Thursday, December 22, 2011

പേജ് 14 (ജോലി അന്വേഷണം തുടരുന്നു)

അതിരാവിലെ കുനൂരില്‍ നിന്നും പുറപ്പെട്ട തീവണ്ടിയുടെ ചൂളം വിളി കേട്ട് ഞാന്‍ ഉറക്കമുണര്‍ന്നു. കാപ്പി കുടി കഴിഞ്ഞശേഷം കമ്പിയാപ്പീസില്‍ പോയി വേലുപ്പിള്ള പറഞ്ഞ പ്രകാരം  മാട്ടുപെട്ട ഗോപാല പിള്ളയ്ക്ക് കമ്പി അയച്ച മണിയോഡറിനായി  കാത്തിരുന്നു. എന്റെ കൈവശം ഉണ്ടായിരുന്ന ബാക്കി ഒരു റുപ്പിക കൊണ്ട് ഞാന്‍ മൂന്നു ദിവസം കഴിച്ചു. ഈ ദിവസങ്ങളില്‍ പകല്‍ സമയം മുഴുവന്‍ ജോലിക്കായി അലഞ്ഞു നടന്നു. സന്ധ്യക്ക്‌ മാത്രം ഹോട്ടലില്‍ വന്നു ഊണ് കഴിക്കും. കീഴ് പ്രദേശങ്ങളിലെ പോലെ ശൈത്യ പ്രദേശങ്ങളില്‍ പച്ചവെള്ളത്തില്‍ കുളിക്കാന്‍ നിവര്‍ത്തിയില്ല. എനിക്ക് വെള്ളം ചൂടാക്കി കിട്ടാനും വഴിയില്ല. അതുകൊണ്ട് കുളിയും ബുദ്ധിമുട്ടിലായി. ഒരു ദിവസം നല്ല വെയിലുള്ളപ്പോള്‍ ഞാന്‍ ആറ്റില്‍ ചെന്ന് വസ്ത്രങ്ങള്‍ തിരുമി കുളിച്ചു. 

ഈ ദിവസത്തിനുള്ളില്‍ കുനൂരിലുള്ള ചില മലയാളികളെയും രണ്ടുമൂന്നു തമിഴന്മാരെയും എനിക്ക് പരിചയമായി. അവരെല്ലാം എന്റെ സ്ഥിതിയില്‍ അനുശോചിച്ചു. ഒരു മലയാളി സഹോദരന്‍ ഒരു പ്രാവശ്യം ആ ഹോട്ടലില്‍ നിന്നും കാപ്പി പലഹാരങ്ങള്‍ വാങ്ങി തന്ന ശേഷം എനിക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ അദ്ദേഹത്തിന്‍റെ കണക്കില്‍ തരുവാന്‍ ഹോട്ടല്‍ കാരനെ ഏല്‍പ്പിച്ചുവെങ്കിലും പിന്നീടൊരിക്കലും ആ അനുകമ്പശാലിയെ ബുദ്ധിമുട്ടിക്കാന്‍ എനിക്ക് മനസുവന്നില്ല. 

കൊച്ചിയില്‍ ഉള്ളതുപോലെ വലിയ കമ്പനിയൊന്നും ആ ദേശത്തില്ല. അവിടെ മിക്ക സ്ഥലങ്ങളിലും പ്രവര്‍ത്തി അന്വേഷിച്ചു കിട്ടാതായപ്പോള്‍ ഞാന്‍ ഒരു തയ്യല്‍ കടയില്‍ ചെന്ന് ഒരു ജോലി ആവശ്യപ്പെട്ടു. ഉടമസ്ഥന്‍  തയ്ക്കാനായി വെട്ടിയ ഒരു ഷര്‍ട്ട്‌ എനിക്ക് തന്നു. ഞാന്‍ വേഗം സിങ്കര്‍ മിഷീന്റെ അടുക്കല്‍  പോയിരുന്നു തയ്ക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ കൈയ്യില്‍ നോക്കി എനിക്ക് തയിക്കുവാന്‍ നല്ല പരിചയമില്ലെന്ന് അഭിപ്രായപ്പെട്ടു. പിന്നീട് രണ്ടണ എടുത്തു തന്നിട്ട് പോയ്ക്കോളുവാന്‍ പറഞ്ഞു. 

കുനൂര്‍ സ്പെന്‍സര്‍ ആന്‍ഡ്‌ കമ്പനിയിലേക്കും അരവന്‍കാട്  കോര്‍ഡൈറ്റ് ഫാക്റ്ററിയിലേക്കും പോകുന്ന ഓരോ മലയാളി ക്ലാര്‍ക്കുമ്മാരെ എനിക്ക് പരിചയമായിരുന്നു. അവര്‍ക്ക് എന്നില്‍ കൂടുതല്‍ സഹതാപം ഉണ്ടായിരുന്നു. എനിക്ക് ടൈപ്പ്റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്‍ഡ്, ബൂക്കീപ്പിംഗ് മുതലായ വിഷയങ്ങള്‍ അറിയാമോ എന്ന് ചോദിച്ചു. ഇതില്‍ യാതൊന്നും അറിയില്ല എന്ന വാസ്തവം ഞാന്‍ അവരെ അറിയിച്ചു. എന്നാല്‍ എനിക്ക് പ്രവര്‍ത്തി കിട്ടുവാന്‍ വളരെ വിഷമമുണ്ട് എന്നവര്‍ അഭിപ്രായപ്പെട്ടു.  

ഈ അഭിപ്രായം തെറ്റല്ലന്നു എനിക്കറിയാം. ആ വിഷയങ്ങള്‍ ഒരു ക്ലാര്‍ക്ക് അറിഞ്ഞിരിക്കേണ്ടതാണ്. അതറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നീലഗിരിക്ക്  വരുകയോ ഈ വിധം കഷ്ടപ്പെടുകയോ ചെയ്യേണ്ടി വരില്ലായിരുന്നു. കൊച്ചിയില്‍ തന്നെയോ അല്ലെങ്കില്‍ മൂന്നാറിലോ എനിക്ക് തീര്‍ച്ചയായും തക്കതായ ജോലി കിട്ടുമായിരുന്നു. (പിന്നീട് ഇവ ശീലമാക്കാന്‍ കുറെ കൊല്ലങ്ങള്‍ വേണ്ടിവന്നു. ഷോര്‍ട്ട് ഹാന്‍ഡില്‍ ഇതുവരെ നേരായ പരിശീലനം കിട്ടിയില്ലെന്ന് വേണം പറയാന്‍.)