‍ എത്തി.  മൂന്നാറിലേക്ക് പോയ അനുഭവം മടക്കത്തിലും ഉണ്ടായി എന്നു തന്നെ പറയാം. ആലുവയില്‍ നിന്നും പിറ്റേന്ന് രാവിലെ വടക്കോട്ട്‌ പുറപ്പെട്ടു. തീവണ്ടിയില്‍ ഞാന്‍ ആദ്യമായി ദൂര യാത്ര ചെയ്യുന്നത് അന്നാണ്. (അതിനു മുന്‍പ് ഒന്ന് രണ്ടു തവണ എറണാകുളത്ത് നിന്നും ആലുവായ്ക്കു പോയിട്ടുണ്ട്. 1913- ലാണ് ആദ്യമായി തീവണ്ടി കാണുന്നതും കയറുന്നതും. അന്ന് തീവണ്ടി എത്ര കൌതുകകരമായാണ് എനിക്ക് തോന്നിയത്!) ഉദ്ദേശം രണ്ടു മണിക്ക് ഞങ്ങള്‍ കോയമ്പത്തൂരില്‍ എത്തി. അവിടെ നിന്നും അപ്പോള്‍ മെട്ടുപ്പാളയത്തേക്ക് വണ്ടിയില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ കോയമ്പത്തൂര്‍ പട്ടണം ഒന്ന് ചുറ്റി കണ്ടു. അഞ്ചു മണിയോട് കൂടി മേട്ടുപ്പാളയത്തേക്ക് വണ്ടി കിട്ടി. അവിടെ നിന്നും പിറ്റേ ദിവസം പ്രഭാതത്തില്‍ നീലഗിരിക്കു പുറപ്പെടുന്ന വണ്ടിയില്‍ കയറി. ഉച്ചയ്ക്ക് മുന്‍പായി ഞങ്ങള്‍ ഊട്ടിയില്‍ എത്തി.

നീലഗിരിയുടെ തലസ്ഥാന പട്ടണമായ ഊട്ടിയുടെ മനോഹാരിത കണ്ടു സന്തോഷിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഊട്ടിയില്‍ ചെന്നിട്ടാണ് ഞങ്ങള്‍ കൊട്ടഗിരിക്കുള്ള വഴി അന്വേഷിച്ചത്. ഊട്ടിയില്‍ നിന്നും കോട്ട ഗിരിക്ക് നേരെ വഴിയില്ലെന്നും കുന്നൂരിലേക്ക് മടങ്ങി ചെന്നിട്ടു വേണ്ടം കൊട്ടഗിരിക്കു പോകാനെന്നും ഞങ്ങള്‍ അപ്പോളെ അറിഞ്ഞുള്ളൂ.. ഞങ്ങളുടെ പണം മുക്കാല്‍ ഭാഗവും തീര്‍ന്നു. ഉച്ചയ്ക്ക് കുറച്ചു ലഘു ഭക്ഷണവും കഴിച്ചു ഞങ്ങള്‍ കുന്നൂര്‍ക്ക് മടങ്ങി. അന്ന് രാത്രി ഒരു ഹോട്ടലില്‍ താമസിച്ചു. അവിടെ ഒരാള്‍ക്ക്‌ ഊണ് കഴിക്കുന്നതിനു 6 അണയാണ് നിരക്ക്. പിറ്റേ ദിവസം കാലത്ത് കാപ്പി കുടി കഴിഞ്ഞു ഞങ്ങള്‍ കൊട്ടഗിരിക്കു പുറപ്പെട്ടു. ധനദൌര്‍ലഭ്യം മൂലം കാല്‍നടയായിട്ടായിരുന്നു പുറപ്പെട്ടത്‌. ഏകദേശം നാല് മണിയോടെ വിശന്നും ക്ഷീണിച്ചും ഞങ്ങള്‍ കൊട്ടഗിരിയില്‍ എത്തി.