Thursday, December 22, 2011

പേജ് 15 (ദുഷ് ചിന്ത)

അവിടെയുള്ള ആറ്റിന്‍കരയില്‍ പോയി, ഒരു കല്ലിന്മേല്‍ ഇരുന്നുകൊണ്ട് ഞാന്‍ ഇപ്രകാരം ചിന്തിക്കുവാന്‍ തുടങ്ങി. 'മാട്ടുപ്പെട്ടിയിലേക്ക് കമ്പി അടിച്ചിട്ട് മറുപടിയോ പണമോ വന്നു ചേര്‍ന്നില്ല. കേശവന്‍ ജേഷ്ടന് പണത്തിനായി ഒരു എഴുത്തയച്ചാലോ, അല്ലെങ്കില്‍ വേണ്ട, അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ടാല്‍ തരുമെങ്കിലും ഇനിയും  ബുദ്ധിമുട്ടിക്കേണ്ട, ഞാന്‍ നീലഗിരിക്ക് വരുന്നു എന്ന് അദ്ദേഹത്തെ അറിയിച്ചില്ലല്ലോ. വെലുപിള്ളയ്ക്ക് കൊട്ടഗിരിയില്‍ എത്തുവാന്‍ പണമില്ലാത്തതിനാല്‍ എന്നെ കൂട്ട് പിടിച്ചതാകുമോ, അയാള്‍ എന്നെപ്പറ്റി  ഇപ്പോള്‍ അന്വേഷിക്കുന്നു കൂടിയില്ലല്ലോ.. അല്ലെങ്കില്‍ ഞാന്‍ എന്തിനു മറ്റുള്ളവരെ പഴിക്കണം, ശരിയായ പരിചയവും വിശ്വാസവും ഇല്ലാത്ത ആളുടെ കൂടെ പുറപ്പെട്ടതു തന്നെ ശരിയായില്ല. കൂടെ ഉന്നം നോക്കാതെ വെടി വയ്ക്കുന്ന ആളെ പോലെ യാതൊരു ഉദ്ദേശവും ഇല്ലാതെ ഒരന്യന്റെ വാക്കില്‍ വിശ്വസിച്ചു. അയാളെ കൂട്ടി പരിചയമില്ലാത്ത ദേശത്ത് വന്നിട്ട് ഇതില്‍ വലുതായ ഒരാപത്താണ് വന്നതെങ്കിലോ.. എന്റെ കഷ്ടകാലത്തിനാണ് ഞാന്‍ നീലഗിരിയില്‍ വന്നത്. ഞാന്‍ ഈ നിലയില്‍ ജീവിച്ചിട്ട് എന്താണൊരു കാര്യം? വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ, അന്യര്‍ക്കോ, എനിക്ക് തന്നെയോ യാതൊരു ഉപകാരവും ഞാന്‍ മൂലം ഇല്ലല്ലോ.. മാത്രമല്ല എന്നെക്കൊണ്ടു മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടും ഭാരവും ആയിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. കൈവശമുള്ള പണം തീര്‍ന്നിട്ട് മൂന്നുനാല് ദിവസമായി. ആ കാണുന്ന കുന്നിനു മുകളിലുള്ള മരങ്ങളില്‍ ഒന്നില്‍ ചെന്ന് എന്റെ സകല ദുഖങ്ങളും അവസാനിപ്പിച്ചാലെന്താ.. ആത്മഹത്യ പാപമാണെന്നു പറയുന്നവര്‍ ഇതുപോലെ കഷ്ടത അനുഭവിക്കാഞ്ഞിട്ടാണ്.' 

എന്റെ വിചാരം ഈ നിലയില്‍ എത്തിയപ്പോള്‍ തീവണ്ടിയുടെ ചൂളം വിളി എന്റെ ചിന്തയ്ക്ക് വിരാമമിട്ടു. തീവണ്ടികളുടെയും, മോട്ടോര്‍ വണ്ടികളുടെയും, ജനങ്ങളുടെയും ആരവം  മനോരാജ്യത്തിലായിരുന്നതിനാല്‍ കേള്‍ക്കാതിരുന്നത്‌ ഞാന്‍ മനസിലാക്കി. ഉടനെ എന്റെ മനസ് ഇപ്രകാരം എനിക്ക് സമാധാനം നല്‍കി. 

'ഇത്ര ബഹളമുള്ള ഈ പട്ടണത്തില്‍ കലക്ടര്‍ ഉദ്യോഗം മുതല്‍ തോട്ടിപണി വരെയുള്ള വിവിധ പ്രവര്‍ത്തികള്‍ ചെയ്തു ജനങ്ങള്‍ സുഖമായി ജീവിക്കുന്നു. എനിക്കൊരാള്‍ക്ക് മാത്രം ജോലിയെടുത്തു ജീവിക്കുവാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ക്ക് ധീര ധീരം പോരാടിയ വീര സന്താനങ്ങള്‍ ഈ പുണ്യ ഭൂമിയിലുണ്ട്. അവരുടെയെല്ലാം ജീവിതം എനിക്ക് ആശയും ആശ്വാസവും നല്‍കുന്നില്ലേ.. ഞാന്‍ മരിക്കണമെങ്കില്‍ എന്തുകൊണ്ട് ഒരു നല്ല കാര്യത്തിനു വേണ്ടി മരിച്ചുകൂടാ..' 

ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു പട്ടണത്തിലേക്ക് നടന്നു. മനസ് എനിക്ക് ധൈര്യം നല്‍കിയെങ്കിലും വയറു അത് നല്‍കിയില്ല. ഞാന്‍ ഒരു ചെറിയ ചായക്കടയില്‍ ചെന്നു. ആ അവസരങ്ങളില്‍ തമിഴ് സംസാരിക്കാന്‍ നല്ല വശമില്ലാതിരുന്നതിനാല്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആണ് സംസാരിച്ചിരുന്നത്. ആ ചായക്കടക്കാരന്‍ ഇംഗ്ലീഷ് അറിയാവുന്ന ഒരു യുവാവായിരുന്നു. അദ്ദേഹത്തിനു ഏതോ ഒരു കമ്പനിയില്‍ ക്ലാര്‍ക്ക് ജോലി ഉണ്ടായിരുന്നു. എന്റെ അപേക്ഷ പ്രകാരം അദ്ദേഹം എന്നെ ആ കടയില്‍ ഒരു വേലക്കാരനായി എടുത്തു. ഞങ്ങള്‍ രണ്ടു പേരെ അവിടെ ജോലിക്കാരായി ഉണ്ടായിരുന്നുള്ളൂ.. എന്റെ സ്ഥിതിഗതികള്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് സഹതപിക്കുകയും കൂടുതല്‍ മമത കാണിക്കുകയും ചെയ്തു. എനിക്കവിടെ ബുദ്ധിമുട്ടുള്ള യാതൊരു ജോലിയും ചെയ്യേണ്ടി വന്നില്ല. വേണ്ടിവന്നാല്‍ എന്ത് ജോലിയും ചെയ്യാന്‍ ഞാന്‍ സന്നദ്ധനായിരുന്നു. നീന്തലറിയാതെ ജലാശയത്തില്‍ അകപ്പെട്ടുപോയ ഒരാള്‍ക്ക്‌ മരക്കഷണം കിട്ടിയാലുണ്ടാകുന്നതു പോലെയുള്ള സന്തോഷത്തോടു കൂടി മൂന്നു ദിവസം ഞാന്‍ ആ കടയില്‍ താമസിച്ചു.